‘ഡിജിപിയുടെ പ്രതിനിധിയായി ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ; റാഗിങ് നിരോധന കർമസമിതിയുടെ യോഗം ഉടൻ ചേരണം’

Mail This Article
കൊച്ചി ∙ റാഗിങ് നിരോധന നിയമം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പഠിക്കാൻ രൂപീകരിച്ച കർമ സമിതിയുടെ ആദ്യയോഗം വൈകാതെ ചേരണമെന്ന് ഹൈക്കോടതി നിർദേശം. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സർക്കാർ രൂപം കൊടുത്ത 12 അംഗ കർമ സമിതിക്കാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരുടെ നിർദേശം. സമിതിയിൽ ഡിജിപിയുടെ പ്രതിനിധിയായി ഉൾപ്പെടുത്തിയിരിക്കുന്നത് ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെയാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
1998ലെ റാഗിങ് നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ ചട്ടങ്ങൾ രൂപീകരിക്കാൻ മുൻപ് കേസ് പരിഗണിച്ചപ്പോൾ കോടതി നിർദേശിച്ചിരുന്നു. സമഗ്രമായ ചട്ടങ്ങൾ രൂപീകരിക്കാനും ആവശ്യമെങ്കിൽ നിയമഭേദഗതിക്കുമായി നിർദേശങ്ങൾ ലഭ്യമാക്കാൻ വ്യക്തികളെയും സാമൂഹിക സംഘടനകളെയും അടക്കം വിവിധ മേഖലകളിൽനിന്നുള്ളവരെ ഉൾപ്പെടുത്തി വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കണമെന്നുമായിരുന്നു കോടതി നിർദേശം. റാഗിങ് നിരോധന നിയമം കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലീഗൽ സർവീസസ് അതോറിറ്റി നൽകിയ പൊതുതാൽപര്യ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഈ വർക്കിങ് ഗ്രൂപ്പ് രൂപീകരണം നീണ്ടുപോയതോടെ ഇനിയും സമയം നീട്ടി നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഈ മാസം 25ന് കർമ സമിതി രൂപീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങിയത്.
വിദ്യാഭ്യാസ വിചക്ഷണർ, മുൻ വൈസ് ചാൻസലർമാർ, സർവകലാശാല പ്രതിനിധികൾ, മാനസികാരോഗ്യ വിദഗ്ധർ, നിയമവിദഗ്ധർ തുടങ്ങിയവർ അടങ്ങിയതാണ് സമിതി. ഡിജിപിയുടെ പ്രതിനിധിയായി ഡിവൈഎസ്പി റാങ്കിലുള്ള ആളെ നിയോഗിക്കാമെന്ന് സർക്കാർ പറഞ്ഞെങ്കിലും കോടതി വിയോജിച്ചു. ഡിജിപിയുടെ പ്രതിനിധിയിൽ നിന്നുണ്ടാകുന്ന നിര്‍ദേശങ്ങൾ പ്രധാനമാണെന്നും ഐജി റാങ്കിൽ കുറയാത്ത ആളായിരിക്കണം ഇതെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. കർമ സമിതി യോഗം ചേരുമ്പോൾ യുജിസി, കെൽസ പ്രതിനിധികളെയും മറ്റ് മേഖലകളിലെ വിദഗ്ധരേയോ ക്ഷണിക്കണമെങ്കിൽ അക്കാര്യം പരിഗണിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.