ലോകത്തിന് സമാധാനവും ഉറക്കവും ഇല്ലാത്ത ദിനങ്ങൾ; സൂചന നൽകി ഗൂഗിൾ
Mail This Article
കോവിഡ് കാലത്ത് ഉറക്കം നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നതായി സൂചിപ്പിച്ച് ഗൂഗിൾ ഡാറ്റ. Insomnia (നിദ്രാവിഹീനത), Can't Sleep (ഉറങ്ങാനാവുന്നില്ല) എന്നീവ വാക്കുകള്‍ തിരയുന്നവരുടെ എണ്ണം ഏപ്രിലിൽ വർധിച്ചുവെന്നാണ് ഗൂഗിൾ ഡാറ്റ വ്യക്തമാക്കുന്നത്. രോഗഭീതിയും ജീവിതശൈലിയിലെ മാറ്റങ്ങളും വരുമാനം നിലച്ചതും ഇതിനു കാരണമായിരിക്കാമെന്നാണു വിലയിരുത്തുന്നത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അയർലന്റ് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ തിരച്ചിൽ.
ലോക്ഡൗണിൽ ജീവിതശൈലിയിൽ മാറ്റങ്ങളുണ്ടായി. വരുമാനം നിലച്ചതിന്റെ ആശങ്കയിലായിരുന്നു പലരും. ജോലി പോകുമോ, ബന്ധുക്കൾ സുരക്ഷിതരായിരിക്കുമോ എന്നീ കാര്യങ്ങളിൽ ആശങ്ക അനുഭവിച്ചവരും നിരവധിയാണ്. ഒന്നും ചെയ്യാനില്ലാത്തതിനാൽ നേരം വെളുക്കുവോളം ഗെയിം കളിച്ചും സമൂഹമാധ്യമങ്ങളിൽ ചെലവഴിച്ചും സമയം കളയുന്നതു പതിവാക്കിയവരുമുണ്ട്. ഇതെല്ലാം ഉറക്കമില്ലാത്ത രാത്രികൾക്കു കാരണമായിരിക്കാമെന്നു കരുതുന്നു.
ലോകത്ത് പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നത് മനുഷ്യരുടെ ഉറക്കത്തെ ബാധിച്ചേക്കാമെന്നു ഹാർവഡ് ഗവേഷകർ നേരത്തെ സൂചിപ്പിച്ചിരുന്നു. തുടർച്ചയായി ഉറക്കമില്ലാത്ത രാത്രികൾ വ്യക്തികളിൽ ശാരീരികവും മാനസികവുമായ അസ്വസ്ഥകൾ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും ഇവരുടെ ജേണൽ നൽകിയിരുന്നു.
നേരത്തെ മെഡിറ്റേഷൻ എന്ന വാക്ക് തിരിയുന്നവരുടെ എണ്ണം വർധിച്ചിതായി ഗൂഗിൾ ട്വീറ്റ് ചെയ്തിരുന്നു. കലുഷിതമായ സാഹചര്യത്തിൽ മെഡിറ്റേഷനിലൂടെ സമാധാനം കണ്ടെത്താനുള്ള ശ്രമമായാണ് ഇതിനെ വിലയിരുത്തിയിരുന്നത്.
English Summary : Searches for Insomnia and meditation increased