റേഷൻ വിതരണം വീണ്ടും പ്രതിസന്ധിയിലേക്ക്

Mail This Article
ആലപ്പുഴ ∙ മാസം പകുതിയായിട്ടും വാതിൽപടി വിതരണം വൈകുന്നതോടെ ഇത്തവണയും റേഷൻ വിതരണം പ്രതിസന്ധിയിലേക്ക്. മാസത്തിലെ ആദ്യ ദിവസങ്ങളിൽ ആരംഭിക്കേണ്ട റേഷൻകടകളിലേക്കുള്ള ചരക്കുനീക്കമാണു ഭൂരിഭാഗം താലൂക്കുകളിലും ഇനിയും ആരംഭിക്കാത്തത്.
ഈ മാസം മാവേലിക്കര, ചേർത്തല താലൂക്കുകളിൽ മാത്രമാണു കുറച്ചെങ്കിലും വാതിൽപടി വിതരണം നടന്നത്. വാതിൽപടി വിതരണം വൈകിയതോടെ ചില കടകളിൽ സ്റ്റോക്ക് കുറഞ്ഞു തുടങ്ങി. കാർത്തികപ്പള്ളി താലൂക്കിലാണു സ്ഥിതി കൂടുതൽ മോശമായത്. ഉടൻ വാതിൽപടി വിതരണം ആരംഭിച്ചില്ലെങ്കിൽ റേഷൻകടകളിലെത്തുന്ന കാർഡ് ഉടമകൾക്കു നൽകാൻ ഭക്ഷ്യധാന്യം ഇല്ലാത്ത സ്ഥിതിയെത്തും.
ഫെബ്രുവരിയിൽ വാതിൽപടി വിതരണത്തിനുള്ള സാധനങ്ങൾ ലോറിയിൽ കയറ്റിയതിന്റെ കൂലി ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിൽ അടയ്ക്കാതെ വന്നതോടെ ലോഡ് കയറ്റേണ്ടെന്നു ചുമട്ടു തൊഴിലാളികൾ തീരുമാനിക്കുകയായിരുന്നു. പണം ഉടൻ നൽകാമെന്ന ധാരണയിലാണു ചിലയിടങ്ങളിൽ ചരക്കുനീക്കം ആരംഭിച്ചത്. എന്നാൽ ക്ഷേമനിധിയിലേക്കുള്ള പണം അടയ്ക്കാതെ ലോഡ് കയറ്റേണ്ടെന്ന നിലപാടിലാണു ചുമട്ടുതൊഴിലാളി ക്ഷേമനിധിയും.
ചുമട്ടുതൊഴിലാളികളുടെ വേതനം വാതിൽപടി കരാറുകാർ ക്ഷേമനിധിയിൽ അടയ്ക്കുകയും അവിടെ നിന്നു വിതരണം ചെയ്യുകയുമാണു ചെയ്യുന്നത്. സപ്ലൈകോയിൽ നിന്നു ലഭിക്കേണ്ട പണം മുഴുവനും ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണു വാതിൽപടി വിതരണ കരാറുകാർ ക്ഷേമനിധിയിലേക്കുള്ള പണം അടയ്ക്കാൻ വൈകുന്നത്. ചെയ്ത ജോലിക്കുള്ള കൂലി വൈകുന്നതിനെതിരെ ആലപ്പുഴ എഫ്സിഐ സംഭരണശാലയിലേക്കു ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 20നു മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
റേഷൻ കടയടപ്പ് സമരം മാറ്റി
റേഷൻ വാതിൽപടി വിതരണം താമസിക്കുന്നെന്നു ചൂണ്ടിക്കാട്ടി അമ്പലപ്പുഴ താലൂക്കിൽ റേഷൻ വ്യാപാരികൾ നാളെ നടത്താനിരുന്ന കടയടപ്പു സമരം മാറ്റി. ജില്ലാ സപ്ലൈ ഓഫിസർ കെ.മായാദേവിയുമായി നടത്തിയ ചർച്ചയിൽ 19ന് അകം റേഷൻ വാതിൽപടി വിതരണം ആരംഭിക്കാമെന്ന ഉറപ്പു ലഭിച്ചതോടെയാണു സമരം മാറ്റിയത്.എന്നാൽ 19ന് അകം വാതിൽപടി വിതരണം ആരംഭിച്ചിട്ടില്ലെങ്കിൽ 20നു സമരം ചെയ്യുമെന്നു ജില്ലാ സപ്ലൈ ഓഫിസറെ അറിയിച്ചിട്ടുണ്ടെന്നു റേഷൻ വ്യാപാരി സംയുക്ത സമിതി നേതാക്കളായ കെ.ആർ.ബൈജു, വി.വി.ഗോപാലകൃഷ്ണൻ, കെ.ജെ.തോമസ് എന്നിവർ പറഞ്ഞു.
