ഒടുവിൽ ടോൾ ഒഴിവാക്കി; ചെല്ലാനം ഹാർബർ ഉഷാർ

Mail This Article
ചെല്ലാനം∙ മത്സ്യത്തൊഴിലാളികൾക്കു ഏർപ്പെടുത്തിയ ടോൾ പിൻവലിച്ചതോടെ ചെല്ലാനം ഫിഷിങ് ഹാർബർ സജീവമായി. ഹാർബറിൽ നിന്ന് ചെറുവള്ളങ്ങൾ കടലിൽ പോയിത്തുടങ്ങി. ഇവയ്ക്ക് കുറഞ്ഞ രീതിയിൽ കാര ചെമ്മീനും ചെറുമീനുകളും ലഭിച്ചു. അന്തരീക്ഷത്തിലെ ചൂട് മൂലം കടലിൽ മത്സ്യം കുറവായതിനാൽ മറ്റു വലിയ വള്ളങ്ങളൊന്നും തന്നെ കടലിൽ പോയില്ല. കാര ചെമ്മീൻ കിലോഗ്രാമിനു 140 രൂപയ്ക്കാണ് വിറ്റുപോയത്. വള്ളങ്ങൾ കടലിൽ പോയതറിഞ്ഞ് കച്ചവടക്കാർ പുലർച്ചെ തന്നെ ഹാർബറിൽ എത്തിയിരുന്നു.
വരും ദിവസങ്ങളിൽ രാത്രിയിലും പകലുമായി കൂടുതൽ വള്ളങ്ങൾ കടലിൽ പോകുമെന്നു തൊഴിലാളികൾ പറഞ്ഞു. ഹാർബറിൽ ഏർപ്പെടുത്തിയ ടോളുമായി ബന്ധപ്പെട്ടു നടത്തിയ സമരത്തെ തുടർന്ന് ഒരാഴ്ചക്കാലമായി ഹാർബർ സ്തംഭിച്ചതോടെ തൊഴിലാളികൾ പലരും നിരാശയിലായിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി മത്സ്യം കുറവാണ് ലഭിക്കുന്നത്. മഴക്കാലത്തെ സീസൺ പണി മാത്രമാണ് ഇനിയൊരു പ്രതീക്ഷയെന്നു തൊഴിലാളികൾ പറയുന്നു.