ബ്രഹ്മപുരം: പുറത്തുനിന്ന് മാലിന്യം എത്തിക്കുന്നതു തടയും; പൊലീസ് നിരീക്ഷണം ഉറപ്പാക്കും
Mail This Article
കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ പദ്ധതി പ്രദേശത്തു സുരക്ഷയ്ക്കായി പൊലീസ് നിരീക്ഷണം ഉറപ്പാക്കുമെന്നു മേയർ എം.അനിൽകുമാർ. ഇതിനായി പൊലീസ് കമ്മിഷണർക്ക് കത്തു നൽകും. ‘നിലവിൽ അവിടെ ക്യാമറയുണ്ട്. രാത്രികാലങ്ങളിൽ പുറത്തുനിന്നു മാലിന്യം എത്തിക്കുന്നതു തടയാൻ ആവശ്യമെങ്കിൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്ന കാര്യവും പരിഗണിക്കും’. ബ്രഹ്മപുരത്തെ പ്രവർത്തനം അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ല’– കഴിഞ്ഞ ദിവസം ബ്രഹ്മപുരം സന്ദർശിച്ച പ്രതിപക്ഷാംഗങ്ങൾക്കു മറുപടി നൽകുകയായിരുന്നു മേയർ. പ്ലാന്റിലേക്കു കോംപാക്ടർ യന്ത്രത്തിന് ഉൾപ്പെടെ കടന്നുപോകാനുള്ള റോഡ് നിർമിക്കാൻ ഇന്നലത്തെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു.
റോഡിലെ മാലിന്യം നീക്കാനും മരാമത്ത് കമ്മിറ്റി യോഗം ഉടൻ ചേർന്ന് എസ്റ്റിമേറ്റ് തയാറാക്കാനും അധികമായി വെളിച്ച സംവിധാനങ്ങളും ഉറപ്പാക്കാനും തീരുമാനിച്ചു.എല്ലാ ആഴ്ചയും സെക്രട്ടറി ബ്രഹ്മപുരം പദ്ധതി പ്രദേശം സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്താനും അതിന്റെ റിപ്പോർട്ട് നൽകാനും മേയർ നിർദേശിച്ചു. ഹെൽത്ത് ഓഫിസറുടെ നേതൃത്വത്തിൽ ഇടവിട്ട ദിവസങ്ങളിൽ പരിശോധനയ്ക്കും നിർദേശമുണ്ട്. മേയ് മാസത്തിനകം ഈ നടപടികൾ പൂർത്തിയാക്കണം. ബ്രഹ്മപുരത്ത് 75 % മാലിന്യവും സംസ്കരിച്ചെന്നും മണ്ണിനടിയിലുണ്ടായിരുന്ന 25 % മാലിന്യം മാത്രമാണ് ഇപ്പോഴുള്ളതെന്നും അറിയിച്ചു.
ആരോഗ്യ സ്ഥിരസമിതി ഫയലുകൾ പൂഴ്ത്തുന്നത് അംഗീകരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി. ഏതു ഫയലാണെങ്കിലും 7 ദിവസത്തിനകം കൃത്യമായ വിവരം അറിയിച്ചിരിക്കണം. ഇക്കാര്യം എല്ലാ വിഭാഗത്തിലെയും ക്ലാർക്കുമാരോടും നിർദേശിക്കണമെന്നും പറഞ്ഞു. വൈറ്റില സോണൽ ഓഫിസിന്റെ പരിമിതികൾ പരിഹരിക്കാനും അതിനുള്ള എസ്റ്റിമേറ്റ് തയാറാക്കാനും നിർദേശിച്ചു. അനിമൽ ബർത്ത് കൺട്രോൾ (എബിസി) പദ്ധതിക്കായി വാഹനങ്ങൾ, ഡോക്ടർമാർക്ക് ആവശ്യമായ സൗകര്യങ്ങൾ എന്നിവ ഒരുക്കും. പരീക്ഷയെക്കുറിച്ചുള്ള ആശങ്ക അകറ്റാൻ കുട്ടികൾക്ക് ആവശ്യമായ കൗൺസലിങ് സൗകര്യത്തിനും തീരുമാനിച്ചു.