വന്യജീവി ആക്രമണം 9 വർഷത്തിനിടെ മരണം 1128; സുരക്ഷാവേലിയൊരുക്കാൻ ചെലവിട്ടത് 74 കോടി

Mail This Article
മലപ്പുറം ∙ വന്യജീവികൾ നാട്ടിലിറങ്ങാതിരിക്കാൻ സുരക്ഷാവേലിയൊരുക്കാൻ മാത്രം എട്ടു വർഷത്തിനിടെ വനംവകുപ്പ് ചെലവിട്ടത് 74.83 കോടി രൂപ. എന്നിട്ടും 2016 മുതൽ ഇക്കഴിഞ്ഞ ജനുവരി വരെ, കാടിറങ്ങിയ മൂന്ന് ഇനം വന്യജീവികളുടെ ആക്രമണത്തിൽ മാത്രം സംസ്ഥാനത്തു പൊലിഞ്ഞത് 260 ജീവനുകൾ. ഏറ്റവും കൂടുതൽ കാട്ടാനയുടെ ആക്രമണത്തിൽ തന്നെ–197 പേർ. കടുവയുടെ ആക്രമണത്തിൽ 10 പേർ മരിച്ചപ്പോൾ 53 പേരാണു കാട്ടുപന്നികൾ കാരണം മരിച്ചത്.
പാമ്പ് ഉൾപ്പെടെയുള്ള, മൊത്തം വന്യജീവികൾ കാരണം 9 വർഷത്തിനിടെ സംസ്ഥാനത്തു മരിച്ചത് 1128 പേരാണ്; 8480 പേർക്കു പരുക്കേറ്റു. ഇത്തരത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരുക്കേറ്റവർക്കുമായി വനംവകുപ്പ് 53.08 കോടി രൂപ നഷ്ടപരിഹാരമായി നൽകിയിട്ടുണ്ട്.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരിക്കു സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. വന്യജീവികൾ നാട്ടിലിറങ്ങുന്നതു തടയാൻ സുരക്ഷാവേലിയൊരുക്കൽ, വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാനും മണ്ണുസംരക്ഷണത്തിനുമുള്ള വിവിധ പരിപാടികൾ, വന്യജീവി നിരീക്ഷണം തുടങ്ങിയവയാണു വനംവകുപ്പ് സംഘടിപ്പിച്ചതെന്നും രേഖയിൽ പറയുന്നു. 280 ജനജാഗ്രതാ സമിതികളും 28 ദ്രുതപ്രതികരണ സംഘങ്ങളും (ആർആർടി) സംസ്ഥാനത്തു പ്രവർത്തിക്കുന്നതായും മറുപടിയിലുണ്ട്.