ആലപ്പുഴ ജില്ലയിൽ 46 ലഹരി ഹോട്സ്പോട്ടുകൾ; പരിശോധന കർശനമാക്കും
Mail This Article
ആലപ്പുഴ∙ ജില്ലയിൽ 46 സ്ഥലങ്ങളിൽ ലഹരി ഉപയോഗ സാധ്യതയേറെയെന്ന് എക്സൈസ് കണ്ടെത്തൽ. ലഹരി ഉപയോഗ സാധ്യതയേറിയ സ്ഥലങ്ങളെ ഹോട്സ്പോട്ടുകളായി പരിഗണിച്ച് അവിടങ്ങളിൽ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായാണു ജില്ലയിലെ സ്ഥലങ്ങളെയും പട്ടികയിൽ ഉൾപ്പെടുത്തിയത്. ഗ്രാമ നഗര വ്യത്യാസമില്ലാതെ ജില്ലയുടെ എല്ലായിടത്തും ലഹരി ഉപയോഗ സാധ്യതയുണ്ടെന്നാണു കണ്ടെത്തൽ.
രാത്രിയിലും മറ്റും യുവാക്കൾ തമ്പടിക്കുന്ന സ്ഥലങ്ങൾ, ഒഴിഞ്ഞ കെട്ടിടങ്ങൾ, കാടുപിടിച്ച സ്ഥലങ്ങൾ തുടങ്ങിയവയാണു ഹോട്സ്പോട്ടുകളായി കണ്ടെത്തിയത്. ഇവിടങ്ങളിൽ സാധാരണ പരിശോധനയ്ക്കപ്പുറം മഫ്തിയിൽ ഉൾപ്പെടെ 24 മണിക്കൂറും എക്സൈസിന്റെ നിരീക്ഷണവും ഉണ്ടാകും. സമീപകാലത്തായി ഈ സ്ഥലങ്ങളിൽ പൊലീസ്, എക്സൈസ് സംഘങ്ങൾ മഫ്തിയിലുള്ള പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലഹരിവസ്തുക്കളുടെ കാരിയർമാരിൽ ഭൂരിഭാഗവും 25 വയസ്സിൽ താഴെയുള്ള യുവാക്കളാണ്.
ചെറിയ തോതിലുള്ള ലഹരി വസ്തുക്കൾ പിടികൂടുന്ന കേസുകൾക്കു പിന്നാലെ പോകുന്ന പതിവ് മുൻപുണ്ടായിരുന്നില്ല. ഇപ്പോൾ എത്ര ചെറിയ കേസാണെങ്കിലും ലഹരിയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയിലേക്ക് അന്വേഷണ സംഘങ്ങൾ കടന്നിട്ടുണ്ട്. ലഹരികടത്താൻ സാമ്പത്തിക സഹായം നൽകിയവരെ വരെ കണ്ടെത്തി ശിക്ഷിക്കാനുള്ള നടപടികളും എക്സൈസ് സ്വീകരിക്കുകയാണ്. ലഹരി വിരുദ്ധ പ്രത്യേക യജ്ഞം ‘ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്’ പൂർത്തിയായെങ്കിലും ലഹരികടത്തും ഉപയോഗവും തടയാനുള്ള പരിശോധനകൾ എക്സൈസ് കുറച്ചിട്ടില്ല. പരിശോധനകൾ തുടരുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ്.വിനോദ് കുമാർ പറഞ്ഞു.
കളിക്കളങ്ങളും നിരീക്ഷണത്തിൽ
ടർഫുകൾ, ഗ്രൗണ്ടുകൾ തുടങ്ങി രാത്രി വൈകിയും യുവാക്കൾ തമ്പടിക്കുന്ന കളിക്കളങ്ങളിലും എക്സൈസ്, പൊലീസ് പരിശോധന കൂട്ടി. ടർഫുകളിലും മറ്റും ലഹരി ഉപയോഗിക്കുന്നെന്ന വിവരത്തെ തുടർന്നു നേരത്തെ തന്നെ പരിശോധനകൾ ആരംഭിച്ചിരുന്നു. ലഹരിക്കേസുകൾ പിന്നെയും കൂടിയതോടെയാണു പരിശോധന വീണ്ടും കർശനമാക്കിയത്.