ലഹരി, നിയമലംഘനം; പരാതി പറഞ്ഞ് വായനക്കാർ

Mail This Article
‘നാം നമ്മുടെ വീട് എന്നും തൂത്തു വൃത്തിയാക്കില്ലേ? ഒരു ദിവസം വൃത്തിയായി എന്നതു കൊണ്ടു പിന്നീടു തൂക്കാതിരുന്നാൽ ശരിയാകുമോ? ആലുവ തോട്ടുമുഖം ശിവഗിരി വിദ്യാനികേതൻ സ്കൂളിലെ വിദ്യാർഥിനിയോട് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജുവിന്റെ ചോദ്യം. എത്ര ബോധവൽക്കരണം നടത്തിയിട്ടും സ്കൂളുകളിലേക്കും കോളജുകളിലേക്കുമുൾപ്പെടെ കടന്നു കയറുന്ന ലഹരിമാഫിയ ഉയർത്തുന്ന ഭീഷണികളെപ്പറ്റി ആശങ്കപ്പെട്ടാണു വിദ്യാർഥിനി കമ്മിഷണറെ വിളിച്ചത്.
തുടർ ബോധവൽക്കരണം കൊണ്ടു മാത്രമേ ലഹരിയെ തുടച്ചു നീക്കാൻ ആകൂ എന്നു കമ്മിഷണർ മറുപടി നൽകി. സിന്തറ്റിക് ലഹരിമരുന്നിന് അടിമയാകുന്നവർ സ്ഥിരബോധം നഷ്ടപ്പെട്ടു ഹൈപ്പർ ആക്ടീവായാണു പ്രവർത്തിക്കുന്നതെന്നും ഇതുപയോഗിച്ച ശേഷം ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവരുൾപ്പെടെ അപകടത്തിൽപ്പെടുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു.
മലയാള മനോരമ സംഘടിപ്പിച്ച ഫോൺ ഇൻ പരിപാടിയിലാണു നിലവിട്ടുയരുന്ന ലഹരിക്കേസുകളെപ്പറ്റിയുള്ള വിദ്യാർഥികളുടെയും അധ്യാപകരുടെയും വീട്ടമ്മമാരുടെയുമെല്ലാം ആശങ്കകൾ നിറഞ്ഞത്. ജില്ലയിലെ ലഹരിമരുന്നു മാഫിയയുടെ പ്രവർത്തനകേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകാനും ഒട്ടേറെപ്പേർ കമ്മിഷണറുടെ ഫോൺ ഇൻ പരിപാടി ഉപയോഗപ്പെടുത്തി. ട്രാഫിക് നിയമലംഘനങ്ങൾ, പൊലീസ് നടപടിയിലെ താമസം എന്നതുൾപ്പെടെയുള്ള പരാതികളും കമ്മിഷണർക്കു ലഭിച്ചു. മനോരമ വായനക്കാർ കമ്മിഷണറുടെ ശ്രദ്ധയിൽപെടുത്തിയ മറ്റു വിഷയങ്ങളും പരിഹാരനടപടികളും ചുവടെ.
ലഹരിവാഹകർ
കഞ്ചാവും നിരോധിത ഉൽപന്നങ്ങളും നിർബാധം ജില്ലയിലേക്കൊഴുകിയെത്തുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ലോറികളിലും ട്രെയിനുകളിലുമാണ് ഇവ എത്തിക്കുന്നത്. ഇതര സംസ്ഥാനത്തൊഴിലാളികൾക്കു വാടകയ്ക്കു നൽകുന്ന വീടുകൾ കേന്ദ്രീകരിച്ചും ചില സ്ഥലങ്ങളിലെ പെട്ടിക്കടകൾ കേന്ദ്രീകരിച്ചും വിൽപനയും വിതരണവും നടക്കുന്നുണ്ട്.
നടപടി:
ലഹരി ഇടപാടുകൾ സംബന്ധിച്ചു ലഭിച്ച വിവരങ്ങൾ രഹസ്യമാക്കി വയ്ക്കുമെന്നും പരാതിക്കാർ ശ്രദ്ധയിൽപെടുത്തിയ സ്ഥലങ്ങളിൽ ഉടൻ തന്നെ റെയ്ഡുകൾ നടത്തുമെന്നും കമ്മിഷണറുടെ ഉറപ്പ്.
മീറ്ററിടാത്ത ഓട്ടോകൾ
ഓട്ടോകൾ മീറ്ററിടാൻ വിസമ്മതിക്കുകയും ചോദ്യം ചെയ്താൽ അപമര്യാദയായി പെരുമാറുകയും ചെയ്യുന്നു.
നടപടി:
കഴിഞ്ഞയാഴ്ച ഇത്തരം ഓട്ടോറിക്ഷകളെ കുടുക്കാൻ സ്പെഷൽ ഡ്രൈവ് നടത്തിയിരുന്നു. ഓണത്തോടനുബന്ധിച്ചു വീണ്ടും പരിശോധനയുണ്ടാകും. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കൊച്ചി സിറ്റി പൊലീസ് ‘ട്രാഫിക് ഐ’ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഓട്ടോയുടെ നമ്പർ സഹിതം ട്രാഫിക് ഐയുടെ 6238100100 നമ്പറിൽ പരാതി അറിയിച്ചാൽ ഉടൻ നടപടിയുണ്ടാകും.
സാമൂഹിക വിരുദ്ധ താവളമായി കലൂർ സ്റ്റേഡിയം
രാത്രികാലങ്ങളിൽ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിനു സമീപം സാമൂഹിക വിരുദ്ധരും ലഹരി മാഫിയയും തമ്പടിക്കുന്നു. സംഘർഷവും പതിവാണ്. രാത്രി വൈകിയാൽ പരസ്യമായ ലഹരി ഉപയോഗമാണു നടക്കുന്നത്.
