ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം; ഇനി തീപിടിത്തമുണ്ടാകില്ലെന്ന മന്ത്രിയുടെ ഉറപ്പ് പാഴായി

Mail This Article
ബ്രഹ്മപുരം∙ ബ്രഹ്മപുരത്ത് തീപിടിത്ത സാധ്യത ഇനി ഉണ്ടാകില്ലെന്ന മന്ത്രിയുടെ ഉറപ്പിനു പിന്നാലെ വീണ്ടും തീപിടിത്തം. മന്ത്രിയുടെ സന്ദർശനം ഒരു മാസം തികയും മുൻപേ ഇന്നലെ ഉച്ചയ്ക്ക് 2ന് പുതിയ സിബിജി പ്ലാന്റിന് സമീപത്താണ് തീപിടിത്തമുണ്ടായത്. തൃക്കാക്കര, പട്ടിമറ്റം എന്നിവിടങ്ങളിൽ നിന്നുള്ള യൂണിറ്റുകൾ എത്തി ഒരു മണിക്കൂറിലധികം സമയം എടുത്താണ് തീ അണച്ചത്. തീപിടിത്തം ഉണ്ടായപ്പോൾ തന്നെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതും മണ്ണുമാന്തി യന്ത്രങ്ങൾ പ്ലാന്റിലുണ്ടായതും തീപിടിത്തം വ്യാപിക്കാതിരിക്കുവാൻ സഹായകമായി.
2023 ലെ തീപിടിത്തത്തിന് ശേഷം പ്ലാന്റിൽ ഒട്ടേറെ സംവിധാനങ്ങൾ കൊച്ചിൻ കോർപറേഷന്റെ നേതൃത്വത്തിൽ ഒരുക്കിയെങ്കിലും ചൂട് ശക്തമായതോടെ കൂടിക്കിടന്ന മാലിന്യത്തിന് തീപിടിക്കുകയായിരുന്നു. കഴിഞ്ഞ മാസം 3ന് മന്ത്രി എംബി.രാജേഷ് മേയറോടൊപ്പം പ്ലാന്റ് സന്ദർശിക്കുകയും തീപിടിത്ത സാധ്യത ഇനി ഉണ്ടാകില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വീണ്ടും തീപിടിത്തമുണ്ടായത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പ്ലാന്റിൽ നിന്ന് പുക ഉയരുന്നതു കണ്ട് ആദ്യം ഓടിയെത്തിയത് പ്രദേശവാസികളാണ്. എന്നാൽ തീപിടിത്തം പുറത്തറിയാതിരിക്കാൻ ഇവരെ സെക്യൂരിറ്റി ജീവനക്കാർ കടത്തി വിട്ടില്ല.
ഫോട്ടോ എടുക്കുമെന്ന ഭയത്താലാണ് നാട്ടുകാരെ കടത്തി വിടാതിരുന്നത്. ഇത് പ്രതിഷേധത്തിന് കാരണമായി. ബയോ മൈനിങിലൂടെ 75 ശതമാനവും കൂടിക്കിടന്ന മാലിന്യം സംസ്കരിച്ചതായി കോർപറേഷൻ പറയുമ്പോഴും അവശേഷിക്കുന്ന 25 ശതമാനത്തിൽ തീപിടിത്ത സാധ്യത തള്ളിക്കളയാനാകില്ല. ബിപിസിഎല്ലിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാന്റ് ഏപ്രിൽ ആദ്യത്തോടെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതോടെ പ്രതിദിനം 150 ടൺ മാലിന്യം കൂടി സംസ്കരിക്കാൻ കഴിയും.