മസ്റ്ററിങ് നടത്താത്തവരുടെ റേഷൻ വിഹിതം കുറച്ചു
ആലപ്പുഴ∙ റേഷൻകാർഡ് മസ്റ്ററിങ് നടത്താത്തവരെ സ്ഥലത്തില്ലാത്തവരായി രേഖപ്പെടുത്തി റേഷൻ വിഹിതം കുറവു ചെയ്തു. മഞ്ഞ, പിങ്ക് റേഷൻകാർഡുകളിലെ അംഗങ്ങളിൽ മസ്റ്ററിങ്ങിന് അനുവദിച്ച സമയം 31ന് കഴിയാനിരിക്കെയാണു നടപടി. ഇതുവരെ മസ്റ്റർ ചെയ്യാത്തവർ സ്ഥലത്തില്ലെന്നും അവരുടെ റേഷൻ വിഹിതം അനധികൃതമായി ബന്ധുക്കൾ വാങ്ങുകയാണെന്നുമാണു ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ വിലയിരുത്തൽ.
തുടർന്നാണു മസ്റ്റർ ചെയ്യാത്തവരെ നോൺ റസിഡന്റ് കേരള (എൻആർകെ) എന്ന വിഭാഗത്തിലേക്കു മാറ്റി റേഷൻ വിഹിതം കുറവു ചെയ്തത്. മസ്റ്ററിങ് ചെയ്യാത്തവരെയും മസ്റ്ററിങ് ചെയ്തിട്ടുള്ള, വിദേശത്തു പഠിക്കുന്നവർ ഉൾപ്പെടെയുള്ളവരെയും ചേർത്ത് ഇപ്പോൾ ആകെ 76,038 പേർ എൻആർകെ വിഭാഗത്തിലായി.
നിലവിൽ ഇവർക്കുള്ള റേഷൻ വിഹിതം അനുവദിക്കില്ലെങ്കിലും ഇവർ മസ്റ്ററിങ് ചെയ്യുന്നതു മുതൽ റേഷൻ വിഹിതം ലഭ്യമാക്കും. എന്നാൽ പലതവണ ശ്രമിച്ചിട്ടും മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയാത്തവരും ഈ പട്ടികയിൽ ഉൾപ്പെട്ട് റേഷൻ വിഹിതത്തിനു പുറത്തായിട്ടുണ്ട്. പലതവണ ശ്രമിച്ചിട്ടും മസ്റ്ററിങ് പൂർത്തിയാക്കാനാകാഞ്ഞവരുടെ വിവരങ്ങൾ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിനു നൽകി മസ്റ്റർ ചെയ്തവർക്കൊപ്പം ചേർക്കുമെന്നാണു പറഞ്ഞിരുന്നത്.
എന്നാലിത് മസ്റ്ററിങ് കാലാവധി പൂർത്തിയായ ശേഷമേ ഉണ്ടാകൂ. പലതവണ ശ്രമിച്ചിട്ടും മസ്റ്റർ ചെയ്യാനാകാഞ്ഞവരെയും ആക്ഷേപം ഉന്നയിക്കുന്നവരെയും പൊതുവിതരണ വകുപ്പു തന്നെ എൻആർകെ വിഭാഗത്തിൽ നിന്നു നീക്കം ചെയ്ത് റേഷൻ ഉറപ്പാക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. മരിച്ചവർ, സ്ഥലത്തില്ലാത്തവർ തുടങ്ങിയവരുടെ പേരിൽ അനധികൃതമായി റേഷൻ വാങ്ങുന്നതു തടയാനാണു കേന്ദ്ര സർക്കാർ മസ്റ്ററിങ് നടപ്പാക്കുന്നത്.