ലോകരാജ്യങ്ങൾ സന്ദർശിക്കാം ഒപ്പം ജോലി ചെയ്ത് വരുമാനവും നേടാം, ഡിജിറ്റൽ നൊമാഡ് വിസയുണ്ടല്ലോ
Mail This Article
വിവിധ വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ഏറെയാണ്. പക്ഷേ യാത്ര ചെയ്യുമ്പോൾ ജോലി ചെയ്യാനാകില്ല എന്നതിനാൽ വരുമാനം കുറയുകയും യാത്രകൾ നിയന്ത്രിക്കേണ്ടിയും വരും. എന്നാൽ വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നതിനൊപ്പം അവിടങ്ങളിൽ ജോലി ചെയ്യാനും വരുമാനം ഉണ്ടാക്കാനും സാധിച്ചാലോ? അതിനുള്ള അവസരങ്ങളും സാധ്യതകളും ഇന്ന് ഏറെ ആണ്. അതിനു സഹായകമായ നൊമാഡ് വിസ ഇന്ന് പല രാജ്യങ്ങളും നൽകുന്നുമുണ്ട്. അതായത് സന്ദർശകർക്ക് നിയമപരമായി ജോലി ചെയ്യാനും വരുമാനം നേടാനും അനുവാദം നൽകുന്ന വിസയാണിത്, ഇന്ത്യൻ പാസ്പോർട്ട് ഉണ്ടെങ്കിൽ പല രാജ്യങ്ങളും ഇത്തരം വിസ അനുവദിച്ചു നൽകും.
സൗത്ത് ആഫ്രിക്ക
ഒരു നിശ്ചിത വരുമാനമുള്ള ഫ്രീലാൻസുകാർക്ക് സൗത്ത് ആഫ്രിക്കയിൽ താമസിക്കാനും ജോലി ചെയ്യാനും ഈ വിസ അനുവദിക്കും. ആറു മാസത്തിൽ കൂടുതൽ സൗത്ത് ആഫ്രിക്കയിൽ തങ്ങുന്നുണ്ടെങ്കിൽ പ്രാദേശിക സർക്കാർ ഓഫീസുകളിൽ ഇത് അറിയിക്കണം. ഈ മാസം 20 മുതലാണ് സൗത്ത് ആഫ്രിക്ക 'ഡിജിറ്റൽ നൊമാഡ് ' വിസ പരിപാടി തുടങ്ങിയത്.
ജർമനി
ഫ്രീലാൻസ് ജോലിക്കാർക്ക് ജർമനി ഈ വിസ നൽകുന്നുണ്ട്. അപേക്ഷകർ ഒരു വർഷത്തേക്ക് ജീവിക്കാനുള്ള സാമ്പത്തിക ശേഷി തെളിയിക്കണം. ഏകദേശം 75 യൂറോ (6,700 രൂപ) വിസയ്ക്കായി ചിലവാകും. ഒരു വർഷംവരെ താമസിക്കാൻ അനുവദിക്കുന്ന ഈ വിസ മൂന്ന് വർഷം വരെ നീട്ടാം.
തുർക്കിയ
ഓൺലൈൻ ആയി തുർക്കിയയിൽ 'ഡിജിറ്റൽ നൊമാഡ് വിസക്ക് അപേക്ഷിക്കാം. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാർക്കും കാനഡ, യുകെ അമേരിക്കൻ പൗരത്വമുള്ളവർക്കും മാത്രമാണ് ഇപ്പോൾ വിസ നൽകുന്നത്.
ഗ്രീസ്
യൂറോപ്യൻ യൂണിയനിൽ അംഗമല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഗ്രീസ് ഡിജിറ്റൽ നോമാഡ് വിസ നൽകുന്നുണ്ട്. അപേക്ഷകർ സാമ്പത്തിക സ്ഥിരത, താമസ സൗകര്യങ്ങൾ എന്നിവയ്‌ക്കൊപ്പം ഫ്രീലാൻസ് ജോലിയുടെ തെളിവും കാണിക്കണം. വിസയ്ക്ക് ഏകദേശം 75 യൂറോ ചിലവാകും. ഒരു വർഷം താമസിക്കാൻ ഈ വിസയിലൂടെ സാധിക്കും. പ്രോസസ്സിംഗ് സമയം രണ്ടാഴ്ച മുതൽ ഒരു മാസം വരെയാണ്.
ഇന്തോനേഷ്യ
ഇന്തോനേഷ്യയ്ക്ക് ഒരു പ്രത്യേക ഡിജിറ്റൽ നോമാഡ് വിസ ഇല്ല. എന്നാൽ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് E33G വിസയിൽ ഒരു വർഷത്തേക്ക് രാജ്യത്ത് ജോലി ചെയ്യാം. ബാങ്ക് വിവരങ്ങളും, ജോലിയുടെയും തെളിവ് ഇതിനായി ഹാജരാക്കണം. വിസയുടെ ചെലവ് ഏകദേശം 150 ഡോളർ ആണ്. ഇത് ലഭിക്കാൻ 14 ദിവസാം വരെയെടുക്കും.
