ADVERTISEMENT

ചെന്നൈ ∙ ട്രെയിൻ കോച്ചുകൾക്കുള്ളിൽ സജ്ജമാക്കിയ റസ്റ്ററന്റുകളിലിരുന്ന് വൈകാതെ ഭക്ഷണം ആസ്വദിക്കാം. യഥാർഥ കോച്ചുകളിലിരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമൊരുക്കുന്ന റെയിൽ കോച്ച് റസ്റ്ററന്റ് , സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിക്കാൻ ദക്ഷിണ റെയിൽവേ താൽപര്യപത്രം ക്ഷണിച്ചു. വ്യത്യസ്തമായ റസ്റ്ററന്റ് അനുഭവമാണ് ഇതുവഴി ലഭിക്കുക. ട്രെയിൻ കോച്ചുകൾ റസ്റ്ററന്റ് ആക്കി മാറ്റുന്ന സംവിധാനം സെൻട്രലിന് പുറമേ പെരമ്പൂർ, പോത്തേരി, കാട്ടാൻകുളത്തൂർ സ്റ്റേഷനുകളിലും നടപ്പാക്കും.

റസ്റ്ററന്റാകുന്നത് യഥാർഥ ട്രെയിൻ

റെയിൽ കോച്ച് ഭക്ഷ്യശാലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും ഐസിഎഫ് റെയിൽ മ്യൂസിയത്തിലുള്ള റസ്റ്ററന്റിന്റെ മാതൃകയിലാകും രൂപകൽപനയെന്നാണ് പ്രതീക്ഷിക്കുന്നത്. യഥാർഥ ട്രെയിൻ തന്നെയാണ് ഐസിഎഫിൽ റസ്റ്ററന്റാക്കിയത്. നിർത്തിയിട്ട ട്രെയിൻ ആണെന്നു മാത്രം. റെയിൽ കോച്ച് റസ്റ്ററന്റുകൾ വരുന്നത് സെൻട്രൽ സ്റ്റേഷൻ കൂടുതൽ ആകർഷകമാക്കും.  നഗരത്തിൽ ജനങ്ങളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന സ്ഥലങ്ങളിലൊന്നാണ് സെൻട്രൽ. കോച്ച് റസ്റ്ററന്റ് കൂടി ആരംഭിക്കുന്നതോടെ യാത്രക്കാർക്ക് മികച്ച റസ്റ്ററന്റ് അനുഭവമാകും റെയിൽവേ സ്റ്റേഷനിൽ നിന്നു ലഭിക്കുക. നിലവിൽ മുംബൈയിൽ ഇത്തരം റസ്റ്ററന്റുകളുണ്ട്.

കേറ്ററിങ് പരിചയമുണ്ടോ? അപേക്ഷ നൽകാം

റെയിൽ കോച്ച് റസ്റ്ററന്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഡിആർഎം ചെന്നൈയുടെ ട്വിറ്റർ അക്കൗണ്ടിലാണു വിവരങ്ങൾ നൽകിയിട്ടുള്ളത്. കേറ്ററിങ് രംഗത്ത് 3 വർഷത്തെ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. 2 വർഷത്തേക്കാണ് കരാർ. കാലിയായ കോച്ച് നൽകും. കരാർ ഏറ്റെടുക്കുന്നവർക്ക് സ്വന്തം ഇഷ്ടപ്രകാരം റസ്റ്ററന്റ് രൂപകൽപന ചെയ്യാം. പാകം ചെയ്തതോ സംസ്കരിച്ചതോ ആയ ഭക്ഷണം  മുൻകൂർ അനുമതിയോടെ വിൽക്കാമെന്നും കോച്ചിനകത്ത് പാകം ചെയ്യാമെന്നും അധികൃതർ അറിയിച്ചു. മാർച്ച് 7ന് ഉച്ചയ്ക്ക് 2ന് ഇ–ലേലം നടക്കും. https://www.ireps.gov.in/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com