റേഷൻ കാർഡ് മസ്റ്ററിങ്: 98% പൂർത്തിയായി
Mail This Article
തൊടുപുഴ∙ ഇടുക്കി ജില്ലയിൽ 98% റേഷൻ കാർഡുകൾ മസ്റ്ററിങ് പൂർത്തിയാക്കിയതായി ജില്ലാ സപ്ലൈ ഓഫിസ് അധികൃതർ അറിയിച്ചു. അന്ത്യോദയ അന്നയോജന (എഎവൈ), പ്രയോറിറ്റി ഹൗസ്‌ഹോൾഡ് (പിഎച്ച്എച്ച്) വിഭാഗം കാർഡുകളുടെ മസ്റ്ററിങ് പൂർത്തിയാക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ച സമയപരിധി 31ന് അവസാനിക്കും. ഇതിനോടകം കാർഡുടമകളുടെ വിവരങ്ങൾ റേഷൻ കടകൾ വഴി ശേഖരിച്ച് മസ്റ്ററിങ് പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു.
കാർഡ് ഉടമകളിൽ മരിച്ചുപോയവരോ കേരളത്തിൽ താമസമില്ലാത്തവരോ ഉണ്ടോയെന്നു പരിശോധിച്ച് അതിനനുസരിച്ച് കാർഡിൽ മാറ്റം വരുത്താൻ നിർദേശം നൽകിയിട്ടുണ്ട്. റേഷൻ കടകൾ വഴിയും പഞ്ചായത്തു തലത്തിൽ നടത്തിയ ക്യാംപുകൾ വഴിയുമാണ് ജില്ലയിൽ മസ്റ്ററിങ് നടത്തിയത്. ഐറിസ് സ്കാനിങ് സംവിധാനവും ഉപയോഗിച്ചു. ഒട്ടേറെ കിടപ്പു രോഗികളുടെ വീടുകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് മസ്റ്ററിങ് നടത്തിയത്.
അനർഹർക്ക് പിടിവീണു
അനർഹമായി മുൻഗണനാ വിഭാഗത്തിൽ തുടർന്നിരുന്നവരെ മസ്റ്ററിങ്ങിലൂടെ കണ്ടെത്താനായി. അരിയുൾപ്പെടെ സൗജന്യ റേഷൻ കൈപ്പറ്റിയിരുന്ന ഒട്ടേറെ കാർഡുടമകൾക്ക് സർക്കാർ നിർദേശപ്രകാരമുള്ള പിഴ ചുമത്തി. മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരുകൾ കാർഡിൽ നിന്നു നീക്കം ചെയ്ത് കാർഡുടമകൾ ശിക്ഷാ നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചു.