ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം പഞ്ചായത്തിൽ മഴയിലും കാറ്റിലും വൻ കൃഷിനാശം

Mail This Article
ചിറ്റാരിപ്പറമ്പ്/മാങ്ങാട്ടിടം∙ കനത്ത വേനൽ മഴയിലും കാറ്റിലും ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം പഞ്ചായത്തിൽ വിവിധ കർഷകരുടെ 1000 ഓളം വാഴകൾ നശിച്ചു. കുലച്ചതും കുലക്കാൻ ആയതുമായ വാഴകളാണ് പൂർണമായും നശിച്ചത്. കൃഷി ഭവനിൽ ഇന്നലെ വരെ ലഭിച്ച അപേക്ഷകളിൽ നിന്നുമാണ് ഇത്രയും കൃഷിനാശം സംഭവിച്ചതായി വിവരം കിട്ടിയത്. പരാതി നൽകാത്തവരുടെ കൂടെ ചേരുമ്പോൾ കൃഷിനാശം ഇതിന്റെ ഇരട്ടിയോളം ആകുമെന്നാണ് കരുതുന്നത്.

കൈതേരിയിലെ കാരാത്താൻ ശ്രീധരന്റെ 500 ഓളം കുലച്ച നേന്ത്രവാഴകൾ പൂർണമായും നശിച്ചു. ഞായറാഴ്ച രാത്രി വീശിയടിച്ച കാറ്റിലാണ് ശ്രീധരന്റെ കാരക്കണ്ടി വയലിലെ വാഴകൾ നിലം പരിശായത്. സ്വന്തം കൃഷിയിടത്തിലും ജ്യേഷ്ഠന്റെ കൃഷിയിടത്തിലും ആയി ഒന്നര ഏക്കർ സ്ഥലത്താണ് 1800 ഓളം വാഴക്കൃഷി നടത്തുന്നത്. 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മാങ്ങാട്ടിടം പഞ്ചായത്ത്, കൃഷിഭവൻ അധികൃതർക്ക് പരാതി നൽകി. കണ്ടേരി എംവി ഹൗസിൽ പുരുഷോത്തമന്റെ 70 ഓളം വാഴകൾ നശിച്ചിട്ടുണ്ട്. മൂന്ന് തെങ്ങുകൾ കടപുഴകി വീണു.
ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ അശോകൻ മൊടോളി, സജീവൻ മൊടോളി, ഗോവിന്ദൻ മുക്കായി എന്നിവരുടെ കുലയ്ക്കാറായതും കുലച്ചതും ആയ 200 ഓളം വാഴകൾ ഒടിഞ്ഞുവീണു. ചിറ്റാരിപ്പറമ്പ് സ്കൂളിന് സമീപം ഡി.അബ്ദുല്ല ഹാജിയുടെ വീടിനു മുകളിൽ തെങ്ങ് വീണ് വീടിനു കേടുപാട് പറ്റി. വീടിന്റെ മുൻവശത്തെ ഷെഡ് പൂർണമായും തകർന്നു. സമീപസ്ഥലങ്ങളിൽ എട്ടോളം തെങ്ങുകൾ കടപുഴകി വീണു.