ADVERTISEMENT

ആലുവ∙ മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും ഒരേ വേദിയിൽ ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സിന് ആലുവ ഒരുങ്ങി. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ തയാറാക്കിയ 25,000 ചതുരശ്ര അടി വിസ്തീർണമുള്ള പന്തലിൽ 7,000 പേർക്കുള്ള ഇരിപ്പിടം സജ്ജീകരിച്ചു. 

അംഗപരിമിതർ ഉൾപ്പെടെയുള്ളവരുടെ പരാതി സ്വീകരിക്കാൻ വേദിയുടെ തെക്കുവശത്ത് 22 പരാതി കൗണ്ടറുകൾ ഉണ്ടാകും. ഓരോന്നിലും മൂന്നും നാലും സർക്കാർ ജീവനക്കാരെ വീതം നിയോഗിച്ചു. വേദിയുടെ ഇരുവശത്തുമായി ശുദ്ധജല, ആംബുലൻസ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സദസ്സിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി വേദിയുടെ പിൻഭാഗത്തു 4 ബയോടോയ്‌ലറ്റുകൾ സ്ഥാപിച്ചു.

വൈകിട്ടു നാലരയോടെ അങ്കമാലിയിൽ നിന്ന് ആലുവ ബൈപാസ് കടന്നെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ബാങ്ക് ജംക്‌ഷനിൽ വലത്തോട്ടു തിരിഞ്ഞു മാർക്കറ്റ് റോഡിലൂടെ ബസ് സ്റ്റാൻഡിൽ എത്തി പന്തലിന്റെ പടിഞ്ഞാറുവശം വരെ ബസിൽ പോകും. അവിടെ നിന്നു മുഖ്യമന്ത്രിയും മന്ത്രിമാരും അവർക്കു മാത്രമായി തയാറാക്കിയ വഴിയിലൂടെ വേദിയിൽ പ്രവേശിക്കും. മുഖ്യമന്ത്രി വേദിയിൽ എത്തുന്നതിനു 2 മണിക്കൂർ മുൻപ് 2 മന്ത്രിമാർ പ്രസംഗിക്കും. അതു കഴിഞ്ഞേ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വേദിയിൽ എത്തൂ. 

2നു തിരക്കഥാകൃത്തും നടനുമായ ബാബു പള്ളാശേരിയുടെ ഒറ്റയാൾ നാടകത്തോടെ കലാപരിപാടികൾ ആരംഭിക്കും. സംസ്ഥാന, ജില്ലാ യുവജനോത്സവങ്ങളിൽ മികവു പുലർത്തിയ വിദ്യാർഥികളുടെ കലാപ്രകടനങ്ങളും ഉണ്ടാകും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആലുവയിലും പരിസരത്തും പൊലീസിന്റെ പ്രത്യേക പട്രോളിങ് ആരംഭിച്ചു. ബസ് സ്റ്റാൻഡിൽ വനിതാ പൊലീസ് ഉൾപ്പെടെയുള്ളവരെ മഫ്തിയിൽ നിയോഗിച്ചു. 

പരാതി സ്വീകരണംപകൽ 2 മുതൽ

നവകേരള സദസ്സിന്റെ പന്തലിൽ ഒരുക്കിയിട്ടുള്ള 22 കൗണ്ടറുകളിലും ഉച്ചയ്ക്കു 2 മുതൽ ഉദ്യോഗസ്ഥർ പരാതികൾ സ്വീകരിക്കും. അംഗപരിമിതർ നേരിട്ടെത്തി പരാതി നൽകണമെന്നില്ല. മറ്റാരുടെയെങ്കിലും പക്കൽ കൊടുത്തുവിട്ടാലും മതിയെന്നു സംഘാടക സമിതി ചെയർമാൻ വി. സലിം അറിയിച്ചു. പന്തലിലേക്കു 4 വഴികളിലൂടെയാണു ജനങ്ങൾക്കു പ്രവേശനം അനുവദിച്ചിട്ടുള്ളത്. നാലിടത്തും ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചു.

