സമ്പൂർണ വിഷുഫലം : കാണിപ്പയ്യൂർ
Mail This Article
മേടമാസം ഒന്നാം തീയതി മുതൽ ഒരു വർഷത്തേക്ക് നമ്മുടെ കാർഷിക സംസ്‌കാരത്തിന്റെ ഭാഗമായി ഒരു ആചരണക്രമം വന്നു. മേട മാസം ഒന്നാം തീയതി മുതൽ നമ്മുടെ അന്തരീക്ഷത്തിനും വിദ്യാഭ്യാസം, സാമ്പത്തികം ഈ മേഖലകൾക്കൊക്കെ എങ്ങനെയായിരിക്കും എന്നുള്ള സമ്പൂർണ ഫലമാണ് സൂചിപ്പിക്കുന്നത്. ജ്യോതിശാസ്ത്രത്തിൽ പ്രശ്നമാർഗത്തിൽ ഇരുപത്തിയഞ്ചാമത് അദ്ധ്യായത്തിൽ വളരെ വിശദമായിട്ട് പറയുന്നതിന്റെ ചെറിയ രൂപമാണ് ഇവിടെ പറയുന്നത്.
2021 ഏപ്രിൽ പതിന്നാലാം തീയതി 1196 മേട മാസം ഒന്നാം തീയതി ബുധനാഴ്ച ഉദയത്തിനു മുൻപ് 2 മണി 32 മിനിട്ടിനാണ് മേടസംക്രമം എന്നു പറയുന്നത്. ഭൂമി യഥാർഥത്തിൽ സൂര്യനെ വലം വയ്ക്കുന്നു. ഭൂമി ഒരു പ്രത്യേക ദിശയിൽ എത്തിച്ചേരുന്ന സമയം ആണ് യഥാർഥത്തിൽ കണക്ക് കൂട്ടുന്നത്. ഇത് പ്രകാരവും ഏപ്രിൽ പതിമൂന്നാം തീയതി പ്ലവം എന്ന പേരോടു കൂടിയതായിട്ടുള്ള ചൈത്രാരംഭം തുടങ്ങി. മീന മാസത്തിലെ കറുത്ത വാവ് കഴിഞ്ഞ് പിറ്റേ ദിവസം എന്ന് പ്രഥമം തുടങ്ങുന്ന ദിവസമാണ് ചൈത്രം ആരംഭിക്കുന്നത്. പ്രഥമാദി വർഷങ്ങൾ 60 എണ്ണമാണ് ഉള്ളത്. ഈ 60 വർഷങ്ങൾക്കും വ്യത്യസ്‌തമായ ഫലങ്ങൾ ആണുള്ളത്.
ഏപ്രിൽ 13 മീനമാസം 30 -ആം തീയതി പ്രഥമ പ്ലവം എന്ന പേരിൽ ചൈത്രാരംഭം തുടങ്ങുന്നു. ജൂൺ മാസം 26 -ആം തീയതി കാലത്ത് ഉദയത്തിനു മുൻപേ 5 മണി 38 മിനിട്ടിനു മുൻപേ തിരുവാതിര ഞാറ്റുവേല തുടങ്ങുന്നു. ഈ സൂര്യൻ 27 നക്ഷത്രങ്ങളിലായി അതായത് ഭൂമി 27 നക്ഷത്രങ്ങളിലായി അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിലായി ഈ മേടമാസം മുതൽ മീന മാസം വരെ സഞ്ചരിക്കുന്നു. ഓരോരോ നക്ഷത്ര സമൂഹത്തിൽ കൂടിയും ഭൂമി സഞ്ചരിക്കുമ്പോൾ അതിന് ഞാറ്റുവേല എന്നു പറയും. തിരുവാതിര ഞാറ്റുവേല തുടങ്ങുന്നത് ജൂൺ മാസം 22 - ആം തീയതി ആണ്. അത് ഉദയത്തിനു മുൻപാണ് ഇതിനെ അടിസ്ഥാനപ്പെടുത്തിയും പൊതുവെ ഈ ഒരു വർഷം 27 ഞാറ്റുവേലകൾ ഉള്ളതിൽ 15 ഞാറ്റുവേല പകലാണ് മറ്റു 12 ഞാറ്റുവേലകളും രാത്രിയിലാണ്. ഈ സൂര്യസംക്രമങ്ങളെല്ലാം മേടം മുതൽ മീനം വരെയുള്ള സൂര്യ സംക്രമങ്ങൾ ഏതേത് ആഴ്ചകളിൽ അടിസ്ഥാനപ്പെടുത്തിയും ഇങ്ങനെ ഒരു സമഗ്രമായിട്ടുള്ള പദ്ധതികളിൽ എങ്ങനെ ആയിരിക്കും കേരളത്തിലെയും ഇന്ത്യയിലെയും എങ്ങനെയൊക്കെ വന്നു ഭവിക്കും എന്നുള്ളത് നോക്കാം.
