നിധിയൊളിപ്പിച്ച അദ്ഭുത ഗുഹയോ? പാറക്കെട്ടുകള്‍ക്കിടയില്‍ സ്വര്‍ണം ഉരുക്കിയൊഴിച്ച പോലെയൊരു ദൃശ്യം!

Mail This Article
കാലിഫോര്‍ണിയയിലെ ബിഗ് സര്‍ എന്ന സ്ഥലത്ത്, നിറയെ പാറക്കെട്ടുകള്‍ നിറഞ്ഞ ഒറ്റപ്പെട്ട ഒരു കടല്‍ത്തീരമുണ്ട്. ഫൈഫർ ബീച്ച് എന്നു പേരുള്ള ഈ ബീച്ചിലെത്തുന്ന സഞ്ചാരികളെ ആദ്യം തന്നെ ആകര്‍ഷിക്കുന്നത് അതിസുന്ദരമായ പര്‍പ്പിള്‍ നിറത്തില്‍ പരന്നുകിടക്കുന്ന മണല്‍ത്തരികളാണ്. ഒരല്‍പം നടന്നാല്‍ അതിനെക്കാള്‍ ഹൃദയഹാരിയായ മറ്റൊരു കാഴ്ച കാണാം, പാറക്കെട്ടുകള്‍ക്കിടയിലെ ഒരു ദ്വാരത്തിലൂടെ, സ്വര്‍ണം ഉരുക്കിയൊഴിച്ചാലെന്ന പോലെ സൂര്യപ്രകാശം കടന്നുവരുന്ന കാഴ്ച! ആദ്യകാഴ്ചയിൽ നിധിയൊളിപ്പിച്ച അദ്ഭുത ഗുഹയാണോ എന്നു തോന്നിപ്പോകും.
സ്വര്‍ണം ഉരുക്കിയൊഴിച്ച പോലെ
കീഹോൾ ആർച്ച് എന്നാണ് ഈ പാറക്കെട്ടുകളുടെ ഓമനപ്പേര്. തിരമാലകളുടെ പ്രവര്‍ത്തനം മൂലം പാറ ദ്രവിച്ച് ഉണ്ടായ ദ്വാരമാണിത്. എല്ലാവര്‍ഷവും ശീതകാലം കഴിയാറാകുമ്പോള്‍ ഈ ദ്വാരത്തിന് സമാന്തരമായി സൂര്യന്‍റെ സ്ഥാനം വരും. സൂര്യാസ്തമയത്തിന് തൊട്ടുമുന്‍പുള്ള സമയത്ത്, പാറയുടെ മധ്യഭാഗത്തുള്ള ദ്വാരത്തില്‍ കൃത്യമായി സൂര്യപ്രകാശം പതിയും.

അരികിലെ ജലത്തില്‍ ഈ വെളിച്ചം തട്ടി പ്രതിഫലിക്കുമ്പോള്‍ സ്വര്‍ണം ഉരുകി ഒഴുകിവരുന്നത് പോലെയാണ് തോന്നുക. എപ്പോഴാണ് ഈ കാഴ്ച തെളിയുകയെന്നു കൃത്യമായി പറയാനാവില്ല. അതിനാല്‍ ഈ കാഴ്ച കാണാനായി മാത്രം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ സാധാരണയായി ഇവിടെ തങ്ങാറാണ് പതിവ്. സാധാരണയായി വര്‍ഷത്തില്‍ രണ്ടു ദിവസം മാത്രമാണ് ഈ കാഴ്ച കാണുക എന്നും പറയപ്പെടുന്നു. ഡിസംബർ, ജനുവരി മാസങ്ങളിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.
സഞ്ചാരികളെ ഇതിലെ
സെൻട്രൽ കാലിഫോർണിയ തീരത്തെ പസഫിക് കോസ്റ്റ് ഹൈവേയിൽ നിന്ന് മാറി, കാർമലിനും സാൻ സിമിയോണിനുമിടയിലാണ് ബിഗ് സര്‍ പ്രദേശം. ലോസ് പാഡ്രെസ് നാഷണൽ ഫോറസ്റ്റിനുള്ളിലാണ് ബീച്ച് സ്ഥിതിചെയ്യുന്നത്. കുത്തനെയുള്ള പാറകളാണ് ഈ പ്രദേശം നിറയെ. ഇവിടേക്കുള്ള വളരെ ഇടുങ്ങിയതായതിനാൽ, വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് റോഡിലേക്ക് പ്രവേശനമില്ല. പാര്‍ക്കിങ് ലോട്ടില്‍ പണം കൊടുത്ത് വണ്ടി പാര്‍ക്ക് ചെയ്തിടാം. പാർക്കിംഗ് സ്ഥലത്ത് നിന്ന് ബീച്ചിലേക്ക് കുറച്ച് നടക്കണം. വേനൽക്കാലത്ത്, ബിഗ് സർ സ്റ്റേഷനിലെ യുഎസ് ഫോറസ്റ്റ് സർവീസ് ആസ്ഥാനത്ത് നിന്ന് കടൽത്തീരത്തേക്ക് ഷട്ടിൽ സര്‍വീസുണ്ട്.
ബീച്ച് രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ തുറന്നിരിക്കും. ശാന്തമായ ഈ ബീച്ചില്‍ വലിയൊരു ജനക്കൂട്ടത്തെ താങ്ങാനുള്ള ശേഷിയോ അടിസ്ഥാന സൗകര്യമോ ഇല്ല. അതുകൊണ്ടുതന്നെ സഞ്ചാരികള്‍ക്ക് ഇവിടെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാംപിങ് ഇവിടെ അനുവദനീയമല്ല.

ക്യാംപ് ചെയ്യണം എന്നുള്ളവര്‍ക്ക് അടുത്തുള്ള ജൂലിയ ഫൈഫർ ബേൺസ് സ്റ്റേറ്റ് പാർക്കിൽ ക്യാംപി ചെയ്യാം. സഞ്ചാരികള്‍ക്കായി നാല് പിക്നിക് ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. ബീച്ചിന്‍റെ വടക്കേ അറ്റത്ത് നഗ്നത അനുവദനീയമാണ്, ഇവിടെ വസ്ത്രങ്ങള്‍ ഇല്ലാതെ നടക്കുന്ന സഞ്ചാരികളെ കാണാം. തണുത്ത വെള്ളവും കൂര്‍ത്ത പാറകളും ശക്തമായ ഒഴുക്കും കാരണം ഇവിടെയുള്ള നീന്തൽ അപകടകരമാണ്. ജൂൺ മുതൽ ആഗസ്ത് വരെയുള്ള സമയത്ത് കനത്ത മൂടൽമഞ്ഞും തണുപ്പുമാണ് ഇവിടെ. പ്രാദേശികമായി "ജൂൺ ഗ്ലൂം" എന്നാണ് ഈ കാലാവസ്ഥ അറിയപ്പെടുന്നത്.
English Summary: Visit Pfeiffer Beach, Big Sur in California