ADVERTISEMENT

ന്യൂഡൽഹി∙ കൊച്ചിയിലും തിരുവനന്തപുരത്തുമായി 'ഗ്രീൻ ഹൈഡ്രജൻ വാലി' സജ്ജമാക്കാനായി കേരളത്തിന് 50 കോടി രൂപയുടെ കേന്ദ്ര ഫണ്ട്.  പ്രകൃതിസൗഹൃദമായ ഗ്രീൻ ഹൈഡ്രജൻ ഇന്ധനം ഒന്നിലേറെ മേഖലകളിൽ ഉപയോഗിക്കുന്ന  പ്രദേശത്തെയാണ് ഗ്രീൻ ഹൈഡ്രജൻ വാലി എന്നു വിളിക്കുന്നത്. കേരളം (തിരുവനന്തപുരം–കൊച്ചി), മഹാരാഷ്ട്ര (പുണെ), ഒഡീഷ (ഭുവനേശ്വർ), രാജസ്ഥാൻ (ജോധ്പുർ) എന്നീ സംസ്ഥാനങ്ങളുടെ പദ്ധതിരേഖകളാണ് കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പ് അംഗീകരിച്ചത്. 4 സംസ്ഥാനങ്ങൾക്കും കൂടി 200 കോടി രൂപ നൽകും. ഹൈഡ്രജൻ വാലി നടപ്പാക്കാനായി കേരളം പ്രത്യേക കമ്പനി രൂപീകരിക്കണം. ഇതിന്റെ ബോർഡിൽ കേന്ദ്രസർക്കാർ നോമിനിയുമുണ്ടാകും.

ഗ്രീൻ ഹൈഡ്രജൻ വാലിയിൽ എന്തൊക്കെ?
∙ കൊച്ചിയിലും (സിയാൽ) തിരുവനന്തപുരത്തുമായി (മുട്ടത്തറ) ഗ്രീൻ ഹൈഡ്രജൻ ഉൽപാദന പ്ലാന്റ്.
∙ കെഎസ്ആർടിസിയുടെ ദീർഘദൂര ഹൈഡ്രജൻ ബസ് സർവീസുകൾ, കൊച്ചി മെട്രോ ഫീഡർ ബസുകൾ.
∙ കൊച്ചി വാട്ടർ മെട്രോയ്ക്കു കീഴിൽ ഹൈഡ്രജൻ ബോട്ട്
∙ കൊച്ചി ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (ടിസിസി) ഉൽപാദിപ്പിക്കുന്ന ഹൈഡ്രജൻ കൂടുതൽ പ്രകൃതിസൗഹൃദമാക്കും.
∙ സിറ്റി ഗ്യാസ് പദ്ധതിയിൽ പ്രകൃതിവാതകത്തിനൊപ്പം 5% ഗ്രീൻ ഹൈഡ്രജൻ ചേർക്കും (ബ്ലെൻഡിങ്).

പരീക്ഷണ ഓട്ടം: 2 റൂട്ടുകൾ പരിഗണനയിൽ
ഗ്രീൻ ഹൈഡ്രജൻ ഇന്ധനമായ വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിന് തിരുവനന്തപുരം–കൊച്ചി, കൊച്ചി–എടപ്പാൾ റൂട്ടുകൾ പരിഗണനയിൽ. കേന്ദ്ര ഗതാഗത മന്ത്രാലയത്തിനു കീഴിൽ ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യയാണ്(എആർഎഐ) പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. ട്രയലിൽ പങ്കെടുക്കാനുള്ള ടെൻഡറിൽ കേരളവും പങ്കെടുക്കുന്നുണ്ട്.  അശോക് ലെയ്‌ലൻ‌ഡ്, ഭാരത് പെട്രോളിയം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി.

ഗ്രീൻ ഹൈഡ്രജൻ
കാർബൺ അംശം അടങ്ങാത്തതിനാൽ, മലിനീകരണമുണ്ടാക്കാത്ത ഇന്ധനസ്രോതസ്സുകളിലൊന്നായാണ് ഹൈഡ്രജനെ കണക്കാക്കുന്നത്. ഹൈഡ്രജൻ വേർതിരിക്കുന്ന പ്രക്രിയ വൻതോതിൽ കാർബൺ പുറന്തള്ളുന്നതാണ്. ഇത് പരിഹരിക്കാനാണ് ഗ്രീൻ ഹൈഡ്രജൻ. സോളർ, കാറ്റ് തുടങ്ങിയ പുനരുപയോഗ ഊർജസ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രോളിസിസ്  പ്രക്രിയ കൊണ്ട് വെള്ളത്തിൽ നിന്നു വേർതിരിച്ചെടുക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ.

English Summary:

Green hydrogen valley

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com