ADVERTISEMENT

മാന്നാർ ∙ വിദേശജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ ആളുകളിൽ നിന്നു കോടികൾ തട്ടിയെടുത്തയാളെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇരമത്തൂർ ഐക്കര ജംക്‌ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന മാന്നാർ കുരട്ടിശേരി പുത്തൂർ ഖദീജ മൻസിലിൽ ഹനീഫ് (42) ആണു പിടിയിലായത്.  ഇതുവരെ ലഭിച്ച പരാതികളിലെ വിവരങ്ങൾ കണക്കാക്കുമ്പോൾ ഇയാൾ 2 കോടിയിലേറെ രൂപ തട്ടിയെടുത്തെന്നു പൊലീസ് പറയുന്നു. പ്രതി പിടിയിലായെന്നറിഞ്ഞ് കൂടുതൽ സ്ഥലങ്ങളിൽനിന്നു തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തു വരുന്നുണ്ട്. മാന്നാറിൽ മാത്രം ഇയാൾക്കെതിരെ 3 കേസെടുത്തു.

ഖത്തറിലെ എഎച്ച്ടി എന്ന കമ്പനിയിലേക്കും ഷാർജയിലെ മംഗളം ഗ്രൂപ്പ് ഓഫ് കമ്പനിസിലേക്കും ഡ്രൈവർ, സൂപ്പർവൈസർ, സെയിൽസ് എക്‌സിക്യൂട്ടീവ്, സ്റ്റോർ കീപ്പർ, ഓട്ടമൊബീൽ മെക്കാനിക് തുടങ്ങിയ ജോലികൾ വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പു നടത്തിയത്. വിവിധ ജില്ലകളിൽനിന്നു സ്ത്രീകൾ ഉൾപ്പെടെ ഇരുന്നൂറോളംപേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണു വിവരം.ജോലി ലഭിക്കാതെയും ഹനീഫ് പ്രതികരിക്കാതെ ഒഴിവാകുകയും ചെയ്തതോടെ പണം നഷ്ടപ്പെട്ടവർ മാന്നാർ പൊലീസിനെ സമീപിച്ചു. ഇതിൽ ചെന്നിത്തല സ്വദേശി ജിതിന്റെ പരാതിയിൽ കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം വട്ടിയൂർക്കാവിൽ ആഡംബരജീവിതം നയിക്കുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിയുടെ ആഡംബര കാറും പുതിയ ബൈക്കും പൊലീസ് പിടിച്ചെടുത്തു. പ്രതി താമസിച്ചിരുന്ന തിരുവനന്തപുരത്തെയും മാന്നാറിലെയും വാടകവീടുകളിൽനിന്ന് ഒട്ടേറെപ്പേരുടെ പാസ്പോർട്ടുകളും വ്യാജ ഓഫർ ലെറ്ററുകളും വ്യാജരേഖകൾ തയാറാക്കിയിരുന്ന പ്രിന്ററും പൊലീസ് കണ്ടെടുത്തു. പ്രതി പിടിയിലായതറിഞ്ഞ് തട്ടിപ്പിനിരയായ മറ്റു പലരും സ്റ്റേഷനിലെത്തി. റാന്നി, എരുമേലി, പട്ടണക്കാട്, മുഹമ്മ, മണ്ണഞ്ചേരി, അമ്പലപ്പുഴ, കോയിപ്രം, പാലാരിവട്ടം തുടങ്ങി വിവിധ ജില്ലകളിലെ സ്റ്റേഷ‌നുകളിൽ ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നു. ഇതിലെല്ലാം കേസെടുത്താലേ ഇയാൾ എത്ര രൂപ തട്ടിയെടുത്തെന്നു വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു.

പണം തട്ടിയത് പല ഘട്ടങ്ങളായി;വിശ്വാസ്യത നേടാൻ ‘ഓഫർ ലെറ്ററുകളും’
മാന്നാർ ∙ വിദേശജോലി വാഗ്ദാനം ചെയ്ത് മാന്നാർ സ്വദേശി ഹനീഫ് (42) ഒട്ടേറെ ആളുകളിൽനിന്നു കോടികൾ തട്ടിയത് സമൂഹമാധ്യമങ്ങൾ വഴിയും ഇടനിലക്കാർ വഴിയും. വിശ്വാസ്യത നേടിയെടുക്കാൻ ഇയാൾ വിദേശ കമ്പനികളുടേതെന്നു തോന്നിപ്പിക്കുന്ന ഓഫർ ലെറ്ററുകളും മറ്റും നൽകി ഘട്ടം ഘട്ടമായാണു പണം കൈക്കലാക്കിയത്. പണം നൽകിയവർ മാസങ്ങൾ കഴിഞ്ഞും വീസ ലഭിക്കാത്തതിനെപ്പറ്റി അന്വേഷിച്ചപ്പോൾ ഉടൻ ശരിയാകുമെന്ന് ആദ്യം മറുപടി ലഭിച്ചു. എന്നാൽ, പിന്നീടു ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു.

പണം നഷ്ടപ്പെട്ടവർ ഹനീഫിനെ അന്വേഷിച്ചു പലതവണ മാന്നാറിലെ വാടകവീട്ടിലെത്തിയെങ്കിലും കാണാൻ കഴിഞ്ഞില്ല. തുടർന്ന് ഇവർ വീടിനു മുന്നിൽ നിലയുറപ്പിച്ചു. ഇതറിഞ്ഞ ഹനീഫ് സഹായികളുടെ ഫോണിൽനിന്ന് ഇവരെ ബന്ധപ്പെട്ടു. അടുത്ത ദിവസം തന്നെ നാട്ടിലെത്തുമെന്നും പണം തിരികെ നൽകുമെന്നും പറഞ്ഞെങ്കിലും ഇവർ വഴങ്ങിയില്ല. അതോടെ തങ്ങളെ കേസിൽപെടുത്തുമെന്നും പണം ലഭിക്കില്ലെന്നും ഹനീഫ് ഭീഷണിപ്പെടുത്തിയതായി തട്ടിപ്പിനിരയായവർ പറഞ്ഞു.

ജോലി തേടിയവരിൽനിന്നു പണം വാങ്ങി വിദേശത്തെ കമ്പനികൾക്ക് അയച്ചുകൊടുത്തെന്നാണു പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോടു പറഞ്ഞത്. ഇതിന്റെ വസ്തുതയറിയാൻ ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് പരിശോധിക്കും.മാന്നാർ സബ് ഇൻസ്പെക്ടർ സി.എസ്.അഭിരാം, ഗ്രേഡ് എസ്ഐ സുധീപ്, എഎസ്ഐ റിയാസ്, സീനിയർ സിപിഒമാരായ സുധീഷ്, അജിത്ത്, സിപിഒമാരായ ഹരിപ്രസാദ്, അഭിരാം എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

English Summary:

Kerala job scam: Mannar police arrested Hanif for a ₹2 crore fraud involving fake overseas job offers. Hundreds of victims were defrauded after paying advance money for jobs in Qatar and Sharjah, prompting a large-scale police investigation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com