പ്ലവം എന്നു പേരോട് കൂടിയതായിട്ടുള്ള ചൈത്രാരംഭം തുടങ്ങുന്നതിൽ ഭൂമിയിൽ സമാധാനം എന്നുള്ള ഒരു പദവും ജലമയം എന്നുള്ള ഒരു പദവും ആണ് ആദ്യമായിട്ട് പ്ലവം എന്ന് പേരുള്ള പക്ഷത്തിനെപ്പറ്റി പറയുന്നത്. ജലമയം എന്നുള്ള പദത്തിൽ നിന്നു തന്നെ മഴ ലഭിക്കും.
മേഘത്തിന്റെ അധിദേവത വരുണനാണ് അതുകൊണ്ട് ബഹുവൃഷ്ടിയെപ്പറ്റിയും സൂചിപ്പിക്കുന്നു. ചൈത്രാരംഭം തുടങ്ങുന്നത് ചൊവ്വാഴ്ച ആയതുകൊണ്ട് മഴ കൂടുതൽ ലഭിക്കുന്നത് പർവതങ്ങളിൽ ആയിരിക്കും എന്നു കൂടി സൂചന നൽകുന്നു.
കാലാവസ്ഥ
മേടസംക്രമം ബുധനാഴ്ച ആയതുകൊണ്ട് മഹാവായു എന്നുള്ള പദവും പറയുന്നു. കാറ്റ് ഉണ്ടാകാം. ചൊവ്വാഴ്ച പ്ലവം എന്നു പേരോടു കൂടിയതായിട്ടുള്ള ചൈത്രാരംഭം തുടങ്ങിയതിനാൽ ജലമയം എന്നുള്ള പദവും ലഭിക്കുന്ന മഴ കൂടുതൽ വനപർവതങ്ങളിൽ ആയിരിക്കുമെന്നും സൂചന നൽകുന്നു. ഏപ്രിൽ മാസം 16-ആം തീയതി മുതൽ 30 -ആം തീയതി വരെ ചെറിയ തോതിൽ മഴ ലഭിക്കുവാനിടയുണ്ടെങ്കിൽ പോലും ഏപ്രിൽ 2-ആം തീയതി മുതൽ 25 -ആം തീയതി വരെയുള്ള കാലയളവിൽ കുജൻ എന്ന ഗ്രഹം മകയിരം നക്ഷത്രത്തിൽ സഞ്ചരിക്കുന്ന ഈ കാലയളവിൽ ഉഷ്‌ണം വർധിച്ചുകൊണ്ടായിരിക്കാം മഴ ലഭിക്കുന്നത് .
