സ്പാ ഇടുന്നതോ ടൂറിസമോ അല്ല ആയുർവേദം; കൂടുതൽ ജനകീയമാക്കാൻ കോട്ടയ്ക്കൽ ആര്യവൈദ്യശാല

Mail This Article
ആയുര്‍വേദത്തെ പുതുതലമുറയ്ക്കും സ്വീകാര്യമാകുംവിധം വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങൾ ശാസ്ത്രീയമായി അവതരിപ്പിക്കാനൊരുങ്ങി കോട്ടയ്ക്കല്‍ ആര്യവൈദ്യശാല. പുതിയ കാലത്ത് മാറ്റങ്ങളോടെ ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കി മാറ്റുകയാണ് ലക്ഷ്യം. കൂടുതല്‍ ഉപയുക്തമാകുന്ന ഉല്‍പന്നങ്ങളെ ക്ലിനിക്കല്‍ പരിശോധനകളിലൂടെ ഉറപ്പുവരുത്തിയാണ് വിപണിയിലെത്തിക്കുന്നതെന്ന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സിഇഒ കെ. ഹരികുമാര്‍ പറയുന്നു. കൊച്ചിയിൽ നടന്ന മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റിൽ സംബന്ധിക്കുകയായിരുന്നു അദ്ദേഹം.
ചികിത്സയിലുള്ള വിശ്വാസം

'100ല്‍ പരം വര്‍ഷത്തോളമായി കേരളത്തിലും ഇന്ത്യയിലും വിദേശത്തും ചികില്‍സാരംഗത്ത് വളരെ പ്രാമുഖ്യമുള്ള സ്ഥാപനമാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല. ഇവിടെയെത്തുന്നവര്‍ 30-40 വര്‍ഷമായി ആവര്‍ത്തിച്ച് വരുന്ന രോഗികളാണ്. രോഗികള്‍ വീണ്ടും ഇവിടെ എത്തുന്നതിന്റെ കാരണം ചികിത്സയിലുള്ള അവരുടെ ആത്മവിശ്വാസമാണ്. സ്ഥാപനത്തിന്റെ വിശ്വാസ്യതയാണ് ഇവിടെ പ്രകടമാകുന്നത്.
ആയുര്‍വേദത്തെ മോഡേണ്‍ മെഡിസിന്റെ അളവുകോല്‍ അനുസരിച്ചാണ് അളക്കുന്നത്. പ്രൊഡക്റ്റ് ടെസ്റ്റിങ്, ആപ്ലിക്കേഷന്‍ തുടങ്ങിയവയിലെല്ലാം ക്ലിനിക്കല്‍ ട്രയലിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് വേണം. ഇതിനായി ഐഐടി ഖരഖ്പൂർ, എയിംസ് തുടങ്ങി വിവിധ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രൊഡക്ട് ഡവലപ്‌മെന്റുമായി ബന്ധപ്പെട്ടാണ് ഇതെല്ലാം. ക്ലിനിക്കല്‍ ട്രയല്‍ ചെയ്തുകഴിഞ്ഞാല്‍ അത് പീര്‍ റിവ്യൂഡ് ജേണലില്‍ പ്രസിദ്ധീകരിക്കാനും ശ്രമിക്കുന്നുണ്ട്.
ഗവേഷണങ്ങൾക്ക് മുൻതൂക്കം
അല്‍പ്പകാലം മുമ്പ് വരെ കോട്ടയ്ക്കല്‍ ഗവേഷണ അഡ്വൈസറി വിഭാഗം ഹെഡ് ചെയ്തിരുന്നത് ഡോ. എം.എസ്. വല്യത്താനായിരുന്നു എന്നതുതന്നെ ഈ മേഖലയ്ക്ക് ഞങ്ങള്‍ കൊടുക്കുന്ന പ്രാമുഖ്യം അടിവരയിടുന്നു. ആരും ചെയ്യാത്ത തരത്തിലുള്ള ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. ആയുര്‍വേദം എങ്ങനെ കൂടുതല്‍ ജനകീയമാക്കാം, ആയുര്‍വേദം ഇന്നത്തെ ആധുനിക അളുവകോല്‍ അനുസരിച്ച് എങ്ങനെ സ്വീകാര്യമാക്കാം, എങ്ങനെ കുറേക്കൂടി യൂസബിള്‍ ഫോമിലേക്ക് ആയുര്‍വേദത്തെ മാറ്റാം, ഇതിലെല്ലാം ഫോക്കസ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍.

