തൊമ്മൻകുത്ത് ടൂറിസം വികസനം: നാടിന്റെ സാധ്യതകളെ നശിപ്പിക്കരുത്

Mail This Article
കരിമണ്ണൂർ ∙ നൂറുകണക്കിനു സഞ്ചാരികളെ ആകർഷിക്കുന്ന തൊമ്മൻകുത്ത് ഇക്കോ ടൂറിസം സെന്ററിന്റെ വികസനം വനംവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് അനിശ്ചിതത്വത്തിലാണെന്നും ഇതിനു പരിഹാരം ഉണ്ടാക്കണമെന്നും കരിമണ്ണൂർ പഞ്ചായത്ത് കമ്മിറ്റി പ്രമേയം. മനോഹരമായ വെള്ളച്ചാട്ടവും ഗുഹകളും പ്രകൃതി സൗന്ദര്യവും നിറഞ്ഞ സഞ്ചാരികളുടെ ഇഷ്ട ഇടമാണ് തൊമ്മൻകുത്ത്. ഇപ്പോൾ ഏഴുനില കുത്തു വരെ മാത്രമാണ് സഞ്ചാരികൾക്ക് യാത്ര ചെയ്യാൻ അനുമതിയുള്ളത്. ഇവിടെനിന്ന് 6 കിലോമീറ്റർ സഞ്ചരിച്ചാൽ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ചെകുത്താൻകുത്തിലെത്താം. മുത്തികുത്ത്, കടച്ചിയാർകുത്ത്, പളുങ്കൻ അള്ള്, തേൻകുഴികുത്ത് തുടങ്ങി ഒട്ടേറെ വെള്ളച്ചാട്ടങ്ങൾ ഇവിടെയുണ്ട്. ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ വനംവകുപ്പ് തടസ്സം നിൽക്കുകയാണ്.
ആവശ്യത്തിനു ഗൈഡുമാരും ഇവിടെയുണ്ടെങ്കിലും കൂപ്പ് റോഡിലൂടെ സഞ്ചരിക്കാനും അനുമതിയില്ലാത്ത സ്ഥിതിയാണ്. ട്രക്കിങ്ങിനും ഓഫ് റോഡ് ടൂറിസത്തിനുമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയാത്തതും സഞ്ചാരികളെ നിരാശരാക്കുന്നു. കൂപ്പ് റോഡിലൂടെ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലുള്ള വാഹനങ്ങൾ ഏർപ്പെടുത്തിയാൽ കൂടുതൽ സഞ്ചാരികൾ ഇവിടേക്ക് എത്തും. തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന്റെ സമീപ പ്രദേശങ്ങളായ ആനയാടിക്കുത്ത്, കോട്ടപ്പാറ, കാറ്റാടിക്കടവ്, മീനുളിയാൻപാറ, മക്കുവള്ളി, പാൽകുളംമേട്, കീഴാർകുത്ത്, മനയത്തടം എന്നീ പ്രകൃതി രമണീയമായ സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് രൂപീകരിച്ച് ട്രക്കിങ്ങിനും ഓഫ് റോഡ് ടൂറിസത്തിനും അവസരം ഒരുക്കണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.
തൊമ്മൻകുത്തിന്റെ താഴ്ഭാഗത്ത് തടയണ നിർമിച്ച് പെഡൽബോട്ടിങ്, പാറയിടുക്കുകളെ ബന്ധിപ്പിച്ച് മാൻ പാർക്ക്, പുഴയോരത്തുള്ള മരങ്ങളിൽ ട്രീ ഹൗസ്, പാറക്കല്ലുകളിൽ റോക്ക് ഹൗസുകൾ എന്നിവ നിർമിച്ചാൽ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് സാഹസിക ക്യാംപിങ് സാധ്യമാക്കാനും ഇതുവഴി കരിമണ്ണൂർ പഞ്ചായത്തിനെ ടൂറിസം കവാടമാക്കി മാറ്റാനും കഴിയും. എന്നാൽ ഇതിനു തടയിടാനുള്ള ശ്രമമാണ് വനംവകുപ്പധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. രണ്ടുവർഷം മുൻപ് തൊമ്മൻകുത്ത് ടൂറിസം വികസനത്തിനായി 70 ലക്ഷം അനുവദിച്ചെങ്കിലും ഏഴുനില കുത്തുവരെയുള്ള ഒരു കിലോ മീറ്റർ റോഡു പോലും സഞ്ചാര യോഗ്യമാക്കാൻ സാധിച്ചിട്ടില്ല.
20 ലക്ഷം ചെലവഴിച്ച് അപകടരഹിത കുളിസ്ഥലത്തിനായി പാറയിൽ നടകൾ കൊത്തിയുണ്ടാക്കിയെങ്കിലും ഇതു ഗേറ്റ് സ്ഥാപിച്ച് വനംവകുപ്പ് അധികൃതർ അടച്ചുപൂട്ടി. ഇതിനു സമീപമുള്ള പ്ലാവ് പൊത്ത് കാണാനും അനുമതിയില്ല. മ്മൻകുത്ത് ഇക്കോടൂറിസം സെന്ററിന്റെ വികസനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം ബിബിൻ അഗസ്റ്റിൻ നൽകിയ കത്ത് പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്ത് പ്രമേയം പാസാക്കി. മുഖ്യമന്ത്രി, ടൂറിസം-വനം മന്ത്രിമാർ, ഡീൻ കുര്യാക്കോസ് എംപി, പി.ജെ.ജോസഫ് എംഎൽഎ, കലക്ടർ, കോതമംഗലം സിസിഎഫ്, ഡിഎഫ്ഒ എന്നിവർക്ക് പ്രമേയം സംബന്ധിച്ച് കത്ത് നൽകുകയും ചെയ്തു.