ചീമേനിയിൽ ആണവ വൈദ്യുതി നിലയത്തിനുള്ള നീക്കം ഉപേക്ഷിക്കണം: എസ്.പി.ഉദയകുമാർ

Mail This Article
ചെറുവത്തൂർ ∙ ചീമേനിയിൽ ആണവ വൈദ്യുതി നിലയം സ്ഥാപിക്കാനുള്ള അധികൃതരുടെ നീക്കം ഉപേക്ഷിക്കണമെന്ന് കൂടുംകുളം സമര നായകൻ എസ്.പി.ഉദയകുമാർ. നിർദിഷ്ട ചീമേനി ആണവ വൈദ്യുത നിലയത്തിനെതിരെ ആണവ വൈദ്യുതി നിലയവിരുദ്ധ സമിതി സംഘടിപ്പിച്ച കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉദയകുമാർ. ആണവ വൈദ്യുതി നിലയത്തെ കുറിച്ച് ഇവിടെയുള്ള ജനങ്ങൾക്ക് വ്യക്തമായ വിവരങ്ങൾ നൽകി ചർച്ച നടത്തി ജനങ്ങൾ പദ്ധതി അംഗീകരിക്കുന്നുണ്ടെങ്കിൽ പദ്ധതിയോട് ആർക്കും എതിർപ്പില്ലെന്നും ഉദയകുമാർ പറഞ്ഞു.
ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്ന ഒരു പദ്ധതി ഒരു ജനാധിപത്യ രാജ്യത്ത് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അതിനെ ചെറുക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത് സാധാരണയാണെന്നും ചൂണ്ടിക്കാട്ടി. ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷനായി. കെ.രാമചന്ദ്രൻ, എൻ.സുബ്രഹ്മണ്യൻ, വിനോദ് രാമന്തളി, വി.കെ.രവീന്ദ്രൻ, കെ.രാജൻ, എ.ജയരാമൻ, ടി.വി.ഉമേശൻ, എം.കെ.ഷഹസാദ് തുടങ്ങിയവർ പ്രസംഗിച്ചു.