പ്ലാസ്റ്റിക് മലയ്ക്ക് തീപിടിച്ചിട്ട് 8 ദിവസം; ശക്തമായ പുകയില് ശ്വാസംമുട്ടി നാട്ടുകാർ
Mail This Article
ബ്രഹ്മപുരം∙ മെംബർ ജംക്‌ഷനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മലയ്ക്ക് തീപിടിച്ചിട്ട് 8 ദിവസം പിന്നിട്ടു. ഇപ്പോഴും തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തുടരുകയാണ്. എന്നാൽ സ്വകാര്യ സ്ഥലത്ത് വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയവർക്കെതിരെ നടപടി സ്വീകരിക്കുവാൻ ഇൻഫോ പാർക്ക് പൊലീസ് തയാറായിട്ടില്ല. ഇത് നാട്ടുകാർക്ക് ഇടയിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
സ്വകാര്യ സ്ഥലത്ത് വൻ തോതിൽ മാലിന്യം തള്ളാൻ അനുമതി നൽകിയതാര് എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതിന് സമീപത്ത് തന്നെയാണ് ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രവും. കഴിഞ്ഞ വർഷം തുടർച്ചയായ 14 ദിവസമാണ് തീപിടിത്തമുണ്ടായത്. പഞ്ചായത്ത് അംഗ നവാസിന്റെ നേതൃത്വത്തിൽ പരാതി നൽകിയതിനെത്തുടർന്നാണ് തീ അണയ്ക്കുവാൻ അഗ്നിരക്ഷാ സേന രംഗത്തിറങ്ങിയത്. ഇന്നലെ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യം ഇളക്കിയിട്ട് തീ അണയ്ക്കൽ തുടർന്നു.
ആളൊഴിഞ്ഞ പ്രദേശമായതിനാൽ രാത്രിയുടെ മറവിലാണ് ഇവിടെ മാലിന്യം കൊണ്ട് വന്ന് തള്ളുന്നത്. തീ കത്തി പടർന്ന് പുക ഉയർന്നപ്പോൾ മാത്രമാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. പരിസര പ്രദേശങ്ങളിൽ തുടർച്ചയായി പുകശല്യം അനുഭവപ്പെടുന്നത് പരിസരവാസികളിൽ ശ്വാസതടസ്സം അനുഭവപ്പെടുന്നതിന് കാരണമായിട്ടുണ്ട്. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് ആശങ്കയായി നിൽക്കുമ്പോഴാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മാലിന്യത്തിന് തീപിടിക്കുന്നത്. മാലിന്യം തള്ളിയവർക്കെതിരെ വ്യക്തമായ ധാരണ പൊലീസിന് ഉണ്ടെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.