പട്ടിണിയിൽ പൊരിഞ്ഞ് ഗാസ; ബോംബിങ്ങിൽ മരണം 22

Mail This Article
ജറുസലം ∙ ഗാസയിൽ ഇസ്രയേൽ തുടരുന്ന രൂക്ഷമായ ബോംബാക്രമണങ്ങളിൽ 24 മണിക്കൂറിനിടെ കുട്ടികളും സ്ത്രീകളുമടക്കം 22 പലസ്തീൻകാർ കൊല്ലപ്പെട്ടു.
നാലാഴ്ചയിലേറെയായി ഭക്ഷ്യവസ്തുക്കളുടെ വിതരണം ഇസ്രയേൽ തടഞ്ഞിരിക്കുന്നതിനാൽ. ഗാസയിലെ ഈദുൽ ഫിത്‌ർ പട്ടിണിയുടെ നടുവിലായി. കനത്ത ബോംബിങ് തുടരുന്നതിനാൽ ജീവകാരുണ്യപ്രവർത്തകർക്കും സഞ്ചരിക്കാനാവാത്ത സ്ഥിതിയാണെന്ന് യുഎൻ പറഞ്ഞു.
കഷ്ടിച്ച് രണ്ടാഴ്ചയ്ക്കുള്ള ധാന്യശേഖരം മാത്രമാണു ശേഷിക്കുന്നതെന്നു യുഎന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. പ്രതിദിനം 8 ലക്ഷം പേർക്കാണു യുഎൻ ഏജൻസി ഗാസയിൽ സഹായമെത്തിക്കുന്നത്.
മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും കഴിഞ്ഞയാഴ്ച മുന്നോട്ടുവച്ച പുതിയ വെടിനിർത്തൽ പദ്ധതി അംഗീകരിച്ചതായി ഹമാസ് പ്രസ്താവിച്ചു. എന്നാൽ, യുഎസ് പിന്തുണയോടെ ബദൽ പദ്ധതിയുമായി ഇസ്രയേൽ രംഗത്തെത്തി. ഇതോടെ നിലവിലെ സമാധാനശ്രമങ്ങൾ അവതാളത്തിലായി. ബദൽ പദ്ധതിയുടെ വിശദാംശങ്ങൾ ഇസ്രയേൽ പുറത്തുവിട്ടിട്ടില്ല.
അതിനിടെ, അന്തിമ വെടിനിർത്തലിനു ഹമാസ് ആയുധം വച്ചു കീഴടങ്ങുകയും ഗാസയുടെ സുരക്ഷ ഇസ്രയേലിനു കൈമാറുകയും ചെയ്യണമെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.