വലിയ നഷ്ടമെന്ന് ബസ് ഉടമകൾ സ്വകാര്യ ബസുകൾ കൂട്ടത്തോടെ പിൻവലിഞ്ഞു

Mail This Article
പയ്യന്നൂർ ∙ സ്വകാര്യ ബസുകൾ കൂട്ടത്തോടെ പിൻവലിഞ്ഞു. കണ്ണൂർ, ചെറുപുഴ റൂട്ടുകളിൽ മാത്രമാണ് ഇന്നലെ പയ്യന്നൂരിൽ നിന്ന് സ്വകാര്യ ബസുകൾ സർവീസ് നടത്തിയത്. കണ്ണൂർ റൂട്ടിൽ 10 ബസുകളും ചെറുപുഴ റൂട്ടിൽ 7 ബസുകളും. മറ്റ് റൂട്ടുകളിലൊന്നും സർവീസ് നടത്തിയില്ല. ഇതുമൂലം ജനങ്ങൾ ഏറെ ദുരിതം അനുഭവിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സ്വകാര്യ ബസുകൾ ഘട്ടം ഘട്ടമായി പിൻമാറുകയായിരുന്നു. വലിയ നഷ്ടം സംഭവിക്കുന്നതാണ് സർവീസ് നിർത്താൻ കാരണമെന്നാണ് തൊഴിലാളികളും ഉടമകളും പറയുന്നത്.
പൊതു ഗതാഗതം അനുവദിച്ച സാഹചര്യത്തിൽ ബസ് സർവീസ് പൂർണമായും മുടക്കുന്നത് ഒഴിവാക്കാൻ ആവശ്യമായ ചർച്ചകളൊന്നും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. മുഴുവൻ ബസുകളും സർവീസ് നടത്തിയില്ലെങ്കിൽ ഓരോ റൂട്ടിലും നിശ്ചിത ബസുകൾ സർവീസ് നടത്താൻ ആവശ്യമായ സൗകര്യം ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ബസ് സർവീസ് ഇല്ലാതായതോടെ ഓട്ടോറിക്ഷകൾക്കും വരുമാനമില്ലാതായി. വരുമാനമൊന്നുമില്ലാതെ ഓട്ടോറിക്ഷകളും ടൗണിൽ നിന്ന് പിൻവലിഞ്ഞു തുടങ്ങി. നാളെ മുതൽ ബസ് സർവീസ് ഇല്ലാതായാൽ സർക്കാർ ജീവനക്കാരും മറ്റ് തൊഴിലാളികളും ദുരിതത്തിലാകും.