ADVERTISEMENT

സെയ്‌ലിങ്ങിനു പോകാത്തപ്പോൾ കരയിൽ, മിക്കവാറും മുംബൈയിലുണ്ടാകും!കേരളത്തിൽ ജനിച്ച്, ബോംബെ എന്ന മഹാനഗരം മുംബൈയായി പേരും രൂപവും മാറുന്നതു നേരിൽക്കണ്ടു വളർന്ന ഒരാളുടെ പ്രൊഫൈലാണിത്. ഓഷ്യൻ ഗ്ലോബ് റേസ് എന്ന പായ്‌വഞ്ചിയോട്ട മത്സരത്തിൽ ജേതാക്കളായ ‘മെയ്ഡൻ’ എന്ന ബോട്ടിലെ നാവികരിലൊരാൾ. കോട്ടയത്തും കോഴിക്കോട്ടും വേരുകളുള്ള മുംബൈ മലയാളി– ധന്യ പൈലോ.

ഓഷ്യൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ടത്തി‍നിടെ മെയ്‌ഡൻ പായ്‌വഞ്ചിയിൽ ധന്യ പൈലോ (വലത്)    ചിത്രം: നജിബ നൂറി
ഓഷ്യൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ടത്തി‍നിടെ മെയ്‌ഡൻ പായ്‌വഞ്ചിയിൽ ധന്യ പൈലോ (വലത്) ചിത്രം: നജിബ നൂറി

കരയിലും കടലിലും മറ്റ് ഇന്ത്യൻ വനിതകളിൽ അധികം പേർക്കും പരിചയമില്ലാത്ത വഴികളിലും തിരകളിലുമാണ് ധന്യയുടെ സഞ്ചാരം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇംഗ്ലണ്ടിലെ സതാംപ്ടൻ തുറമുഖത്തുനിന്നായിരുന്നു മെയ്ഡൻ എന്ന പായ്‌വഞ്ചിയുടെ മത്സരക്കുതിപ്പിനു തുടക്കം. ഈ ഏപ്രിലിൽ മെയ്ഡൻ തിരികെ സതാംപ്ടനിലെ ഫിനിഷിങ് ലൈൻ മറികടന്നപ്പോൾ ധന്യ ഉൾപ്പെടെ 9 രാജ്യങ്ങളിലെ 12 വനിതാ സെയ്‌ലർമാർ ചരിത്രത്തിന്റെ കരയിലേക്കു നടന്നുകയറി. 

പായ്‌വഞ്ചിയിൽ ഒറ്റയ്ക്കു സമുദ്രപരിക്രമണം മലയാളി നാവികൻ അഭിലാഷ് ടോമിയുടെ അതേ വഴിയിലാണു ധന്യയും. സെയ്‌ലിങ് ഇല്ലാത്തപ്പോൾ കരയിൽ ഡിസൈനിങ് പഠിക്കാൻ പോയ ധന്യ. റിസർച്ചിനു തിരഞ്ഞെടുത്തത് ഇന്ത്യയുടെ പായ്‌വഞ്ചി പ്രയാണ–നിർമാണ ചരിത്രം.  

കടലിലെ തിരകളിലേക്ക് ആകാംക്ഷയോടെ നോക്കിനിൽക്കുന്ന ഓരോ കുട്ടിയുടെ ഉള്ളിലും വലിയ സ്വപ്നങ്ങളുണ്ടാകും. ആ സ്വപ്നങ്ങളിലെ കടലും കപ്പലും തിരയും തോണിയുമെല്ലാം യാഥാർഥ്യമാക്കാൻ പ്രചോദനം നൽകുകയാണ് ഇപ്പോൾ തന്റെ ജീവിതലക്ഷ്യമെന്നു പറയുന്നു, ധന്യ. 

തുടക്കം 15–ാം വയസ്സിൽ

‘‘എന്റെ പിതാവ് നാവികസേന ഉദ്യോഗസ്ഥനായിരുന്നു. മുംബൈയിലെ ഞങ്ങളുടെ താമസസ്ഥലത്തിനു സമീപമായിരുന്നു നേവിയുടെ സെയ്‌ലിങ് ക്ലബ്. അവിടത്തെ മറീനയിൽ പായ്‌വഞ്ചികൾ നങ്കൂരമിട്ടിരിക്കുന്നതു കണ്ടാണ് ഞാൻ വളർന്നത്. ചെറുപ്പം മുതൽ അങ്ങനെ പായ്‌വഞ്ചിയും സെയ്‌ലിങ്ങുമെല്ലാം എന്റെ മനസ്സിലെത്തി. 15 വയസ്സുള്ളപ്പോൾ നേവിയുടെ സെയ്‌ലിങ് ക്ലബ്ബി‍ൽ പരിശീലനത്തിനു പോയി. 

ആദ്യ ദിവസം തന്നെ നന്നായി സെയ്ൽ ചെയ്യാൻ പറ്റി. പിറ്റേന്ന്, ദേശീയ ജൂനിയർ സെയ്‌ലിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഒരു ടീമിൽ എന്നെയും ഉൾപ്പെടുത്തി. പായ്‌വഞ്ചിയിൽ വളരെ കംഫർട്ടബിളാണെന്ന് ആദ്യദിനം തന്നെ എല്ലാവർക്കും മനസ്സിലായിരുന്നു.  