500 ബെഡ് ഹോസ്പിറ്റലാണ് ഇവിടെയുള്ളത്. അവിടെ പേഷ്യന്റ് ഫീഡ്ബാക്ക്, പേഷ്യന്റ് കെയര്‍ എല്ലാമുണ്ട്. ഹോളിസ്റ്റിക് കെയറാണ് ഞങ്ങള്‍ നല്‍കുന്നത്. മനുഷ്യനെ മനുഷ്യരായി കണ്ടാണ് ചികില്‍സ. ഓരോരുത്തരുടെയും ആവശ്യകത മനസിലാക്കിയുള്ള വ്യക്ത്യധിഷ്ഠിത ട്രീറ്റ്‌മെന്റാണ് നല്‍കുന്നത്. അതാണ് വിജയത്തിന്റെ രഹസ്യം. - അദ്ദേഹം പറയുന്നു.
ആയുര്‍വേദവും ടൂറിസവും രണ്ടാണ്
ആയുര്‍വേദത്തെ ടൂറിസവുമായി ബന്ധപ്പെടുത്തി പ്രൊമോട്ട് ചെയ്യേണ്ടതല്ല. ആയുര്‍വേദത്തില്‍ ടൂറിസത്തേക്കാളും ട്രീറ്റ്‌മെന്റിനാണ്, പേഷ്യന്റ് കെയറിനാണ് ഊന്നല്‍ നല്‍കേണ്ടത്. ടൂറിസത്തിന് വേണ്ടിയാകരുത് ആയുര്‍വേദം. ആയുര്‍വേദത്തിന്റെ ഗുണങ്ങള്‍ നേടാന്‍ വരുന്നതിന്റെ ഭാഗമായി ടൂറിസം കൂടി വന്നാല്‍ കുഴപ്പമില്ല. ടൂറിസത്തിന് ഊന്നല്‍ നല്‍കി സ്പാ ഇടുന്നതല്ല ആയുര്‍വേദ ട്രീറ്റ്‌മെന്റ്. കുറേ പ്രഷര്‍ പോയിന്റില്‍ പ്രഷര്‍ അപ്ലൈ ചെയ്യുന്നതല്ല ആയുര്‍വേദം.

സ്പാ തുടങ്ങി എണ്ണ ഇട്ട് തിരുമ്മിയാല്‍ ആയുര്‍വേദമാകുമെന്ന സങ്കല്‍പ്പം പാടില്ല. മറ്റ് രാജ്യങ്ങള്‍ക്ക് ഇല്ലാത്ത ഗുണങ്ങള്‍ അയുര്‍വേദം ഇന്ത്യക്ക് നല്‍കുന്നു. എല്ലാ ചികില്‍സാ സമ്പ്രദായങ്ങളും ഉള്‍പ്പെടുത്തി ഇന്റഗ്രേറ്റഡ് അപ്രോച്ച് വികസിപ്പിക്കുകയാണ് വേണ്ടത്. ആയുര്‍വേദവും അലോപ്പതിയും കൂടി ഇന്റഗ്രേറ്റ് ചെയ്ത് ചില അസുഖങ്ങള്‍ക്ക് ചികില്‍സ നല്‍കാവുന്നതാണ്. അതിലാണ് ഫോക്കസ് ചെയ്യേണ്ടത്.
അലോപ്പതി ചികില്‍സ തുടര്‍ന്ന് ആയുര്‍വേദത്തിന്റെ ഗുണങ്ങള്‍കൂടി സാധ്യമാകുന്ന തലങ്ങള്‍ ആലോചിക്കുകയാണ് വേണ്ടത്. ഇങ്ങനെ വന്നാല്‍ മെഡിക്കല്‍ ടൂറിസം സ്വാഭാവികമായും വളരും.
100-ാം വാര്‍ഷികം
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ചാരിറ്റബിള്‍ ഹോസ്പിറ്റലിന്റെ 100-ാം വാര്‍ഷികം കൂടിയാണ് ഈ വര്‍ഷം. 'അവിടെ എല്ലാം സൗജന്യമാണ്. 100 ബെഡ് ഹോസ്പിറ്റലാണ്. ഫുഡ്, അക്കമഡേഷന്‍, ട്രീറ്റ്‌മെന്റ് എല്ലാം ഫ്രീയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനകം രണ്ട് കോടി ആളുകളാണ് ഇവിടുത്തെ ചികില്‍സയുടെ ഗുണഭോക്താക്കളായത്.'
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business