ഒന്നാം വർഷ എംബിബിഎസ് പരീക്ഷ; മിന്നുംവിജയവുമായി ഇടുക്കി മെഡിക്കൽ കോളജ്

Mail This Article
ചെറുതോണി ∙ കേരള ആരോഗ്യ സർവകലാശാലയുടെ ഒന്നാം വർഷ എംബിബിഎസ് പരീക്ഷയിൽ ഇടുക്കി മെഡിക്കൽ കോളജിനു മിന്നുന്ന വിജയം. ആകെ 100 വിദ്യാർഥികൾ പഠിക്കുന്ന കോളജ് 97 ശതമാനം വിജയത്തോടെ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത് എത്തി.
ആദ്യ വർഷം അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നിങ്ങനെ 3 വിഷയങ്ങളാണ് എംബിബിഎസ് പരീക്ഷയ്ക്ക് ഉള്ളത്. ഇതിൽ ഫിസിയോളജിയിൽ പരീക്ഷ എഴുതിയ 99 കുട്ടികളും വിജയിച്ചപ്പോൾ ബയോകെമിസ്ട്രിയിൽ പരീക്ഷ എഴുതിയ 99 പേരിൽ 98 പേരാണ് വിജയം കണ്ടത്.
അനാട്ടമിയിൽ 94 കുട്ടികളും പരീക്ഷ വിജയിച്ചു. ഇതിൽ 3 ഡിസ്റ്റിങ്ഷനും 50 പേർ ഫസ്റ്റ് ക്ലാസും ഉണ്ടെന്നതും നേട്ടമായി. ഏതാനും വിദ്യാർഥികൾക്ക് പല കാരണങ്ങൾ കൊണ്ടും പരീക്ഷ എഴുതാനായിരുന്നില്ല. 2014 ൽ 50 വിദ്യാർഥികളുമായി ആരംഭിച്ച മെഡിക്കൽ കോളജിന്റെ അംഗീകാരം രണ്ട് ബാച്ച് കഴിഞ്ഞപ്പോൾ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിന്റെ പേരിൽ നഷ്ടമായിരുന്നു. തുടർന്ന് 2022ൽ മെഡിക്കൽ കമ്മിഷൻ ഓഫ് ഇന്ത്യ 100 കുട്ടികൾക്കു പഠിക്കുന്നതിനുള്ള അംഗീകാരം ഇടുക്കി മെഡിക്കൽ കോളജിനു നൽകുകയായിരുന്നു.
പ്രിൻസിപ്പൽ ഡോ. പി.കെ.ബാലകൃഷ്ണൻ
അപര്യാപ്തതകൾക്കും ഇല്ലായ്മകൾക്കും പരിമിതികൾക്കും ഇടയിൽ ലഭിച്ച ഈ മികച്ച വിജയം അധ്യാപകരുടെയും കുട്ടികളുടെയും നേട്ടമാണ്. കുട്ടികൾ പഠിക്കാൻ കാണിച്ച താൽപര്യത്തോടൊപ്പം തന്നെ അധ്യാപകരുടെ കഠിന പരിശ്രമവും വിജയത്തിൽ നിർണായകമായി. ഇന്റേണൽ പരീക്ഷകൾക്കു ശേഷം കൂടുതൽ ശ്രദ്ധ വേണ്ട കുട്ടികളെ വിളിച്ചിരുത്തി ക്ലാസ് സമയം കഴിഞ്ഞ് അധ്യാപകർ പ്രത്യേക ക്ലാസുകൾ എടുത്തിരുന്നു. ഏതൊക്കെ വിഷയങ്ങളിലാണ് കുട്ടികൾ പിന്നിലെന്നു കണ്ടെത്തി കുട്ടികളെ പഠിപ്പിച്ചും പ്രോത്സാഹനം നൽകിയും കഠിന പരിശ്രമം നടത്തി. അധ്യയന വർഷം മുഴുവൻ അധ്യാപകർ പിന്തുടർന്ന ഈ മാതൃകയാണ് ഇടുക്കി മെഡിക്കൽ കോളജിനെ ആദ്യ വർഷം തന്നെ ഈ മനോഹരമായ നേട്ടത്തിലേക്ക് നയിച്ചത്. വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും അധ്യാപകർക്കും വിദ്യാർഥികൾക്കും അവകാശപ്പെട്ടതാണ്.