ആറു ഭാഷകളിൽ അമ്മയ്ക്കൊരു കത്ത്, ഒപ്പം ചക്കരയുമ്മയും; വൈറലായി അസിന്റെ മകളുടെ കുറിപ്പ്

Mail This Article
മകൾ അരിൻ എഴുതിയ ഒരു കത്തുമായാണ് അസിൻ ഇത്തവണ സോഷ്യൽ മീഡിയയിൽ എത്തിയത്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ആയാണ് അരിൻ എഴുതിയ കത്ത് അസിൻ ആരാധകർക്കായി പങ്കുവെച്ചത്. ഒന്നല്ല ആറു ഭാഷകളിലാണ് ഈ കത്ത് അറിൻ എഴുതിയിരിക്കുന്നത്. 'എന്റെ ആറു വയസുകാരിയിൽ നിന്ന്' എന്ന അടിക്കുറിപ്പോടെയാണ് കത്ത് സ്റ്റോറി ആയി പങ്കുവെച്ചത്. ഈ കത്തിൽ എത്ര ഭാഷകൾ കാണാൻ കഴിയുന്നുണ്ടെന്നും അസിൻ ചോദിക്കുന്നുണ്ട്. റഷ്യൻ ഭാഷയിൽ തുടങ്ങുന്ന കത്ത് അവസാനിക്കുന്നത് നല്ല പച്ചമലയാളത്തിൽ ചക്കര ഉമ്മ ചക്കര അമ്മയ്ക്ക് നൽകിക്കൊണ്ടാണ്.

'പ്രിയപ്പെട്ട മമ്മാ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. താങ്കൾ വളരെ നല്ലതാണ്. ദയയുള്ളവളും മാധുര്യമുള്ളവളും സ്നേഹമുള്ളവളുമാണ്. ഒപ്പം വളരെ തമാശക്കാരിയുമാണ്. ഒരു നല്ല അവധിക്കാലം എനിക്ക് ലഭിച്ചു. അമ്മയ്ക്ക് നന്ദി. ചക്കര ഉമ്മ, ചക്കര മമ്മ' എന്നാണ് കത്ത്. റഷ്യൻ, ഫ്രഞ്ച്, സ്പാനിഷ്, ജർമൻ, ഇറ്റാലിയൻ, മലയാളം എന്നീ ഭാഷകളിലാണ് കത്ത് എഴുതിയിരിക്കുന്നത്.

ഏതായാലും അമ്മയ്ക്കെഴുതിയ കത്തിലൂടെ അമ്മയുടെ ആരാധകർക്ക് പ്രിയങ്കരി ആയിരിക്കുകയാണ് മകൾ അരിനും. 2001ൽ സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് അസിൻ സിനിമയിലേക്ക് എത്തിയത്. തുടക്കം മലയാളത്തിൽ ആയിരുന്നെങ്കിലും 2003ൽ തെലുങ്കിലാണ് ആദ്യത്തെ കൊമേഴ്സ്യൽ ഹിറ്റ് ലഭിച്ചത്. പിന്നീട് തമിഴിലും താരം സജീവമായി. പിന്നീട് ബോളിവുഡിലും സജീവമായി. 2016 ജനുവരിയിലാണ് മൈക്രോമാക്സ് സഹസ്ഥാപകനായ രാഹുൽ ശർമയെ അസിൻ വിവാഹം കഴിച്ചത്. 2017ലാണ് മകൾ അറിൻ ജനിച്ചത്.

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത നിരവധി താരപുത്രൻമാരും താരപുത്രിമാരും ഉണ്ട്. അതുമാത്രമല്ല അത്ര സജീവമല്ലാത്ത താരങ്ങളുമുണ്ട്. അത്തരത്തിൽ ഒരാളാണ് ഒരുകാലത്ത് തെന്നിന്ത്യയിലെ പ്രിയനടി ആയിരുന്ന അസിൻ തോട്ടുങ്കൽ. വളരെ അപൂർവമായാണ് അസിൻ ഇൻസ്റ്റഗ്രാമിലോ സോഷ്യൽ മീഡിയയിലോ ചിത്രങ്ങളും വിഡിയോകളും പങ്കുവെയ്ക്കാറുള്ളൂ. ഓരോ വർഷവും മകൾ അരിന്റെ പിറന്നാൾ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്