ഫെബ്രുവരി 19ന് ചാംപ്യൻസ് ട്രോഫിക്ക് തുടക്കം, അതിനു മുൻപ് ഈ പണികൾ തീരുമോ?: ചർച്ചയായി പാക്കിസ്ഥാനിലെ സ്റ്റേഡിയ നിർമാണം– വിഡിയോ

Mail This Article
കറാച്ചി∙ ദീർഘ കാലത്തെ ഇടവേളയ്ക്കു ശേഷം പാക്കിസ്ഥാൻ ആതിഥ്യം വഹിക്കുന്ന ഐസിസി ടൂർണമെന്റായ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന് തുടക്കമാകാൻ മൂന്ന് ആഴ്ച മാത്രം ബാക്കിനിൽക്കെ, പ്രധാന വേദികളുടെ നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ. നിശ്ചിത സമയത്ത് ജോലികൾ തീർത്ത് വേദികൾ മത്സര സജ്ജമാക്കാനാകുമോ എന്ന കാര്യം സംശയമാണെന്ന് പാക്ക് മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തു. അതേസമയം, നിശ്ചിത സമയത്തു തന്നെ ജോലികൾ തീർത്ത് വേദികൾ വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്.
2017നു ശേഷം ഇതാദ്യമായാണ് ചാംപ്യൻസ് ട്രോഫി മത്സരങ്ങൾ നടത്തപ്പെടുന്നത്. കറാച്ചി, ലഹോർ, റാവൽപിണ്ടി എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. രാഷ്ട്രീയ കാരണങ്ങളാൽ പാക്കിസ്ഥാൻ യാത്രയ്ക്ക് വിസമ്മതിച്ച ഇന്ത്യയുടെ മത്സരങ്ങൾക്ക് ദുബായ് ആണ് വേദിയാകുക.
മുൻധാരണ പ്രകാരം നിശ്ചയിച്ച സമയത്ത് വേദികളുടെ നിർമാണം പൂർത്തിയാക്കുന്നത് നടക്കുന്ന കാര്യമല്ലെന്നാണ് പാക്ക് ദേശീയ മാധ്യമമായ ‘ഡോൺ’ റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച റാവൽപിണ്ടി സ്റ്റേഡിയത്തിലെത്തി നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി, സ്റ്റേഡിയങ്ങളുടെ നിർമാണം ഉടൻ പൂർത്തിയാക്ക് ബോർഡ് നിയന്ത്രണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു.

ചാംപ്യൻസ് ട്രോഫിക്കു മുന്നോടിയായി, ന്യൂസീലൻഡും ദക്ഷിണാഫ്രിക്കയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പര പാക്കിസ്ഥാൻ കളിക്കുന്നുണ്ട്. ഫെബ്രുവരി എട്ടിനാണ് ഈ ടൂർണമെന്റിനു തുടക്കമാകുക. ആദ്യ രണ്ടു മത്സരങ്ങൾ ലഹോറിലും ഫൈനൽ ഉൾപ്പെടെ രണ്ടു മത്സരങ്ങൾ കറാച്ചിയിലുമാണ് നടക്കേണ്ടത്.

‘‘നോക്കൂ, മത്സരങ്ങൾക്കു മുന്നോടിയായി വേദികൾ സജ്ജമായിരിക്കുമെന്ന് തീർച്ചയാണ്. ഈ വേദികളിൽ ലോകോത്തര സൗകര്യങ്ങൾ ഉറപ്പു നൽകിയ പിസിബിയുടെ വാഗ്ദാനം നടക്കുമോയെന്ന് കണ്ടറിയേണ്ടി വരും’ – നിർമാണ ജോലികളുടെ കരാർ സംഘത്തിൽപ്പെട്ട വ്യക്തിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായി പിടിഐ റിപ്പോർട്ട് ചെയ്തു.

നിർമാണ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തമുള്ള ബിലാൽ ചൗഹാൻ എന്ന കോൺട്രാക്ടർ, അനുമതികൾ ലഭിക്കുന്നതിലെ കാലതാമസവും ഉപകരങ്ങളുടെ ലഭ്യതക്കുറവുമാണ് കറാച്ചിയിലെ വേദിയുടെ നിർമാണത്തിൽ നേരിടുന്ന പ്രധാന പ്രശ്നമെന്ന് വിശദീകരിച്ചിരുന്നു.