സിബിജി പ്ലാന്റ് നിർമാണം പൂർത്തികരിക്കുന്ന മുറയ്ക്ക് മേയ് മാസത്തോടെ കോർപറേഷന്റെ110 ഏക്കറും വീണ്ടെടുക്കാൻ കഴിയുമെന്നാണ് സർക്കാരും കോർപറേഷനും പ്രതീക്ഷിക്കുന്നത്.അതിനിടെ ഇത്തരത്തിലുള്ള തീപിടിത്തം പ്ലാന്റ് നിർമാണത്തെ ബാധിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.2023 മാർച്ച് രണ്ടിന് ബ്രഹ്മപുരത്ത് പടർന്നു പിടിച്ച തീ 12 ദിവസമെടുത്താണ് അണയ്ക്കാൻ സാധിച്ചത്. അന്ന് പുക മൂലം ജില്ലയിലാകെ ജനജീവിതം ദുഃസഹമായിരുന്നു.
കത്തുന്ന വെയിൽ;വിനയാകും അശ്രദ്ധ
ഈ വർഷം, വേനലിന്റെ തുടക്കത്തിൽതന്നെ തീപിടിത്തങ്ങൾ വർധിച്ചു. ചൂടു കൂടിയതും തീ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതുമാണു ഇതിനു പ്രധാന കാരണങ്ങൾ. വേനൽ കനത്തതോടെ പറമ്പുകളിലെയും മറ്റും പുല്ലുകൾ കരിഞ്ഞുണങ്ങിയ നിലയിലാണ്. വെയിൽചൂടേറ്റ് ഉണങ്ങിയ പുല്ലിനു പെട്ടെന്നു തീ പിടിക്കും. സാമൂഹികവിരുദ്ധരുടെ ഇടപെടലും പൊതുസ്ഥലത്തു ചപ്പുചവറുകൾ കൂട്ടിയിട്ടു കത്തിക്കുന്നതും തീ പടരാൻ കാരണമായിട്ടുണ്ട്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ബയോ മാലിന്യത്തിൽ നിന്നു തീപിടിത്തം ഉണ്ടാകാറുണ്ട്. ബയോ മാലിന്യത്തിൽ നിന്നുള്ള മീഥെയ്ൻ ഉൾപ്പെടെയുള്ള വാതകങ്ങളാണ് പലപ്പോഴും കാരണം.
ആക്രിക്കടകളിലെ തീപിടിത്തത്തിനു പലപ്പോഴും കാരണം ഷോർട്ട് സർക്യൂട്ടാണ്. ആക്രിക്കടകളിൽ എത്തിക്കുന്ന വയറുകളിൽ നിന്നു ലോഹഭാഗങ്ങൾ വേർതിരിക്കാൻ കത്തിക്കാറുണ്ട്. ഇങ്ങനെ കത്തിച്ചശേഷം തീ കൃത്യമായി അണയ്ക്കാതെ പോകുന്നതും വലിയ അപകടത്തിലേക്കെത്തുന്നുണ്ട്. ഒഴിഞ്ഞുകിടന്ന പറമ്പിൽ തീപടർന്ന സംഭവം കൊച്ചിയിൽ കഴിഞ്ഞ ദിവസം രണ്ടിടത്തുണ്ടായി. അന്നു രാത്രിയോടെയായിരുന്നു കൊച്ചി തുറമുഖത്തെ തീപിടിത്തം.പുരയിടങ്ങൾ, തോട്ടങ്ങൾ, മാലിന്യക്കൂമ്പാരം, പുൽക്കാടുകൾ എന്നിവയ്ക്കാണു കൂടുതലും തീപിടിക്കുന്നത്. ഈ വർഷം ഇതുവരെ ഗാന്ധിനഗർ അഗ്നിരക്ഷാ നിലയത്തിൽ മാത്രം തീപിടിത്തവുമായി ബന്ധപ്പെട്ട് 65ൽ ഏറെ ഫോൺകോളുകളെത്തി. അധികൃതർക്കു വിവരം ലഭിക്കാത്ത തീപിടിത്തങ്ങളുടെ കണക്കു കൂടിയാകുമ്പോൾ എണ്ണം പിന്നെയും കൂടും.