മൗറീഷ്യസ്
ഡിജിറ്റൽ നോമാഡ് വിസയിൽ ആറുമാസം മുതൽ ഒരു വർഷം വരെ രാജ്യത്ത് തുടരാനും ജോലി ചെയ്യാനും മൗറീഷ്യസ് അനുവദിക്കും. പുതുക്കാനുള്ള ഓപ്ഷനുമുണ്ട്. അപേക്ഷകർ മിനിമം പ്രതിമാസ വരുമാനം, മൗറീഷ്യസിന് പുറത്തുള്ള തൊഴിൽ, മതിയായ താമസവും ഇൻഷുറൻസും എന്നിവ തെളിയിക്കേണ്ടതുണ്ട്.
പോർച്ചുഗൽ
യൂറോപ്യൻ സിറ്റിസൺഷിപ് ഇല്ലാത്തവർക്കാണ് പോർച്ചുഗൽ ഡിജിറ്റൽ നോമാഡ് വിസ നൽകുന്നത്, ഒന്നിലധികം എൻട്രികളോടെ ഒരു വർഷത്തെ താമസം ഇത് അനുവദിക്കുന്നു. അപേക്ഷകർ 18 വയസ്സിനു മുകളിലായിരിക്കണം. വിദൂര ജോലിയുടെയോ സ്വതന്ത്ര പ്രവർത്തനത്തിൻ്റെയോ തെളിവ് കാണിക്കുകയും സാമ്പത്തിക, താമസ ആവശ്യകതകൾ പാലിക്കുകയും വേണം. വിസയ്ക്ക് 90 യൂറോയാണ് വില.
ബഹാമസ്
ബഹാമാസ് എക്സ്റ്റൻഡഡ് ആക്സസ് ട്രാവൽ സ്റ്റേ (ബീറ്റ്സ്) വിസ ഫ്രീലാൻസ്‌ക്കർക്ക് ഒന്നിലധികം എൻട്രികളോടെ ഒരു വർഷം വരെ താമസിക്കാൻ അനുവദിക്കുന്നു. അപേക്ഷകർ തൊഴിൽ, സാമ്പത്തിക സ്ഥിരത, മെഡിക്കൽ ഇൻഷുറൻസ് എന്നിവയുടെ തെളിവ് കാണിക്കണം. വിസയ്ക്ക് 25 ഡോളർ ചെലവ് വരും. ആശ്രിതർക്ക് അധിക ഫീസ് നൽകണം.
സ്പെയിൻ
സ്പെയിനിന് പുറത്തുള്ള ഒരു കമ്പനിയിൽ സ്വയം തൊഴിൽ ചെയ്യുന്ന അല്ലെങ്കിൽ വിദൂരമായി ജോലി ചെയ്യുന്ന എല്ലാ പ്രൊഫഷണലുകൾക്കും സ്പെയിൻ ഒരു ഡിജിറ്റൽ നോമാഡ് വിസ വാഗ്ദാനം ചെയ്യുന്നു. തൊഴിൽ, താമസം, ആരോഗ്യ ഇൻഷുറൻസ് എന്നിവയുടെ തെളിവുകൾക്കൊപ്പം ബിരുദമോ പ്രവൃത്തി പരിചയമോ തെളിയിക്കണം. 73 യൂറോയാണ് വിസയുടെ ചാർജ്.
സീഷെൽസ്
സീഷെൽസിലെ വർക്ക്‌കേഷൻ റിട്രീറ്റ് പ്രോഗ്രാം വിസ, ഫ്രീലാൻസർമാർക്കും സംരംഭകർക്കും പ്രൊഫഷണലുകൾക്കും ഒരു വർഷത്തേക്ക് നൽകുന്നു അപേക്ഷകർ തൊഴിൽ, വരുമാനം, താമസം, ആരോഗ്യ ഇൻഷുറൻസ് എന്നിവയുടെ തെളിവ് കാണിക്കണം. വിസയ്ക്ക് 10 യൂറോയാണ് ചെലവ് വരിക.
കോസ്റ്റാറിക്ക
രാജ്യത്തിന് പുറത്ത് ജോലി ചെയ്യുന്ന വ്യക്തികൾക്ക്, കുറഞ്ഞ വരുമാന ആവശ്യകതയോടെ കോസ്റ്റാറിക്ക ഡിജിറ്റൽ നോമാഡ് വിസകൾ വാഗ്ദാനം ചെയ്യുന്നു. അപേക്ഷകർ ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ നൽകുകയും ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുകയും വേണം. 100 ഡോളർ ആണ് ഇതിന്റ്റെ ചെലവ്.
അൽബേനിയ
അൽബേനിയയിൽ ഒരു വർഷം വരെ താമസിക്കാവുന്ന ഡിജിറ്റൽ നൊമാഡ് വിസകളാണ് നൽകുന്നത്. എന്നാൽ ഇത് വീണ്ടും പുതുക്കിയെടുക്കാൻ സാധിക്കും.ഈ വിസ ലഭിക്കാൻ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, താമസിക്കുന്നതിനുള്ള വീട് സൗകര്യം, കേസുകളിൽ പെട്ടിട്ടില്ല എന്ന തെളിവ് എന്നിവയെല്ലാം ഹാജരാക്കണം.