ബ്രഹ്മപുരം സിബിജി ആദ്യ ബയോഡൈജസ്റ്റർ ട്രയൽ റൺ തുടങ്ങി

Mail This Article
കൊച്ചി ∙ബ്രഹ്മപുരത്തു ബിപിസിഎൽ സജ്ജമാക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ (സിബിജി) നിർമാണം പൂർത്തിയായ ഒരു ബയോ ഡൈജസ്റ്ററിൽ ട്രയൽ റൺ തുടങ്ങി. 2 ബയോ ഡൈജസ്റ്ററുകളിൽ ഒന്നിന്റെ നിർമാണമാണു പൂർത്തിയായത്. ഈ ബയോഡൈജസ്റ്ററിലേക്കു ചാണകം നിറച്ചാണ് ഇപ്പോൾ ട്രയൽ റൺ നടത്തുന്നത്.ഏപ്രിൽ അവസാനത്തോടെ ഭക്ഷണ മാലിന്യം ഈ ബയോഡൈജസ്റ്ററിലേക്ക് എത്തിച്ചു തുടങ്ങുമെന്നു മേയർ എം. അനിൽകുമാർ അറിയിച്ചു. ഇതോടെ പ്ലാന്റിൽ ഗ്യാസ് ഉൽപാദനം തുടങ്ങുകയും അതു പൈപ്പ് വഴി ബിപിസിഎൽ പ്ലാന്റിലേക്ക് എത്തിക്കുകയും ചെയ്യും. രണ്ടാമത്തെ ബയോ ഡൈജസ്റ്ററിന്റെയും നിർമാണം അധികം വൈകാതെ പൂർത്തിയാക്കും. 18 മാസമാണു സിബിജി പ്ലാന്റിനു നിർമാണ കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും 6 മാസം മുൻപു തന്നെ പൂർത്തീകരിക്കും.
സിബിജി പ്ലാന്റിനു വേണ്ടിയുള്ള എല്ലാ അനുമതികളും വളരെ വേഗം ലഭ്യമാക്കിയിരുന്നു. നിർമാണത്തിൽ ഒരു മണിക്കൂർ പോലും തടസ്സം നേരിട്ടില്ല. തടസ്സങ്ങളുണ്ടാകുമ്പോൾ അതു വളരെ വേഗം പരിഹരിക്കാൻ ബിപിസിഎലിനും കോർപറേഷനും കഴിഞ്ഞു. മാലിന്യ സംസ്കരണത്തിനു ശാസ്ത്രീയമായ ഒരു പ്ലാന്റിനു വേണ്ടിയുള്ള കൊച്ചിയുടെ ദശാബ്ദങ്ങളുടെ കാത്തിരിപ്പാണു സിബിജി പ്ലാന്റ് സജ്ജമാകുന്നതോടെ അവസാനിക്കുന്നത്.ഇൻഡോറിനു ശേഷം മാതൃകാപരമായി പ്രവർത്തിക്കുന്ന പ്ലാന്റായി ബ്രഹ്മപുരത്തെ സിബിജി പ്ലാന്റ് മാറും. ആദ്യ ഘട്ടത്തിൽ 75 ടൺ മാലിന്യമാണു സിബിജി പ്ലാന്റിലെ ബയോഡൈജസ്റ്ററിൽ ഉപയോഗിക്കുക. ഇതു പിന്നീട് ഘട്ടം ഘട്ടമായി 150 ടണ്ണായി ഉയർത്തുമെന്നും മേയർ പറഞ്ഞു.
ചീഫ് സെക്രട്ടറി പ്ലാന്റ് സന്ദർശിച്ചു
ബ്രഹ്മപുരം∙ബ്രഹ്മപുരത്ത് നിർമാണം പൂർത്തിയായ സിബിജി പ്ലാന്റ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സന്ദർശിച്ചു. ഇന്നലെ വൈകിട്ട് 5 നാണ് ചീഫ് സെക്രട്ടറി ബ്രഹ്മപുരത്തെ പ്ലാന്റ് സന്ദർശിച്ചത്. കലക്ടർ എൻ.എസ്.കെ.ഉമേഷും ബിപിസിഎൽ ഡയറക്ടർ സഞ്ജയ് ഖന്ന, ബിപിസിഎൽ-കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ എം. ശങ്കർ മറ്റ് ഉദ്യോഗസ്ഥർ എന്നിവരും ചീഫ് സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു.ബിപിസിഎൽ കൊച്ചി റിഫൈനറിയിലെ സോളർ സംവിധാനത്തിന്റെ ഉദ്ഘാടനത്തിനു ശേഷമാണ് ബ്രഹ്മപുരത്ത് ചീഫ് സെക്രട്ടറി സന്ദർശനം നടത്തിയത്.