മേയ് മാസം 4- ആം തീയതി മുതൽ 26- ആം തീയതി വരെ കാറ്റും മഴയും കൂടി ലഭിക്കുന്നതിന്റെ വെളിച്ചത്തിൽ കൂടുതൽ മഴ വനപർവതങ്ങളിൽ ലഭിക്കുന്നതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ അവിടെ സംഭവിക്കാം. കര ഭൂമിയിൽ കാർഷിക മേഖലകൾക്ക് അനുകൂലമായ വിധത്തിൽ മഴ ലഭിക്കുവാൻ സാധ്യത കാണുന്നു. ജൂൺ 2 -ആം തീയതി കാലവർഷം തുടങ്ങാനുള്ള സാധ്യത കാണുന്നു. ജൂൺ 2 മുതൽ ജൂലൈ 20- ആം തീയതി വരെ കുജനും ശനിയും അന്യോന്യം വീക്ഷണം ചെയ്യുന്നതിനാൽ കാറ്റിന്റെ ആധിക്യം ഉണ്ടാകാനുള്ള സാധ്യത കാണുന്നു. അതിനാൽ വന പർവതങ്ങളിൽ ഉണ്ടാകേണ്ടതായിട്ടുള്ള ചില സുഗന്ധ ദ്രവ്യങ്ങൾക്കൊക്കെ തന്നെ കുറച്ചൊക്കെ നാശനഷ്ടങ്ങൾ സംഭവിക്കാനുള്ള സാധ്യത കാണുന്നു. കാർഷിക മേഖലകളിൽ ഏർപ്പെടുന്നവർ വളരെ ശ്രദ്ധിക്കണം. ജൂൺ 2 -ആം തീയതി മുതൽ കാലവർഷം തുടങ്ങുമെങ്കിലും ഇതുവരെ കേരളത്തിൽ ലഭിക്കുന്ന മഴ പോലെയായിരിക്കില്ല ഈ വർഷം സാധ്യത ഉള്ളത്. ചില സ്ഥലങ്ങളിൽ മഴ ലഭിക്കും. മറ്റു ചില സ്ഥലങ്ങളിൽ വരണ്ട കാലാവസ്ഥ വന്നു ചേരുവാനും സൂചന നൽകുന്നു. ജൂലൈ 7- ആം തീയതി മുതൽ ആഗസ്ത് 8 - ആം തീയതി വരെ ഒരു മാസം കനത്ത മഴയ്ക്കു സാധ്യത കാണുന്നു. അണക്കെട്ടുകളിൽ ധാരാളം ജലം ലഭിക്കും. ആഗസ്ത് 26 -ആം തീയതി മുതൽ സെപ്റ്റംബർ 5- ആം തീയതി വരെയുള്ള കാലയളവിൽ മഴ പൊതുവെ കുറവായിരിക്കും. സെപ്റ്റംബർ 22-ആം തീയതി മുതൽ ഒക്ടോബർ 2-ആം തീയതി വരെയുള്ള കാലയളവിൽ തുലാവർഷം ധാരാളം ലഭിക്കും. ഫെബ്രുവരി 22 മുതൽ മാർച്ച് 6 -ആം തീയതി വരെ വേനൽ മഴ ലഭിക്കുവാനുള്ള സാധ്യത കൂടി ഈ ഒരു വർഷത്തെ വിഷു ഫലമായിട്ട് പറയുന്നു.
കാർഷികം
മഴ ധാരാളം ലഭിക്കുന്നതിന്റെ വെളിച്ചത്തിൽ പൊതുവെ കാർഷിക രംഗത്ത് അനുകൂലമായ സമയം. എന്നാൽ വനപർവതങ്ങളിൽ കൂടുതൽ മഴ ലഭിക്കുന്നതിനാൽ ആ പ്രദേശങ്ങളിൽ കുറച്ചൊക്കെ നഷ്‌ടം സംഭവിച്ചേക്കാം. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങളും ലഭിക്കാം. കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള സാഹചര്യം കൂടി വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വന്നു ചേരാനുള്ള സാധ്യത കൂടി കാണുന്നു.
