ADVERTISEMENT

കൊച്ചി ∙ കുരുമുളകിനു മൂന്ന് ആഴ്ചയ്ക്കിടയിൽ കിലോ ഗ്രാമിന് 58 രൂപയുടെ വില വർധന. ഗാർബിൾഡ് ഇനത്തിന് ഏറ്റവും അവസാനം രേഖപ്പെടുത്തിയ വില ക്വിന്റലിന് 57,700 രൂപയാണ്. അൺഗാർബിൾഡ് ഇനത്തിന്റെ വില ക്വിന്റലിന് 55,700 രൂപയിലെത്തി. കയറ്റുമതി നിലച്ചിരിക്കെ ആഭ്യന്തര വിപണിയിലെ മാത്രം വർധിത ഡിമാൻഡാണു വിലകളുടെ പടികയറ്റത്തിനു കാരണം.

മാർച്ച് 21നു വിലക്കയറ്റത്തിനു തുടക്കം കുറിക്കുമ്പോൾ ഗാർബിൾഡ് ഇനം കുരുമുളകിന്റെ വില ക്വിന്റലിന് 51,900 രൂപ മാത്രം; അൺഗാർബിൾഡിന്റെ വില 49,900 രൂപയും. 21 വ്യാപാരദിനം പിന്നിട്ടിരിക്കെ വിലയിലുണ്ടായ വർധന 11 ശതമാനത്തിലേറെ. ഇത്ര വർധനയുണ്ടെങ്കിലും വില റെക്കോർഡ് നിലവാരത്തിന് അടുത്തുപോലും എത്തിയിട്ടില്ല. 2014ൽ രേഖപ്പെടുത്തിയ 72,000 രൂപയാണു നിലവിലെ റെക്കോർഡ്.

വില വർധിക്കുകയാണെങ്കിലും വിപണിയിലെത്തുന്ന ചരക്കിന്റെ അളവു തീരെ കുറവാണ്. ഇന്നലെ കൊച്ചി വിപണിയിലെത്തിയതു 33.5 ടൺ മാത്രം. വില കൂടുന്ന പ്രവണത തുടരുമെന്ന പ്രതീക്ഷയിൽ ചരക്കു പിടിച്ചുവച്ചിരിക്കുന്നവർ വിൽപന വൈകിപ്പിക്കുന്നതാണു കാരണം. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ താരതമ്യേന മികച്ച വിൽപന നടന്നതും ചരക്കു വരവിനെ ബാധിച്ചിട്ടുണ്ട്.

കയറ്റുമതി സാധിക്കുന്നില്ല

കഴിഞ്ഞ മാസം 1377 ടൺ കുരുമുളകാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഇതിൽ നല്ല പങ്കും മൂല്യവർധിത ഉൽപന്നമാക്കി കയറ്റുമതി ചെയ്യാനുദ്ദേശിച്ചു വിയറ്റ്നാം, ബ്രസീൽ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തതാണ്. ഇന്ത്യൻ മുളകിനു രാജ്യാന്തര വിപണിയിൽ വില കൂടുതലായതിനാൽ കയറ്റുമതി സാധിക്കുന്നില്ല. ഇന്ത്യൻ കുരുമുളകിന് രാജ്യാന്തര വിപണിയിൽ ആവശ്യപ്പെടുന്ന വില 7125 യുഎസ് ഡോളറാണ്. അതേസമയം, വിയറ്റ്നാം 3650 ഡോളറിനു ചരക്കു ലഭ്യമാക്കുന്നു. ബ്രസീലിന്റെ നിരക്ക് 4200; ഇന്തൊനീഷ്യ 5000 ഡോളർ.

ബ്രസീൽ മുളകിൽ സാൽമൊണെല്ല ബാക്ടീരിയയും വിയറ്റ്നാം മുളകിൽ കീടനാശിനികളുടെ അംശവുമുണ്ടെന്നിരിക്കെ അവ മൂല്യവർധിത ഉൽപന്നമാക്കി കയറ്റുമതിചെയ്താൽ യുഎസിലും യൂറോപ്പിലും മറ്റും ഇന്ത്യൻ കുരുമുളകിന്റെ വിശ്വാസ്യതയെയാണു ബാധിക്കുക.  ഇന്ത്യൻ മുളകിനു വിദേശ വിപണികൾ വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും.  

കിഷോർ ശ്യാംജി, ഇന്ത്യൻ പെപ്പർ ആൻഡ് സ്പൈസ് ട്രേഡേഴ്സ്, ഗ്രോവേഴ്സ്, പ്ലാന്റേഴ്സ് കൺസോർഷ്യം കേരള ചാപ്റ്റർ കൺവീനർ

English Summary:

Pepper price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com