പൊലീസ് മെഡൽ നിർമിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം; ഗുരുതര പിഴവെന്നും അന്വേഷണ റിപ്പോർട്ട്
Mail This Article
തിരുവനന്തപുരം∙ പൊലീസ് മെഡലില്‍ അക്ഷരത്തെറ്റ് ഉണ്ടായതു സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിഷയത്തില്‍ ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡല്‍ തയാറാക്കിയ ഏജന്‍സിക്ക് തെറ്റു പറ്റി. 270 മെഡലുകളില്‍ 246 എണ്ണത്തിലും അക്ഷരത്തെറ്റുണ്ട്. മെഡല്‍ നിര്‍മിച്ച ഭഗവതി ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി അക്ഷരത്തെറ്റുകളുള്ള മെഡലുകള്‍ വിതരണം ചെയ്ത സംഭവത്തെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബാണ് അന്വേഷണത്തിനു നിര്‍ദേശിച്ചത്. മെഡലുകള്‍ സ്വീകരിച്ചവരില്‍നിന്ന് അവ തിരികെ വാങ്ങാനും നിര്‍ദേശമുണ്ടായി. ആഭ്യന്തര വകുപ്പിനു നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടിയിരുന്നു.
മെഡലുകളില്‍ മുഖ്യമന്ത്രിയുടെ എന്നതിനു പകരം ‘മുഖ്യമന്ത്രയുടെ’ എന്നാണു രേഖപ്പെടുത്തിയത്. പൊലീസ് മെഡല്‍ എന്നത് തെറ്റായി ‘പോലസ് മെഡന്‍’ എന്നും രേഖപ്പെടുത്തി. സര്‍ക്കാര്‍ രേഖകളില്‍ പൊലീസ് എന്ന് എഴുതുമ്പോള്‍ ‘പോ’ ഉപയോഗിക്കരുതെന്നും ‘പൊ’ എന്നാണു വേണ്ടതെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് 2022ല്‍ നിര്‍ദേശിച്ചിരുന്നു. അതും തെറ്റിച്ചിരുന്നു.
പൊലീസ് ആസ്ഥാനത്തു പരിശോധന നടത്തിയശേഷമാണു മെഡലുകള്‍ വേദിയിലേക്കു കൊണ്ടുപോയതെന്നാണ് പറഞ്ഞിരുന്നത്. കരാറുകാര്‍ 5 പാക്കറ്റുകളില്‍ മെഡലുകള്‍ എത്തിച്ചു. ഓരോ പാക്കറ്റില്നിന്നും ഓരോന്ന് പരിശോധിച്ചുവെന്നാണ് അധികൃതര്‍ പറഞ്ഞത്. അതേസമയം എല്ലാ മെഡലുകളിലും ഒരേ കാര്യം എഴുതിയിരിക്കുമ്പോള്‍ ഇടയ്ക്കുള്ളവയില്‍ മാത്രം പിശകു സംഭവിച്ചത് എങ്ങനെയെന്ന ചോദ്യമാണ് ഉയര്‍ന്നത്.
പൊലീസ് മെഡലിലെ സംസ്ഥാനമുദ്രയിലും ഗുരുതര പിഴവുപറ്റി. മുദ്രയുടെ ഏറ്റവും താഴെയാണു 'സത്യമേവ ജയതേ' എന്നു രേഖപ്പെടുത്തിയത്. 2010ല്‍ മുദ്ര പരിഷ്കരിച്ചിരുന്നു. അശോക സ്തംഭത്തിനും ശംഖുമുദ്രയ്ക്കും മധ്യേ ‘സത്യമേവ ജയതേ’ എന്നു രേഖപ്പെടുത്തണമെന്നു സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. പൊലീസ് മെഡലില്‍ 2010നു മുന്‍പുള്ള മുദ്രയാണ് ഉപയോഗിച്ചത്.