ആരോഗ്യം
ആരോഗ്യമേഖലയിൽ പ്രതിരോധ നടപടികൾക്ക് പ്രാധാന്യം നൽകി പാരമ്പര്യ വിജ്ഞാനത്തോട് കൂടി പൗരാണികമായിട്ടുള്ള ചില സംസ്‌കാരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ചില പദ്ധതികൾ ആവിഷ്‌കരിക്കും. ഈ ഒരു മേഖല ഉയർന്ന പാഠ്യപദ്ധതികളിലൊക്കെ ഉൾപ്പെടുത്തുവാനും ഉള്ള സാധ്യത കാണുന്നു. പ്രവൃത്തി പരിചയം നേടുവാനുള്ള പരിശീലനം എല്ലാ മേഖലകൾക്കും പ്രത്യേകിച്ചും ആരോഗ്യമേഖലയിൽ വന്നുചേരുവാനും യോഗം കാണുന്നു. ഇപ്പോൾ നിലനിൽക്കുന്ന ഈ മഹാമാരിയെ അതിജീവിക്കുവാൻ പ്രതിരോധ കുത്തിവയ്‌പ് ഉണ്ടെങ്കിൽ പോലും ഒരു വർഷത്തേക്ക് നീണ്ടു നിൽക്കും എന്നാണ് കാണുന്നത്. അയൽ രാജ്യങ്ങളുമായുള്ള പ്രശ്നത്തിൽ നമ്മുടെ ഭാരത ഭൂമിയ്ക്കും ചില ദോഷങ്ങൾ കാണുന്നുണ്ട്.
സാമ്പത്തികം
സെപ്റ്റംബർ ഒക്ടോബറോടുകൂടി ഗവണ്മെന്റ് തലത്തിൽ നിന്ന് ബാങ്കിൽ നിന്നുളള പലിശയിളവ് വന്നു ചേരുന്ന സാഹചര്യത്തിൽ വ്യാവസായിക മേഖലയിൽ ഉണ്ടായിട്ടുള്ള ക്ഷീണങ്ങൾ എല്ലാം മാറി എല്ലാ മേഖലകളിലും ഒരു വഴിത്തിരിവ് ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ഇന്ത്യയിലെയും കേരളത്തിലെയും വ്യാപാരവിപണനവിതരണ മേഖലയിൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. നികുതിയിളവ് പ്രഖ്യാപിക്കുന്നതിനാൽ ഭൂമി ക്രയവിക്രയങ്ങളിൽ നേട്ടം കാണുന്നു. വിദേശ രാഷ്ട്രത്തുള്ള വലിയ പ്രസ്ഥാനങ്ങൾ ഈ നാട്ടിൽ വന്നു ചേരും. വിദേശത്തേക്ക് ജോലി അന്വേഷിച്ചു പോകുന്നവർക്ക് നാട്ടിൽ തന്നെ അവസരങ്ങൾ ലഭിക്കും. മേടം ഇടവം മിഥുനം കർക്കടകം ചിങ്ങം കന്നി തുലാം മീനം എന്നീ മാസ കാലങ്ങളിൽ ഏപ്രിൽ 14 -ആം തീയതി മുതൽ നവംബർ 17 -ആം തീയതി വരെയുള്ള 7 മാസങ്ങളിലും 2022 മാർച്ച് 13 -ആം തീയതി മുതൽ ഏപ്രിൽ 13 -ആം തീയതി വരെയുള്ള മീന മാസത്തിലും പദാർഥങ്ങൾക്കെല്ലാം തന്നെ വില വർധിക്കാൻ സാധ്യത കാണുന്നു. വൃശ്ചിക മാസത്തിൽ മാത്രമാണ് വിലക്കുറവ് കാണുന്നത്.
വിദ്യാഭ്യാസം
വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തികമായും വൈജ്ഞാനികമായും തൊഴിലധിഷ്ഠിതമായും ഉള്ള പാഠ്യപദ്ധതികൾ പ്രാബല്യത്തിൽ വന്നു ചേരും. കാർഷിക മേഖലകളും ആരോഗ്യ സംരക്ഷണ മേഖലകളും പ്രാഥമിക പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുവാനുള്ള സാഹചര്യങ്ങൾ ഗവണ്മെന്റ് തലത്തിൽ നിന്നും തുടക്കം കുറിക്കുവാനുള്ള സാധ്യത കാണുന്നു. ഉപരിപഠന പ്രവേശന പരീക്ഷ മുതൽ പ്രവേശനം ലഭിക്കുന്നതുവരെയുള്ള നടപടിക്രമങ്ങളിലുള്ള കാലതാമസങ്ങൾ ഒഴിവാക്കി കൊണ്ട് ഈ മേഖല കൂടുതൽ ഊർജസ്വലമാക്കുവാൻ ഉള്ള നിയമനടപടികൾ വിദ്യാഭ്യാസ വകുപ്പിൽ നിന്നു വന്നു ചേരും. വൈദ്യശാസ്ത്രത്തിനോട് ബന്ധപ്പെട്ട വിഷയത്തിൽ വിദേശത്തു പോയി പഠിക്കുവാനുള്ള സാഹചര്യങ്ങൾക്ക് വളരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനുള്ള സാഹചര്യം കാണുന്നു.