നവകേരള സദസ്സുമായി ബന്ധപ്പെട്ട് ഇന്ന് ആലുവയിൽ ഗതാഗത നിയന്ത്രണം

∙പെരുമ്പാവൂർ ഭാഗത്തു നിന്നു വരുന്ന കെഎസ്ആർടിസി ബസുകളും മറ്റു വാഹനങ്ങളും മാതാ ജംക്‌ഷൻ, സീനത്ത് ജംക്‌ഷൻ, ഓൾഡ് പ്രൈവറ്റ് ബസ് സ്റ്റാൻഡ്, റെയിൽവേ സ്ക്വയർ, കെഎസ്ആർടിസി ഭാഗത്തു സർവീസ് അവസാനിപ്പിക്കണം. തിരിച്ചു റെയിൽവേ സ്ക്വയർ, പമ്പ് ജംക്‌ഷൻ, മാതാ ജംക്‌ഷൻ വഴി പെരുമ്പാവൂർ റോഡിലൂടെ പോകണം.
∙പെരുമ്പാവൂർ ഭാഗത്തു നിന്നു വരുന്ന പ്രൈവറ്റ് ബസുകളും മറ്റു വാഹനങ്ങളും ഡിപിഒ ജംക്‌ഷനിലെത്തി സബ് ജയിൽ റോഡിലൂടെ സീനത്ത് ജംക്‌ഷൻ, ഓൾഡ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് വഴി റെയിൽവേ സ്ക്വയർ, കെഎസ്ആർടിസി, ജില്ലാ ആശുപത്രി, കാരോത്തുകുഴി വഴി പുളിഞ്ചോട് ഭാഗത്തെത്തി ഹൈവേയിൽ പ്രവേശിച്ചു മേൽപാലത്തിലൂടെ ബൈപാസിൽ എത്തി നജാത്ത്, ബാങ്ക് ജംക്‌ഷൻ, ടൗൺ ഹാൾ വഴി പമ്പ് ജംക്‌ഷനിലെത്തി മാതാ ജംക്‌ഷൻ വഴി പെരുമ്പാവൂർ റോഡിലൂടെ മടങ്ങണം. 
∙അങ്കമാലി, കാലടി ഭാഗത്തു നിന്നു വരുന്ന ബസുകൾ ബൈപാസിൽ എത്തി നജാത്ത്, ബാങ്ക് ജംക്‌ഷൻ, ടൗൺ ഹാൾ വഴി പമ്പ് ജംക്‌ഷനിലെത്തി റെയിൽവേ സ്ക്വയർ കെഎസ്ആർടിസി, ജില്ലാ ആശുപത്രി, കാരോത്തുകുഴി വഴി പുളിഞ്ചോട് എത്തി ഹൈവേയിൽ പ്രവേശിച്ചു മാർക്കറ്റ് റോഡ് വഴി ബൈപാസിൽ എത്തി അങ്കമാലി, കാലടി ഭാഗത്തേക്കു പോകണം. 
∙എറണാകുളം ഭാഗത്തു നിന്നു വരുന്ന ബസുകൾ പുളിഞ്ചോട് എത്തി മേൽപാലത്തിലൂടെ ബൈപാസിൽ എത്തി നജാത്ത്, ബാങ്ക് ജംക്‌ഷൻ, ടൗൺ ഹാൾ വഴി പമ്പ് ജംക്‌ഷനിൽ എത്തി മാതാ ജംക്‌ഷൻ വഴി പെരുമ്പാവൂർ ഭാഗത്തേക്കും റെയിൽവേ സ്ക്വയർ, കെഎസ്ആർടിസി, ജില്ലാ ആശുപത്രി, കാരോത്തുകുഴി വഴി പുളിഞ്ചോട് എത്തി എറണാകുളം ഭാഗത്തേക്കും പോകണം. കാരോത്തുകുഴി ഭാഗത്തു നിന്നും മാർക്കറ്റ് ഭാഗത്തു നിന്നും ബാങ്ക് ജംക്‌ഷൻ ഭാഗത്തു നിന്നും ഇന്ന് പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കു പ്രവേശനം അനുവദിക്കില്ല. പമ്പ് ജംക്‌ഷനിൽ നിന്നു ബാങ്ക് ജംക്‌ഷൻ ഭാഗത്തേക്കു വാഹന ഗതാഗതം നിരോധിച്ചു. പ്രൈവറ്റ് ബസുകൾ ടൗൺ ഹാളിനു മുൻപിൽ നിന്നാണു സർവീസ് ആരംഭിക്കേണ്ടത്. 
∙നവകേരള സദസ്സിന് അങ്കമാലി ഭാഗത്തു നിന്നു വരുന്ന ബസുകൾ ബൈപാസിലൂടെ ബാങ്ക് ജംക്‌ഷനിലെത്തി ആളുകളെ ഇറക്കി ആലുവ പാലസ് റോഡ്, ടൗൺ ഹാൾ വഴി പമ്പ് ജംക്‌ഷനിലെത്തി റെയിൽവേ സ്ക്വയർ, കെഎസ്ആർടിസി, ജില്ലാ ആശുപത്രി, കാരോത്തുകുഴി വഴി പുളിഞ്ചോട് ഭാഗത്തെത്തി ഹൈവേയിൽ കടന്നു തോട്ടയ്ക്കാട്ടുകര സർവീസ് റോഡ്, മണപ്പുറം പ്രദേശങ്ങളിൽ പാർക്ക് ചെയ്യണം. 
∙എറണാകുളം ഭാഗത്തു നിന്നു ഹൈവേ വഴി വരുന്ന ബസുകൾ മേൽപാലം വഴി ബാങ്ക് ജംക്‌ഷൻ ഭാഗത്ത് ആളുകളെ ഇറക്കി മുൻപോട്ടു പോയി ആലുവ പാലസ് റോഡ്, ടൗൺ ഹാൾ വഴി പമ്പ് ജംക്‌ഷനിലെത്തി റെയിൽവേ സ്ക്വയർ, കെഎസ്ആർടിസി, ജില്ലാ ആശുപത്രി, കാരോത്തുകുഴി വഴി പുളിഞ്ചോട് എത്തി ഹൈവേ വഴി തോട്ടയ്ക്കാട്ടുകര സർവീസ് റോഡ്, മണപ്പുറം, സമീപ റോഡുകൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
∙പെരുമ്പാവൂർ പ്രൈവറ്റ് ബസ് റൂട്ടിലൂടെ വരുന്നവർ കാരോത്തുകുഴി ഭാഗത്ത് ആളുകളെ ഇറക്കി പുളിഞ്ചോട് എത്തി ഹൈവേ വഴി തോട്ടയ്ക്കാട്ടുകര സർവീസ് റോഡ്, മണപ്പുറം, അനുബന്ധ റോഡുകൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
∙പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന ചെറുവാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ഗ്രാൻഡ് ഹോട്ടൽ, സിവിൽ സ്റ്റേഷൻ റോഡ്, റെയിൽവേ യാഡ് ഭാഗങ്ങളിൽ പാർക്ക് ചെയ്യണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com