നടപടി:
രാത്രിയിൽ സ്റ്റേഡിയം പരിസരത്തു പൊലീസ് പട്രോളിങ് ശക്തമാക്കും. സാമൂഹികവിരുദ്ധർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകും.
ഗതാഗത നിയമ ലംഘനങ്ങൾ
ചുവപ്പുലൈറ്റ് ലംഘനം, സിഗ്നലുകളിൽ ഫ്രീ ലെഫ്റ്റ് തടഞ്ഞു വാഹനം നിർത്തൽ, സീബ്രാവരകൾക്കു മുകളിൽ വാഹന പാർക്കിങ്, ഇടതു വശത്തു കൂടിയുള്ള ഓവർടേക്കിങ് എന്നിവ പതിവാകുന്നു.
നടപടി:
വീതിയില്ലാത്ത റോഡുകൾ ഒരു പരിധി വരെ ഈ പ്രശ്നങ്ങൾ രൂക്ഷമാക്കുന്നുണ്ട്. ബസ്ബേകൾ, ഫുട്പാത്ത് തുടങ്ങിയവയുടെ അഭാവവും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ലെയ്ൻ ട്രാഫിക് മലയാളികൾക്ക് അത്ര പരിചിതമല്ല. ഇത്തരം പരിമിതികൾ ഉണ്ടെങ്കിലും സാധ്യമായ നടപടികളെല്ലാം സ്വീകരിക്കും. ചുവപ്പുലൈറ്റ്, സീബ്രാവര ലംഘനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. ഇതിനായി സ്പെഷൽ ഡ്രൈവ് ഉടൻ ആരംഭിക്കും.
ഇരുചക്ര വാഹനത്തിലെ അഭ്യാസം
മറ്റു വാഹനങ്ങളെ കൂടി അപകടത്തിലാക്കും വിധം യുവാക്കൾ പുതുതലമുറ ബൈക്കുകളിൽ ചീറിപ്പായുന്നു. അപകടങ്ങളിൽ മരണവുമേറുന്നുണ്ട്. പല ബൈക്കുകൾക്കും റജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് പോലുമില്ല.
നടപടി:
രാത്രിയിൽ പലയിടത്തും ബൈക്ക് റേസുകൾ നടക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു പരിശോധന നടത്തുന്നുണ്ട്. ഇത് ഊർജിതമാക്കും.
അനധികൃതവാഹന പാർക്കിങ്
സീ പോർട്ട് എയർപോർട്ട് റോഡിൽ ഇരുമ്പനം ജംക്‌ഷനിൽ റോഡിന്റെ ഇരുവശത്തും ഭാരവാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നു.
നടപടി:
പാർക്കിങ് ഒരുക്കുന്ന കാര്യം റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ ഉന്നയിക്കാം. സ്ഥിരം പാർക്കിങ് സംവിധാനം ഉണ്ടാകും വരെ റോഡിന്റെ ഒരു വശത്തു മാത്രമായി പാർക്കിങ് നിയന്ത്രിക്കാൻ നടപടിയുണ്ടാകും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആന്റി നർകോട്ടിക് ക്ലബ്
സ്കൂളുകളിലേക്കും കോളജുകളിലേക്കുമുള്ള ലഹരിയുടെ കടന്നു കയറ്റം തടയാൻ ആന്റി നർകോട്ടിക് ക്ലബ്ബുകളുമായി പൊലീസ്. ലഹരിക്കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനതലത്തിൽ ബൃഹദ് പദ്ധതി ആവിഷ്കരിച്ച വിവരം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു മനോരമ നടത്തിയ ഫോൺ ഇൻ പരിപാടിക്കിടെയാണു വെളിപ്പെടുത്തിയത്. പദ്ധതിയുടെ ഉദ്ഘാടനം ഓണാവധിക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സ്കൂൾ, കോളജ് പ്രിൻസിപ്പൽ അല്ലെങ്കിൽ എച്ച്എം, 2 അധ്യാപകർ, രണ്ടു പിടിഎ അംഗങ്ങൾ, സ്ഥലം എസ്എച്ച്ഒ എന്നിവരുൾപ്പെടെയുള്ള ക്ലബ്ബാണ് ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രൂപീകരിക്കുക. എഡിജിപി(ലോ ആൻഡ് ഓർഡർ) കഴിഞ്ഞ ദിവസം യോഗം ചേർന്നു പദ്ധതിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തിയിരുന്നു. ജില്ലയിൽ വ്യാഴാഴ്ച വരെ 110 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലബ്ബുകൾ രൂപീകരിച്ചു കഴിഞ്ഞു.
അടുത്ത മാസം പകുതിയോടെ മുഴുവൻ സ്ഥാപനങ്ങളിലും ക്ലബ്ബുകൾ രൂപീകരിക്കുകയാണു പൊലീസിന്റെ ലക്ഷ്യം. ആന്റി നർകോട്ടിക് ക്ലബ്ബുകളുടെ ചുമതലയുള്ള അധ്യാപക കോ ഓഡിനേറ്റർമാർക്കും അംഗങ്ങൾക്കും ലഹരി വിപത്തിനെപ്പറ്റി ബോധവൽക്കരണം നൽകും. റിസോഴ്സ് സെന്ററുകൾ സ്ഥാപിച്ചു റിസോഴ്സ് പഴ്സൺമാരെ നിയോഗിക്കും.