കൊല്ലത്ത് എം.വി.ഗോവിന്ദന് രൂക്ഷവിമർശനം; ഭാവഭേദമോ കുറ്റബോധമോ ഇല്ലാതെ അഫാൻ– ഇന്നത്തെ പ്രധാന വാർത്തകൾ

Mail This Article
സിപിഎം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മന്ത്രിമാർക്കെതിരെയും രൂക്ഷവിമർശനം ഉയർന്നു എന്നതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. വെഞ്ഞാറമൂട് കൂട്ടകൊലക്കേസ് പ്രതി അഫാനെ കൊലപാതകം നടന്ന വീടുകളിലെത്തിച്ചു തെളിവെടുത്തത്, നാട്ടുകാർക്ക് ശല്യമായി വഴിയരികിലെ വീടിനുള്ളിൽ തെരുവുനായകൾ ഉൾപ്പെടെ മുപ്പതോളം നായകൾ, കാട്ടുപന്നികളെ വെടിവയ്ക്കാൻ കൂലി നിശ്ചയിച്ച് സർക്കാർ, താനൂരിൽ കാണാതായ പെൺകുട്ടികൾ തുടങ്ങിയവയായിരുന്നു പ്രധാനവാർത്തകളിൽ മറ്റു ചിലത്.
ആശാ വർക്കർമാരുടെ സമരം നടക്കുമ്പോൾ പിഎസ്‌സി അംഗങ്ങളുടെ ശമ്പളം പരിഷ്കരിച്ചതിൽ സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം ഉന്നയിച്ച് പത്തനംതിട്ടയിൽനിന്നുള്ള പ്രതിനിധി. പി.ബി.ഹർഷകുമാറാണ് വിമർശനം ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മന്ത്രിമാർക്കെതിരെയും രൂക്ഷവിമർശനം ഉയർന്നു. മെറിറ്റും മൂല്യവും എപ്പോഴും പാർട്ടി സെക്രട്ടറി പറയുമെന്നും എന്നാൽ സ്ഥാനമാനങ്ങൾ എല്ലാം കണ്ണൂരുകാർക്കെന്നുമായിരുന്നു വിമർശനം.
വെഞ്ഞാറമൂട് കൂട്ടകൊലക്കേസ് പ്രതി അഫാനെ കൊലപാതകം നടന്ന വീടുകളിലെത്തിച്ചു തെളിവെടുത്തു. പാങ്ങോട് സൽമാ ബീവിയുടെ വീട്ടിലും അഫാന്റെ വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിലും എത്തിച്ചാണ് പൊലീസ് തെളിവെടുപ്പു നടത്തിയത്. കൊലപാതകം നടന്ന ഫെബ്രുവരി 24ന് ശേഷം ആദ്യമായാണ് അഫാനെ ക്രൂരകൃത്യങ്ങൾ നടന്ന വീടുകളിൽ എത്തിച്ചത്. പാങ്ങോട് പൊലീസ് റജിസ്റ്റർ ചെയ്ത സൽമാ ബീവിയുടെ കൊലക്കേസിലാണ് ആദ്യം തെളിവെടുപ്പു നടത്തിയത്.
വഴിയരികിലെ വീടിനുള്ളിൽ തെരുവുനായകൾ ഉൾപ്പെടെ മുപ്പതോളം നായകൾ. സദാസമയവും കുരയും പ്രദേശം മുഴുവൻ ദുർഗന്ധവും. കലക്ടർ മുതലുള്ളവർക്ക് പരാതി നൽകി പൊറുതി മുട്ടിയ നാട്ടുകാർ, സ്റ്റോപ് മെമ്മോ കൊടുത്തിട്ടും ഒഴിയാതെ താമസക്കാർ. പ്രശ്നത്തിൽ ഇടപെട്ട് എംഎൽഎ അടക്കമുള്ളവർ. എറണാകുളം ജില്ലയിൽ കുന്നത്തുനാട് പഞ്ചായത്തിലെ പത്താം വാർഡ് വെമ്പിള്ളിയിലാണ് മാസങ്ങളായി പരിഹരിക്കാനാകാത്ത വിഷയമുള്ളത്.
അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ കൂലി നിശ്ചയിച്ചു സർക്കാർ. ഒരു പന്നിയെ വെടിവച്ചു കൊല്ലുന്നതിന് 1500 രൂപയും കൊല്ലുന്ന പന്നികളെ സംസ്‍കരിക്കാൻ 2000 രൂപയുമാണു സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നാണ് പണം അനുവദിക്കുക.