അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് വൈകും, അസദ് സിറിയ വിട്ടു– പ്രധാന വാർത്തകൾ
Mail This Article
വിമതരുടെ മുന്നേറ്റത്തെത്തുടർന്ന് സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് തലസ്ഥാനമായ ഡമാസ്കസ് വിട്ടതും തുടർന്നുള്ള സംഭവങ്ങളുമാണ് ഇന്നത്തെ പ്രധാനവാർത്തകളിൽ ഒന്ന്. ബഷാർ അൽ അസദിന്റെ 24 വർഷത്തെ ഭരണത്തിന് അവസാനമായെന്ന് സിറിയയുടെ സൈനിക കമാൻഡ് ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിൽ അറിയിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബഷാർ അൽ അസദ് നിലവിൽ എവിടെയെന്ന് അറിവില്ല.
സ്വദേശി ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല. പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച വാദങ്ങൾ ഖണ്ഡിച്ചു സമർപ്പിച്ച വിശദാംശങ്ങൾ കോടതി ഫയലിൽ സ്വീകരിക്കുകയും വിധി പറയാൻ കേസ് മാറ്റുകയും ചെയ്തു.
യാക്കോബായ സഭയ്ക്ക് പുതിയ അധ്യക്ഷൻ. ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ പുതിയ കാതോലിക്ക ബാവായാകും. മലേക്കുരിശ് ദയറായിൽ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ നടത്തിയ പ്രസംഗത്തിലാണ് അറിയിപ്പ്.
നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. പെരിങ്ങമ്മല ഇടിഞ്ഞാർ കൊന്നമൂട് ആദിവാസി നഗറിൽ ശശിധരൻ കാണി, ഷീജ ദമ്പതികളുടെ മകൾ ഇന്ദുജ (25) മരിച്ച കേസിൽ ഭർത്താവ് അഭിജിത്ത്, ഇയാളുടെ സുഹൃത്ത് അജാസ് എന്നിവരാണ് അറസ്റ്റിലായത്