ഫാസ്റ്റ് ബോളർ ക്യാപ്റ്റൻ എന്നെങ്കിലും പറയൂ: ‘മീഡിയം പേസർ’ എന്നു വിളിച്ചയാളെ തിരുത്തി ബുമ്ര
Mail This Article
പെർത്ത്∙ ബോര്‍ഡര്‍ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനു മുൻപു നടത്തിയ വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകൻ ‘മീഡിയം പേസർ ഓൾറൗണ്ടർ’ എന്നു വിളിച്ചത് തിരുത്തി ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര. എനിക്കും 150 കിലോമീറ്റർ വേഗതയില്‍ പന്തെറിയാൻ സാധിക്കുമെന്നായിരുന്നു ബുമ്ര നൽകിയ മറുപടി. ഒരു മീഡിയം പേസർ ഓൾറൗണ്ടറായി ഇന്ത്യയെ നയിക്കുമ്പോൾ എന്തു തോന്നുന്നു എന്നായിരുന്നു ഓസ്ട്രേലിയന്‍ മാധ്യമപ്രവർകത്തകന്റെ ചോദ്യം. ‘‘എനിക്കും 150 കിലോമീറ്റർ വേഗതയിൽ പന്തെറിയാൻ സാധിക്കും. ഫാസ്റ്റ് ബോളർ ക്യാപ്റ്റൻ എന്നെങ്കിലും പറയൂ’’– ബുമ്ര മറുപടി നൽകി.
‘‘ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതിലും വലിയ ആദരമില്ല. കുട്ടിക്കാലം മുതൽ ടെസ്റ്റ് കളിക്കാനാണു ഞാൻ ആഗ്രഹിച്ചിട്ടുള്ളത്. ടെസ്റ്റിൽ ഇന്ത്യയെ നയിക്കുകയെന്ന ചുമതല വളരെക്കുറച്ചു പേർക്കു മാത്രമാണു ലഭിച്ചിട്ടുള്ളത്. ഫാസ്റ്റ് ബോളർമാർ എപ്പോഴും ക്യാപ്റ്റൻസിയിൽ സ്മാർട്ട് ആയിരിക്കും. പാറ്റ് കമിൻസ് വിജയിച്ച ക്യാപ്റ്റനാണ്. കപിൽ ദേവ് അതു ചെയ്തിട്ടുണ്ട്. ഇത് പുതിയൊരു ട്രെന്റ് ആകുമെന്നു പ്രതീക്ഷിക്കാം.’’– ബുമ്ര പ്രതികരിച്ചു.
‘‘ടീമിലെ നേതൃനിരയിലുള്ള ഒരാളാണ് വിരാട് കോലി. ഞാൻ കരിയറിലെ ആദ്യ മത്സരം കളിച്ചത് അദ്ദേഹത്തിനു കീഴിലായിരുന്നു. ഒരു ബാറ്ററെന്ന നിലയിൽ അദ്ദേഹത്തെക്കുറിച്ചു പറയാന്‍ ഞാൻ ആളല്ല. ഒന്നോ, രണ്ടോ പരമ്പരകളിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകുന്നതു സ്വാഭാവികമാണ്. പക്ഷേ അദ്ദേഹത്തിന്റെ ആത്മവിശ്വാസം അദ്ഭുതകരമാണ്.’’– ബുമ്ര വ്യക്തമാക്കി. ക്യാപ്റ്റൻ രോഹിത് ശര്‍മ ആദ്യ ടെസ്റ്റ് കളിക്കാത്തതിനാലാണ് വൈസ് ക്യാപ്റ്റനായ ബുമ്ര ടീം ഇന്ത്യയെ നയിക്കുന്നത്. രണ്ടാം ടെസ്റ്റിനു മുൻപ് രോഹിത് ടീമിനൊപ്പം ചേരും.