2 പേർ ചേർന്നു സെയ്‌ലിങ് നടത്തുന്ന ഡിങ്കി ബോട്ടിലായിരുന്നു മത്സരം. അങ്ങനെ കാറോടിക്കാൻ പഠിക്കും മുൻപേ ഞാൻ പായ്‌വഞ്ചിയോടിക്കാൻ പഠിച്ചു’’– ധന്യ പറഞ്ഞു. 

ലോകചാംപ്യൻഷിപ്പിലേക്ക്

‘‘നേവിയുടെ സെയ്‌ലിങ് ടീമിനൊപ്പം പായ്‌വഞ്ചിയോട്ടം പരിശീലനം തുടർന്നു. ടീം റേസിങ് തുടങ്ങിയതോടെ ആവേശമായി. 2 പേർ വീതമുള്ള 3 ബോട്ടുകളിലായിരുന്നു മത്സരം. ഒരു ടീമിൽ 6 പേർ. 2001ൽ ഒഡീഷയിൽ നടന്ന ടീം റേസിങ് സെയ്‌ലിങ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയതോടെ ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ലോകചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കാൻ അർഹത ലഭിച്ചു. ടീമിൽ ബാക്കിയെല്ലാവരും നാവികസേനാംഗങ്ങളായിരുന്നു’’. 

ഡിസൈൻ പഠനം

‘‘അഹമ്മദാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പഠിക്കാൻ ചേർന്നപ്പോഴും എന്റെയുള്ളിൽ നിറയെ പായ്‌വഞ്ചികളായിരുന്നു. അവിടെനിന്നാണു ഞാൻ ‘ഇന്ത്യയുടെ ബോട്ട് നിർമാണ ചരിത്രം’ പഠിച്ചത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ത്യയിൽ നിർമിച്ച ചെറുതും വലുതുമായ ഒട്ടേറെ വഞ്ചികൾ കടൽ കടന്നുപോയതിന്റെ ചരിത്രം എന്നെ അദ്ഭുതപ്പെടുത്തി. പായ്‌വഞ്ചികൾ മുതൽ പത്തേമാരികൾ വരെ നിർമിച്ച നാടാണു നമ്മുടേത്. പക്ഷേ, പിന്നീടെപ്പോഴോ ഈ പാരമ്പര്യം നമുക്കു നഷ്ടമായി’’ 

ഡിസൈനർ എന്ന നിലയിൽ മറ്റു മേഖലകളിലേക്കു സഞ്ചരിച്ച ധന്യ ഏതാനും ബോളിവുഡ് ചിത്രങ്ങളുടെ പ്രൊഡക്‌ഷൻ ഡിസൈനറായും പ്രവർത്തിച്ചു. ‘‘ഏതു ജോലി ചെയ്യുമ്പോഴും കടലും അതിലെ തിരകളും മനസ്സിൽവന്നു തൊടും. 

കാർ റേസ് മതിയാക്കി

‘ഡിസൈനറും ഫിലിംമേക്കറുമൊക്കെയാണെന്ന് പറയാമെങ്കിലും ഞാനിപ്പോഴും അടിസ്ഥാനപരമായി ഒരു സെയ്‌ലറാണ്. 2021ൽ കോയമ്പത്തൂരിൽ നടന്ന ഫോർമുല 4 കാർ റേസിൽ ഞാൻ പങ്കെടുത്തിരുന്നു. രണ്ടാം ദിവസം തന്നെ എനിക്കു ബോറടിക്കാൻ തുടങ്ങി. പായ്‌വഞ്ചിയോട്ടവുമായി താരതമ്യം ചെയ്യുമ്പോൾ കാർ റേസിന് ഒരു ത്രില്ലുമില്ല. റേസിങ് ട്രാക്ക് എപ്പോഴും ഒരുപോലെയാണല്ലോ. കൂടാതെ, എന്നെ ചിന്തിപ്പിച്ച മറ്റൊന്നു കൂടിയുണ്ട്. കാർ റേസിന്റെ ഹുങ്കാരശബ്ദവും അന്തരീക്ഷ മലിനീകരണപ്രശ്നവുമൊന്നും പായ്‌വഞ്ചിയോട്ടത്തിനില്ല. എത്ര വലിയ തിരയിലും വെല്ലുവിളികളിലും വഞ്ചിക്കൊരു ശബ്ദം പോലുമുണ്ടാകില്ലല്ലോ!  

