ADVERTISEMENT

പൊട്ടിച്ച തേങ്ങയ്ക്കുള്ളിലെ മാംസം, ക്രീം പോലെ സ്പൂണ്‍ കൊണ്ട് കോരിയെടുത്ത് കഴിക്കാം. അതാണ്‌ ഫിലിപ്പീൻസിലെ മാക്കപ്പൂനോ(Macapuno) കോക്കനട്ട്. കണ്ടാല്‍ കേടായ തേങ്ങ പോലെ തോന്നുമെങ്കിലും, അതീവ രുചികരമാണ് ഇത്.  

വിയറ്റ്നാമിലും ഇന്തൊനീഷ്യയിലും ഹവായിയിലുമെല്ലാം ഇതുപയോഗിച്ച് ഐസ്ക്രീമും സ്മൂത്തിയും മധുരപലഹാരങ്ങളുമെല്ലാം ഉണ്ടാക്കുന്നുണ്ട്. സാധാരണ തേങ്ങയെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ വിലയേറിയതുമാണ് മാക്കപ്പൂനോ.  

എന്താണ് മാക്കപ്പൂനോ?

തെക്കുകിഴക്കൻ ഏഷ്യ, പസഫിക് ദ്വീപുകള്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന അപൂര്‍വയിനം തേങ്ങയാണ് മാക്കപ്പൂനോ. തേങ്ങയ്ക്കുള്ളിലെ ഭക്ഷ്യയോഗ്യമായ വെളുത്ത ഭാഗമായ എൻഡോസ്‌പേമിന്റെ വികാസത്തെ ബാധിക്കുന്ന ഒരു ജനിതകമാറ്റം മൂലമാണ് ഇത് സംഭവിക്കുന്നത്. 

കട്ടിയുള്ള മാംസളഭാഗവും ഒപ്പം വെള്ളവും അടങ്ങിയ സാധാരണ തേങ്ങകളിൽ നിന്ന് വ്യത്യസ്തമായി, ജെലാറ്റിന്‍ പോലെയുള്ള മാംസളഭാഗമാണ് മാക്കപ്പൂനോയ്ക്ക് ഉള്ളത്. ഒരു സ്പൂണ്‍ കൊണ്ട് ഇത് ക്രീം പോലെ കോരി കഴിക്കാം. മാത്രമല്ല, ഇതില്‍ വെള്ളവും ഇല്ല. മാംസഭാഗം ഏകദേശം തൈര് പോലെ തോന്നിക്കുന്നതിനാല്‍ ഇതിനെ 'കര്‍ഡ് കോക്കനട്ട്' (Curd Coconut)എന്നും വിളിക്കുന്നു.  

ആദ്യം കണ്ടെത്തിയത് ഇങ്ങനെ

ഫിലിപ്പൈൻ കൃഷി വകുപ്പിൽ ജോലി ചെയ്തിരുന്ന ഒരു അമേരിക്കൻ സസ്യശാസ്ത്രജ്ഞൻ എഡ്വിൻ കോപ്‌ലാൻഡ് ആണ് 1931 ൽ ആദ്യമായി മാക്കപ്പൂനോ തെങ്ങ് കണ്ടെത്തിയത്. ഇന്തോനേഷ്യയിലെ ടാംഗറാങ്ങിലും ഫിലിപ്പീൻസിലെ ലഗുണയിലുമായിരുന്നു ഇത് വളര്‍ന്നിരുന്നത്. പ്രത്യേകമായ രുചി കാരണം, ഇതിനുള്ള ഡിമാന്‍ഡ് കൂടി, അതോടെ ഇത് വളരെയേറെ വിലയേറിയതായി മാറി. 

അപൂര്‍വങ്ങളിൽ അപൂർവം

ഏകദേശം പത്തോളം രാജ്യങ്ങളിലാണ് മാക്കപ്പൂനോ ഉണ്ടാകുന്നത്. ഇവിടങ്ങളില്‍ വളരുന്ന തെങ്ങുകളുടെ 0.15 ശതമാനത്തില്‍ താഴെ മാത്രമേ മാക്കപ്പൂനോ ആയി രൂപാന്തരപ്പെടുന്നുള്ളൂ. മാത്രമല്ല, ഇവയ്ക്ക് മുളയ്ക്കാനുള്ള കഴിവില്ല. അതിനാല്‍ ഇവ കൃഷി ചെയ്തുണ്ടാക്കുന്നതും പ്രയാസകരമാണ്. 

1960 കളിൽ എമെറിറ്റ വി. ഡി ഗുസ്മാൻ വികസിപ്പിച്ച 'പ്ലാൻ്റ് ടിഷ്യു കൾച്ചർ' അല്ലെങ്കിൽ 'എംബ്രിയോ റെസ്ക്യൂ' സാങ്കേതികവിദ്യ ഉപയോഗിച്ച്, ഫിലിപ്പീൻസിൽ ഇത് വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാന്‍ തുടങ്ങി. അങ്ങനെ തെക്കുകിഴക്കൻ ഏഷ്യൻ, പസഫിക് ദ്വീപ് പ്രദേശങ്ങളിൽ ഇത് ഒരു പ്രധാന വിളയായി മാറി. 

