സമരം പിൻവലിച്ചിട്ടും അരിയില്ല

Mail This Article
കണ്ണൂർ∙ രണ്ടാഴ്ചയിലധികം തുടർന്നു വന്ന അരി വിതരണക്കരാറുകാടെ സമരം കഴിഞ്ഞ 25 ന് പിൻവലിച്ചിട്ടും റേഷൻ കടകളിൽ അരി വിതരണത്തിൽ തടസ്സം തുടരുന്നു. അഞ്ചരക്കണ്ടി, കടമ്പൂർ, മുഴപ്പിലങ്ങാട് മേഖലകളിലെ റേഷൻ കടകളിൽ ഇന്നലെ വൈകിട്ട് വരെയും ധാന്യ ചാക്കുകൾ എത്തിയിരുന്നില്ല. കണ്ണൂർ കോർപറേഷനിലെ ചില റേഷൻ കടകളിലും അരി എത്തിയിട്ടില്ല. കടമ്പൂർ, മുഴപ്പിലങ്ങാട് മേഖലകളിലെ ചില റേഷൻ കടകളിൽ ഇന്നലെ വൈകിട്ട് 6 ന് ശേഷം അരി ഭാഗികമായെത്തിയത് ഈ സ്ഥലങ്ങളിലെ ഉപഭോക്താക്കൾക്ക് ആശ്വാസമായി.അരി എത്തിയ സ്ഥലങ്ങളിൽപോലും ഈ മാസത്തെ വിഹിതത്തിന്റെ കാൽഭാഗം മാത്രമാണ് എത്തിയത്. പെരളശ്ശേരിയിലെ ചില റേഷൻ കടകളിൽ ഇന്നലെ വൈകുന്നേരത്തോടെ തന്നെ അരി തീർന്നതായി പരാതിയുണ്ട്.
റേഷൻ കടകളിലേക്ക് അരി കൃത്യമായി എത്തിക്കാതെ സ്റ്റോക്ക് മുഴുവനുമെത്തി എന്ന തെറ്റിദ്ധാരണയാണ് അധികൃതർ പരുത്തുന്നതെന്നും ഇത് വിശ്വസിച്ച് അരി വാങ്ങാൻ എത്തുന്ന ഉപഭോക്താക്കൾ നിരാശരായി മടങ്ങിപ്പോകുകയാണെന്നും പരാതിയുണ്ട്.എല്ലാ റേഷൻ കടകളിലും സമയാസമയങ്ങളിൽ അരി എത്തിക്കാൻ പറ്റുന്ന തരത്തിൽ വേണ്ടത്ര ലോറികൾ ഓടാത്തതാണ് കാരണമെന്ന് പറയുന്നു. ജനുവരി മാസത്തെ റേഷൻ വിഹിതം ഉപഭോക്താക്കൾ ഫെബ്രുവരി 2 ന് മുൻപായി വാങ്ങണമെന്ന് സപ്ലൈ ഓഫിസ് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഫെബ്രുവരി ആദ്യത്തെ ആഴ്ച മുഴുവൻ എടുത്താലും ജനുവരിയിലെ റേഷൻ വിഹിതം കൊടുത്ത് തീർക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. റേഷൻ കടകളിൽ കൂടുതൽ ഉപഭോക്താക്കൾ എത്തുന്നത് സെർവർ തകരാറും ഉണ്ടാക്കുന്നുണ്ട്.