ഓഷ്യൻ ഗ്ലോബ് റേസിലേക്ക്

‘‘1973ൽ ഇംഗ്ലണ്ടിലെ പോർട്സ്മൗത്തിൽനിന്ന് തുടങ്ങി അവിടെത്തന്നെ ഫിനിഷ് ചെയ്ത വിറ്റ്ബ്രഡ് റേസിന്റെ 50–ാം വാർഷികത്തിന്റെ ഭാഗമായാണ് ഓഷ്യൻ ഗ്ലോബ് റേസ് സംഘടിപ്പിച്ചത്. അക്കാലത്തെ പര്യവേക്ഷണ സംവിധാനം മാത്രമേ ഉപയോഗിക്കാവൂ എന്നായിരുന്നു പ്രധാന നിബന്ധന. 4 ഘട്ടങ്ങളിലായാണ് റേസ്. ഇംഗ്ലണ്ടിലെ സതാംപ്ടനിൽനിന്ന് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലേക്കായിരുന്നു ആദ്യപാദം.

കേപ്ടൗണിൽനിന്ന് ന്യൂസീലൻഡിലെ ഓക്‌ലൻഡിലേക്കും അവിടെനിന്ന് യുറഗ്വായ് തീരമായ പുന്റ ഡെ എസ്റ്റയിലേക്കും. നാലാം പാദം അവിടെനിന്ന് സതാംപ്ടനിലേക്ക്. അങ്ങനെ 40 ദിവസം വീതമുള്ള 4 പാദങ്ങൾ. ഈ ഏപ്രിലിൽ സതാംപ്ടനിൽ ഫിനിഷ് ചെയ്തു. നാവികസേന ഉദ്യോഗസ്ഥയായ പായൽ ഗുപ്തയും എനിക്കൊപ്പമുണ്ടായിരുന്നു. ഞങ്ങൾ 9 രാജ്യങ്ങളിൽനിന്നുള്ള 12 വനിതകൾ മാത്രമായിരുന്നു റേസിൽ പങ്കെടുത്തത്. 3 വിഭാഗങ്ങളിലായി 14 ബോട്ടുകൾ മത്സരരംഗത്തുണ്ടായിരുന്നതിൽ വനിതകൾ മാത്രമുള്ള ടീം ഞങ്ങളുടേതു മാത്രമായിരുന്നു.  ഇടയ്ക്കൊരു ദിവസം 10 മീറ്ററോളം ഉയർന്ന തിരമാലകളിൽ ബോട്ട് ചെന്നുപെട്ടു. കടലിൽനിന്ന് ആകാശത്തേക്ക് എടുത്തെറിഞ്ഞ പോലെ. അതേക്കുറിച്ച് ഇപ്പോൾ ഓർക്കാനൊരു രസമുണ്ട്.’’– ധന്യ പറയുന്നു. 

കേരളത്തിലേക്കുള്ള വഴി

കോഴിക്കോട് സ്വദേശിയായ റിട്ടയേഡ് നാവികസേന കമാൻഡർ രാജീവ് പൈലോയുടെ മകളാണ് ധന്യ. അമ്മ മോളി പൈലോ കോട്ടയം സ്വദേശിയാണ്. പായ്‌വഞ്ചിയി‍ൽ ഒറ്റയ്ക്കു  സമുദ്രപരിക്രമണം നടത്തുകയാണ് ഇനി ധന്യയുടെ സ്വപ്നം. ഒപ്പം, അംഗപരിമിതരായവരെ പായ്‌വഞ്ചിയോട്ടത്തിലേക്കു കൊണ്ടുവരാനുള്ള പരിശ്രമത്തിലാണിപ്പോൾ ധന്യ. ‘‘യുകെയിലും ന്യൂസീലൻഡിലുമൊക്കെ ഇത്തരം മാതൃകകൾ കണ്ടു. അത് ഇവിടെയും നടപ്പാക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയിൽ പായ്‌വഞ്ചിയോട്ടം പരിശീലിച്ചവർ അധികം പേരില്ല. പ്രത്യേകിച്ചും പെൺകുട്ടികൾ ഈ മേഖലയിൽനിന്നു വിട്ടുനിൽക്കുകയാണ്. അവർക്കെല്ലാം പ്രചോദനമാവുകയാണ് എന്റെ ലക്ഷ്യം. സെയ്‌ലിങ് പഠിച്ചാ‍ൽ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറും. 

പായ്‌വഞ്ചിയോട്ടത്തിൽ സയൻസും ചരിത്രവും കോമൺസെൻസും മുതൽ സ്കൂളി‍ൽ പഠിക്കുന്നതെല്ലാമുണ്ട്. ടീം  വർക്ക്, കാലാവസ്ഥാ നിരീക്ഷണം, ഫിസിക്സ്, മെക്കാനിക്സ്, അൽപസ്വൽപം വൈദ്യം ഇതെല്ലാം നമ്മൾ പഠിച്ചേ മതിയാകൂ. 8 വയസ്സുമുതൽ കുട്ടികളെ സെയ്‌ലിങ് പഠിപ്പിക്കാം. കരയിൽ മാത്രമല്ല, കടലിലും ജീവിതമുണ്ട്. നമ്മുടെ കുട്ടികൾ അവകൂടി കണ്ടു വളരട്ടെ!!’’ ധന്യ പൈലോയുടെ വെബ്സൈറ്റ്: www.dhanyapilo.com 

English Summary:

The inspiring journey of Dhanya Pilo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com