‘ഹാപ്പി ബർത്ഡേ കുട്ടി മാവീരൻ’; ശിവകാർത്തികേയന്റെ മകന്റെ പിറന്നാൾ ചിത്രങ്ങൾ

Mail This Article
മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിലെത്തിയിട്ടും എളിമയും ലാളിത്യവും ഒട്ടും കൈമോശം വന്നിട്ടില്ലാത്ത തമിഴ് യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ശിവകാർത്തികേയൻ. കഴിഞ്ഞ ദിവസം മകന്റെ ജന്മദിനത്തോട് അനുബന്ധിച്ചു ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങൾ അധികമൊന്നും പുറത്തു വിടാത്തതു കൊണ്ടുതന്നെ ആരാധകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നിറഞ്ഞ സ്നേഹമാണ് ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.


''ഹാപ്പി ബർത്ഡേ ഡാ തമ്പി'' എന്നാണ് ആരാധകരുടെ പ്രിയപ്പെട്ട ശിവ മകൻ ഗഗന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് കുറിച്ചിരിക്കുന്നത്. മകൾ ആരാധനയും ഭാര്യ ആർതിയും താരത്തിനും മകനുമൊപ്പം ചിത്രങ്ങളിലുണ്ട്. ആദ്യത്തെ ചിത്രത്തിൽ മകളെ ശിവ കാർത്തികേയൻ കയ്യിലെടുത്തു നിൽക്കുമ്പോൾ മകൻ അതിസുന്ദരമായ ഒരു ചിരിയോടെ അമ്മയുടെ കൈകളിൽ ഇരുന്നാണ് ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്.

ചേച്ചിയും അനിയനും മാത്രമുള്ള ഒരു ഫോട്ടോയും കുസൃതിയോടെ പിതാവിനൊപ്പം കളിച്ചുകൊണ്ടിരുന്ന ഗഗനേയും മറ്റൊരു ചിത്രത്തിൽ കാണാവുന്നതാണ്. ആ ഫോട്ടോയിൽ ഇരുവർക്കും പിറകിലായി ആർതിയേയും ആരാധനയെയും കാണാം. 2021 ജൂലൈ 12 നാണ് ശിവകാർത്തികേയന് മകൻ ജനിച്ചത്. കുട്ടിയുടെ രണ്ടാം ജന്മദിനം പ്രമാണിച്ചാണ് താരം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
താരങ്ങളും സുഹൃത്തുക്കളുമടക്കം ധാരാളം പേരാണ് ഗഗന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. പിതാവിന്റെ ഫോട്ടോകോപ്പി തന്നെയാണ് ഗഗൻ എന്ന് ചിലരെഴുതിയപ്പോൾ ഹാപ്പി ബർത്ഡേ കുട്ടി ശിവ എന്ന ആശംസകളും കമെന്റ് ബോക്സിലുണ്ട്. ''ഹാപ്പി ബർത്ഡേ കുട്ടി മാവീരൻ'' എന്നാണ് നടനും ശിവകാർത്തികേയന്റെ സുഹൃത്തുമായ സിബി സത്യരാജ് കുറിച്ചിരിക്കുന്നത്. കണ്ണുകളിൽ സ്നേഹം നിറച്ച ഇമോജികളും ചുവന്ന ഹൃദയ ചിഹ്നങ്ങളുമൊക്കെ നൽകിയാണ് ശിവകാർത്തികേയന്റേയും കുടുംബത്തിന്റെയും ചിത്രങ്ങളോടുള്ള സ്നേഹം ആരാധകർ പങ്കുവെച്ചിരിക്കുന്നത്.
Content Summary : Sivakarthikeyan shares birthday photos of son Gugans