പ്രകൃതിദത്തമായ മാക്കപ്പൂനോ തെങ്ങുകള്‍ കണ്ടെത്താൻ പ്രയാസമാണ്. ഇന്ന് വിപണിയില്‍ കിട്ടുന്ന തേങ്ങകള്‍ ഉല്‍പ്പാദിപ്പിക്കുന്നവയില്‍ ഭൂരിഭാഗവും ലബോറട്ടറി നിർമ്മിത തെങ്ങുകളാണ്, അവ ക്രോസ് പരാഗണം നടത്തുകയോ സ്വയം പരാഗണം നടത്തുകയോ ചെയ്യുന്നത് വഴി, മാക്കപ്പൂനോ തേങ്ങകള്‍ മാത്രം കായ്ക്കുന്ന ഒരു വൃക്ഷം ലഭിക്കുന്നു.

മാക്കപ്പൂനോ എന്നാല്‍

മാക്കപ്പൂനോ എന്ന വാക്കിന്‍റെ അര്‍ത്ഥം "നിറഞ്ഞതായി അനുഭവപ്പെടുന്നു(feeling full)" എന്നാണ്. ഇതിന്‍റെ സമൃദ്ധമായ ക്രീമി മാംസളഭാഗം കാരണമാണ് ഈ പേര് വന്നത്. ഇന്തോനേഷ്യയിൽ, ഇതിനെ 'പെൺ തേങ്ങ' എന്നർത്ഥം വരുന്ന 'കേലപ പുവാൻ' എന്ന് വിളിക്കുന്നു, സാധാരണ തേങ്ങയുമായി താരതമ്യപ്പെടുത്തുമ്പോൾ മൃദുവായ ഘടനയുള്ളതിനാലാണിത്. ജാവാനീസ് ഭാഷയിലാകട്ടെ, 'കേപാല കോപ്യോർ' എന്നും വിളിക്കുന്നു, ചിക്കിയ മുട്ട പോലെ എന്നാണ് ഇതിനര്‍ത്ഥം.

മാത്രമല്ല, കമ്പോഡിയയില്‍ 'ഡോംഗ് കതി', പിലിനേഷ്യയില്‍ 'പിയ', ഇന്ത്യയില്‍ 'തൈര് തേങ്ങ', തായ്‌ലൻഡില്‍ 'മാപ്രാവോ കതി', പാപ്പുവ ന്യൂ ഗിനിയയില്‍ 'നിയു ഗരുക്', വിയറ്റ്നാമിൽ 'ഡ്യൂറ സാപ്പ്'.എന്നിങ്ങനെ ഇത് കാണപ്പെടുന്ന ഓരോ രാജ്യങ്ങളിലും ഇതിന് വിവിധപേരുകളുണ്ട്. 

തിരിച്ചറിയാന്‍ പ്രയാസം

മുറിച്ചു നോക്കാതെ, സാദാ തേങ്ങയാണോ അതോ മാക്കപ്പൂനോ ആണോ എന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. മാക്കപ്പൂനോയില്‍ ഇല്ലാത്ത, α-D ഗാലക്‌ടോമാനൻ( α-D galactomannan) എന്ന ഒരിനം എന്‍സൈം സാധാരണ തേങ്ങയില്‍ ഉണ്ട്, ഭ്രൂണത്തെ പോഷിപ്പിക്കുന്നതിനും ഘടന നിലനിര്‍ത്തുന്നതിനും ഇത് ആവശ്യമാണ്. ഇത് ഇല്ലാത്തതുകൊണ്ടാണ് മാക്കപ്പൂനോയുടെ മാംസളഭാഗം ക്രീം പോലെ കാണുന്നത്. മാത്രമല്ല, കൂടുതൽ അമിനോ ആസിഡുകളും ഉയർന്ന അളവില്‍ സുക്രോസും ഉള്ളതിനാല്‍ ഇതിന് സാധാരണ തേങ്ങയേക്കാള്‍ മധുരവുമുണ്ട്.

മാക്കപ്പൂനോ ഉപയോഗിച്ചുള്ള വിഭവങ്ങള്‍

ഫിലിപ്പിനോ പാചകരീതിയിൽ, മാക്കപ്പൂനോ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പരമ്പരാഗത മധുരപലഹാരങ്ങളായ ഹാലോ ഹാലോ, പാസ്റ്റില്ലാസ്, മിനാറ്റാമിസ് എന്നിവയിൽ മാക്കപ്പൂനോ ഒരു പ്രധാന ഘടകമാണ്. ഐസ്ക്രീമുകൾ, പേസ്ട്രികൾ, കേക്കുകൾ, മിഠായികൾ, പാനീയങ്ങൾ എന്നിവയുൾപ്പെടെയുള്ള സംസ്കരിച്ച ഭക്ഷ്യ ഉൽപന്നങ്ങളിലും ഇത് ഉപയോഗിക്കുന്നു.

ഇന്തൊനീഷ്യയിലെ മധുരപാനീയമായ എസ് കെലപ പുവാൻ/കോപ്യോർ വളരെ ജനപ്രിയമാണ്. വിയറ്റ്നാമിൽ, ട്രാ വിൻ, ബെൻ ട്രെ പ്രവിശ്യകളിൽ മാക്കപ്പൂനോ വളരുന്നു, ഇവിടെ ഇത് വിലയേറിയ വിഭവമാണ്. മാക്കപ്പൂനോയുടെ മാംസളഭാഗം, പാലും ഐസും ചേർത്ത് സ്മൂത്തി ഉണ്ടാക്കി വറുത്ത നിലക്കടല ചേർത്ത് വിളമ്പുന്നു.

English Summary:

Rare Macapuno coconut

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com