നക്ഷത്രഫലം
അശ്വതി, ഭരണി, കാർത്തിക എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് സാമ്പത്തിക മേഖലകളിൽ നിയന്ത്രണം വേണം. ഒരു പരിധിയിലധികം പണം മുതൽമുടക്കിയുള്ള പ്രവർത്തനമണ്ഡലങ്ങളിൽ നിന്ന് തൽക്കാലം പിന്മാറുന്നത് നന്നായിരിക്കും. കടം കൊടുക്കുക, ജാമ്യം നിൽക്കുക, മധ്യസ്ഥതയ്ക്കു പോകുക, കുറി ചേരുക എന്നിവയൊക്കെ പരമാവധി ഒഴിവാക്കുക. ഔദ്യോഗിക തലത്തിൽ സാമ്പത്തിക ഇടപാടുകളിൽ നിന്ന് തൽക്കാലത്തേക്ക് ഈ ഒരു വർഷം പിന്മാറുന്നത് നന്നായിരിക്കും. എല്ലാ കാര്യങ്ങളിലും ഒരു ക്ഷീണാവസ്ഥ കാണുന്നു. നിസ്സാരകാര്യങ്ങൾക്കും അഹോരാത്രം പ്രവർത്തനം വേണ്ടി വരും. ചെറിയ രീതിയിലുള്ള ശാസ്ത്രക്രിയയ്ക്കുള്ള യോഗം കാണുന്നു. ജീവിതശൈലിയിലുള്ള അപാകതകൾ മൂലം അസ്വാസ്ഥ്യമനുഭവപ്പെടാം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം.
രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ഈശ്വര പ്രാർഥനകളാൽ ആരോഗ്യം തൃപ്‌തികരമാകും കുടുംബത്തിൽ സമാധാനമുണ്ടാകും. തൊഴിൽമേഖലകളിലെ ക്ഷീണാവസ്ഥകൾ പരിഹരിക്കും. വിദഗ്‌ധ ചികിത്സകളാൽ രോഗത്തിൽ നിന്ന് മുക്തി നേടും. വ്യാപാര വിപണന വിതരണ മേഖലകളിൽ വരവും ചെലവും തുല്യമായിരിക്കും. ഏറ്റെടുക്കുന്ന പ്രവർത്തികളിൽ ആത്മാർഥതയോടു കൂടി കൂടുതൽ പ്രവർത്തനം കാഴ്‌ചവയ്‌ക്കുന്നത് വഴി എല്ലാ കാര്യങ്ങളും അനുകൂലമായിത്തീരും.
മകം, പൂരം, ഉത്രം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് കുടുംബാംഗങ്ങൾക്ക് അസുഖം കാണുന്നു. വാഹന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. അസമയങ്ങളിലെ യാത്രകൾ ഒഴിവാക്കണം. സാമ്പത്തിക നഷ്‌ടത്തിനുള്ള യോഗം കാണുന്നതിനാൽ വളരെ ശ്രദ്ധിക്കണം. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കാനിട വരും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ നോക്കണം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. തൊഴിൽ നഷ്ടപ്പെടാനിടയുള്ളതിനാൽ നിലവിലുള്ള ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലിക്ക് ശ്രമിക്കുന്നത് നന്നല്ല. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറുന്നത് ഗുണം ചെയ്യും. എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധയും സൂക്ഷ്‌മതയും വേണ്ടതാണ്.
അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് വളരെയധികം നേട്ടം, പുരോഗതി, അഭിവൃദ്ധി ഇവ കാണുന്നു. നഷ്ടപ്പെട്ട ജോലിക്കു പകരം പുതിയ ജോലി ലഭിക്കും. വ്യാപാരവിപണനവിതരണ മേഖലകളിൽ സാമ്പത്തിക നേട്ടം കാണുന്നു. വിദ്യാർഥികൾക്കും ഗവേഷകർക്കും അനുകൂലമായ സമയം. സൗഭാഗ്യവർധന , സ്ഥാനമാനങ്ങൾ, സൽക്കീർത്തി, സജ്ജനപ്രീതി, സമ്പൽസമൃദ്ധി, പ്രതാപം, ദാമ്പത്യസൗഖ്യം ഇവ കാണുന്നു. മാർഗ്ഗതടസ്സങ്ങളെ നിഷ്പ്രയാസം അതിജീവിക്കാൻ സാധിക്കും.
മൂലം, പൂരാടം, ഉത്രാടം എന്നീ നക്ഷത്രത്തിൽ ജനിച്ചവർക്ക് പല പ്രകാരത്തിലും മാനസികമായ പ്രയാസങ്ങൾ വന്നു ചേരും. എല്ലാ കാര്യങ്ങളിലും ഉത്സാഹക്കുറവ് പ്രത്യേകിച്ച് വിദ്യാർഥികൾക്ക് ഉന്മേഷക്കുറവ് കാണുന്നു. ജോലി നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു. അഗ്നി, ആയുധ ഭീതി എന്നിവ വന്നു ചേരുവാൻ സാധ്യത കാണുന്നു. ത്വക് രോഗം പിടിപെടാനോ പകർച്ചവ്യാധി പിടിപെടാനോ ഉള്ള സാധ്യത കാണുന്നു. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം.
തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം, പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗം ഇവ ലഭിക്കും. വ്യവസായിക മേഖലയിൽ പുരോഗതി കാണുന്നു. നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും. സൽക്കീർത്തി, കുടുംബത്തിൽ സമാധാനം, സാമ്പത്തിക നേട്ടം ഇവ കാണുന്നു. വ്യാപാരവിപണനവിതരണ മേഖലകളിൽ അഭൂത പൂർവമായ വളർച്ച കാണുന്നു.
വിഷുഫലം 2021 ൽ ഏപ്രിൽ 14 മുതൽ ഒരു വർഷത്തേക്ക് ഓരോ നക്ഷത്രക്കാരുടെയും ആരോഗ്യം, അനാരോഗ്യം എന്നിവയെപ്പറ്റി നോക്കാം.
അശ്വതി, രോഹിണി, തിരുവാതിര, ആയില്യം, ഉത്രം, ചിത്തിര, അനിഴം, പൂരാടം, തിരുവോണം, പൂരുരുട്ടാതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ആരോഗ്യം വളരെ തൃപ്‌തികരമായിരിക്കും. രോഗാവസ്ഥകൾക്ക് കൃത്യമായ ചികിത്സ ലഭിക്കും. പ്രതിരോധ ശക്തി വർധിക്കും.
ഭരണി, മകയിരം, പൂയം, മകം, അത്തം, തൃക്കേട്ട, ഉത്രാടം, ചതയം, ഉത്തൃട്ടാതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ആരോഗ്യം കുറയും. പകർച്ചവ്യാധി പിടിപെടുവാൻ സാധ്യത കാണുന്നു. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തണം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.
കാർത്തിക, പുണർതം, പൂരം, ചോതി, വിശാഖം, മൂലം, അവിട്ടം, രേവതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ആരോഗ്യവും അനാരോഗ്യവും തുല്യമായിട്ടുള്ള അവസ്ഥയാണ് കാണുന്നത്.
