നിത്യവും സന്ധ്യയ്ക്ക് "ഓം നമഃശിവായ" ഇങ്ങനെ ജപിച്ചാൽ

Mail This Article
ഈശ്വരപ്രാർഥനയ്ക്കുള്ള സമയമായാണ് പൂർവികർ തൃസന്ധ്യയെ കണ്ടിരുന്നത്. സന്ധ്യാസമയത്ത് നിലവിളക്കിനു മുന്നിലിരുന്നുള്ള നാമജപം അതീവ ഫലദായകമാണ്. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച് ഭസ്മധാരണത്തോടെ നാമം ജപിക്കണം. ഭസ്മധാരണം മഹേശ്വരപ്രീതികരമാണ്.
നാമജപത്തിൽ ഏറ്റവും പ്രധാനമാണ് പഞ്ചാക്ഷരീ മന്ത്രജപം. ഞാൻ ശിവനെ നമിക്കുന്നു അഥവാ ആരാധിക്കുന്നു എന്നാണു ഭഗവാന്റെ മൂലമന്ത്രത്തിന്റെ അർഥം. ഉഗ്രകോപിയെങ്കിലും ഭക്തരിൽ ക്ഷിപ്രപ്രസാദിയാണ് ഭഗവാൻ. മനസ്സിൽ ഭഗവൽ രൂപം ധ്യാനിച്ച് കൊണ്ട് നൂറ്റെട്ട് തവണ "ഓം നമഃശിവായ" ജപിക്കുക. നിലവിളക്കിന് മുന്നിലിരുന്നുള്ള ഈ ജപം കുടുംബൈശ്വര്യ വർധനവിനും ദുരിതശാന്തിക്കും അത്യുത്തമമാണ്.
‘ഓം നമഃശിവായ’ മന്ത്രത്തിന്റെ മഹിമ വർണനാതീതമാണ്. നിത്യേന ജപിക്കുന്നവർക്ക് ഏത് ആപത്ഘട്ടത്തെയും തരണം ചെയ്യാനുള്ള ആത്മബലം ലഭിക്കും. പഞ്ചാക്ഷരീമന്ത്രത്തിൽ പ്രപഞ്ചശക്തികൾ ഒളിഞ്ഞിരിക്കുന്നു. ഓം എന്നാൽ നശിക്കാത്തതെന്നാണ്. ‘ന’ ഭൂമിയെയും ‘മ’ ജലത്തെയും ‘ശി’ അഗ്നിയെയും ‘വാ’ വായുവിനെയും ‘യ’ ആകാശത്തെയും സൂചിപ്പിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ പഞ്ചഭൂതങ്ങളെയും ഈ മന്ത്രം പ്രതിനിധീകരിക്കുന്നു.ഈ മന്ത്രം തുടർച്ചയായി ചൊല്ലുമ്പോൾ നാം നമ്മെത്തന്നെ ഭഗവാനിൽ സമർപ്പിക്കുന്നു. നമ്മുടെ അഹംഭാവത്തെ ഇല്ലാതാക്കി മനസ്സിലെ മാലിന്യങ്ങൾ നീക്കാനുള്ള ശക്തി ഈ മന്ത്രത്തിനുണ്ട്. ഏതവസരത്തിലും ഓം നമഃശിവായ മന്ത്രം ജപിക്കാം എന്ന പ്രത്യേകതയുണ്ട്. കൂടാതെ നിത്യവും പഞ്ചാക്ഷരീ മന്ത്രം ജപിക്കുന്നവർക്കു ഗ്രഹദോഷങ്ങൾ ബാധിക്കുകയില്ല.
English Summery : Importance of Om Namah Shivaya Mantra