2021 വിഷുഫലത്തിൽ ഏപ്രിൽ 14 മുതൽ ഒരു വർഷത്തേക്ക് ഓരോ നക്ഷത്രക്കാരുടെയും സാമ്പത്തിക സ്ഥിതി എങ്ങനെ എന്ന് നോക്കാം.
രോഹിണി, പൂയം, ഉത്രം, വിശാഖം, പൂരാടം, ചതയം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് സാമ്പത്തിക അവസ്ഥയിൽ അനുകൂലമായ സാഹചര്യം കാണുന്നു. നഷ്ടപ്പെട്ട ഉദ്യോഗം ലഭിക്കുന്നതിനാൽ സാമ്പത്തിക നേട്ടം കാണുന്നു. കടം കൊടുത്ത സംഖ്യ തിരികെ ലഭിക്കും. പ്രവൃത്തി മണ്ഡലങ്ങളിൽ നിന്ന് ലാഭശതമാനം വർധിക്കും.
ഭരണി, തിരുവാതിര, മകം, ചിത്തിര, തൃക്കേട്ട, തിരുവോണം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് സാമ്പത്തികമായി വളരെ ക്ഷീണാവസ്ഥ കാണുന്നു. പണം കൈകാര്യം ചെയ്യുന്ന വിഷയത്തിൽ ശ്രദ്ധിക്കണം. പുതിയ കർമമണ്ഡലങ്ങളിൽ ഏർപ്പെടുന്നവർ വളരെ ശ്രദ്ധിക്കണം. സാമ്പത്തികമായ ഇടപാടുകൾ ഏറ്റെടുക്കുന്നത് നന്നല്ല. എല്ലാ കാര്യങ്ങളിലും ഒരു നിയന്ത്രണം വേണം.
13 നക്ഷത്രങ്ങൾ കഴിഞ്ഞാൽ ബാക്കിയുള്ള 14 നക്ഷത്രങ്ങൾക്കും വരവും ചെലവും തുല്യമായിരിക്കും. അശ്വതി, കാർത്തിക, മകയിരം, പുണർതം, ആയില്യം, പൂരം, അത്തം, ചോതി, അനിഴം, മൂലം, പൂരുരുട്ടാതി, രേവതി, ഉത്രാടം, അവിട്ടം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് വരവും ചെലവും തുല്യമായിരിക്കും. ചെലവിനങ്ങളിൽ നിയന്ത്രണം വേണം. 27 നക്ഷത്രത്തിൽ 6 നക്ഷത്രക്കാർക്ക് ആണ് സാമ്പത്തികമായി നേട്ടം കാണുന്നുള്ളൂ.
2021 വിഷുഫലത്തിൽ ഏപ്രിൽ 14 മുതൽ 2022 ഏപ്രിൽ വരെയുള്ള കാലയളവിൽ വ്യാഴത്തിന്റെ അതിചാരം വരുന്നതിനാൽ ലോകമെമ്പാടും പലപ്രകാരത്തിൽ നാശനഷ്ടങ്ങളും അനിഷ്ടങ്ങളും വെള്ളപ്പൊക്കം, ഭീകര പ്രവർത്തനങ്ങളുടെ ആധിക്യം, മഞ്ഞ് ഉരുകി കടൽ കര കയറുക, ശക്തിയായ കാറ്റടിക്കുക തുടങ്ങിയ പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ലോകമെമ്പാടും ഉണ്ടാകാം എന്നൊരു സൂചനയും കാണുന്നു. വിജ്ഞാനികളുടെയും അനുഭവജ്ഞാനമുള്ളവരുടെയും പ്രവർത്തി പരിചയമുള്ളവരുടെയും നിർദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ചു ചെയ്യുന്ന ഒരു ഭരണ സംവിധാനം കേരളത്തിൽ കാണുന്നു. ജനത്തിന് ഹിതമായി പ്രവർത്തിക്കാനുള്ള സാഹചര്യങ്ങളൂം അവസരങ്ങളും ഭരണകർത്താക്കൾക്ക് ഉണ്ടാകുവാനുള്ള സാധ്യത കാണുന്നു.
English Summary : Vishu Prediction 2021 by Kanippayyur