ഉള്ളു തണുപ്പിച്ച് വേനൽമഴ; അപ്രതീക്ഷിത വേനൽമഴയിൽ മനം നിറഞ്ഞ് മലയോരഗ്രാമങ്ങൾ

Mail This Article
ചിറ്റാരിക്കാൽ /വെള്ളരിക്കുണ്ട് /ചെറുവത്തൂർ /കുറ്റിക്കോൽ ∙ മലയോര ഗ്രാമങ്ങൾക്കു കുളിരായി വേനൽമഴ പെയ്തിറങ്ങി. ഇന്നലെ ഉച്ചയ്ക്ക് 2.30 മുതലാണ് ഈസ്റ്റ് എളേരി ഉൾപ്പെടെയുള്ള മലയോര പഞ്ചായത്തുകളിൽ മഴയെത്തിയത്. പലയിടത്തും ഒരു മണിക്കൂറോളം മഴ പെയ്തു. ഇതോടെ വേനൽച്ചൂടിനും അന്തരീക്ഷത്തിലെ പൊടിപടലത്തിനും അൽപം ആശ്വാസമായി. കടുത്ത വേനലിൽ കെട്ടിടങ്ങളിലും മറ്റും ചൂടു കൂടിയതിനാൽ പലയിടത്തും വീടുകളിൽ പോലും രാത്രികാലങ്ങളിൽ കിടന്നുറങ്ങാൻ കഴിയാത്ത സ്ഥിതിയായിരുന്നു. തുടർച്ചയായി രണ്ടിലധികം തവണ വേനൽമഴ ലഭിച്ചാൽ അന്തരീക്ഷത്തിലെ ചൂടു കുറയുമെന്ന് നാട്ടുകാർ പറയുന്നു.

കൃഷിക്ക് ആശ്വാസം
ഇന്നലെ പെയ്ത ആദ്യ മഴ ചിലയിടങ്ങളിൽ ഭൂമി തണുക്കാൻ പോലുമായില്ലെങ്കിലും കൃഷിയിടങ്ങളിൽ ഏറെ പ്രയോജനകരമായി. ചൂടിൽ വാടിയ ചെടികൾക്കും മഴ പുത്തൻ ഉണർവായി. കാർഷിക വിളകൾക്ക് വരൾച്ചയെ അതിജീവിക്കാനും വേനൽ മഴ സഹായകമാകും. ചൂട് കൂടിയതിനാൽ ടാപ്പിങ് നിർത്തിവച്ച റബർ തോട്ടങ്ങളും വേനൽമഴ പെയ്യുന്നതോടെ സജീവമാകും.

വേനൽമഴ കാര്യമായി ഉണ്ടായെങ്കിൽ മാത്രമേ കിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസുകളിൽ ജലനിരപ്പ് ഉയരൂ. ജലക്ഷാമം നേരിടുന്ന ഉൾപ്രദേശങ്ങളിലെ വീടുകളിൽ വേനൽമഴ പെയ്താൽ മഴവെള്ളം പാത്രങ്ങളിൽ ശേഖരിക്കാറുണ്ട്. മഴവെള്ള സംഭരണിയുള്ളവർക്കും വേനൽമഴ അനുഗ്രഹമാകും. വരും ദിവസങ്ങളിൽ വേനൽമഴ സജീവമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

ഉണക്കാനിട്ട അടയ്ക്ക നനഞ്ഞു
ചിലയിടത്ത് കർഷകരുടെ ഉണക്കാനിട്ട അടയ്ക്ക മഴ നനഞ്ഞു. വെള്ളരിക്കുണ്ട് താലൂക്കിലെ വെസ്റ്റ് എളേരി, ബളാൽ, ഇൗസ്റ്റ് എളേരി, കിണാനൂർ കരിന്തളം, കോടോം ബേളൂർ പഞ്ചായത്തുകളിൽ വേനൽ മഴ സാമാന്യം ശക്തമായി പെയ്തു. മറ്റു പഞ്ചായത്തുകളിൽ ചെറിയ തോതിലും മഴലഭിച്ചു.
വെള്ളരിക്കുണ്ടിലെ മഴമാപിനി തകരാറിലായതിനാൽ മഴയുടെ അളവ് വ്യക്തമല്ലെന്ന് തഹസിൽദാർ പി.വി.മുരളി പറഞ്ഞു.നാശനഷ്ടങ്ങളും നേരിട്ടില്ല. ചെറുവത്തൂർ, പിലിക്കോട് പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും വൈകിട്ട് ചെറിയ തോതിൽ വേനൽ മഴ പെയ്തു. കുറ്റിക്കോൽ ടൗൺ, ബേഡഡുക്ക, കുണ്ടംകുഴി, പെരിയ, ബോവിക്കാനം എന്നിവിടങ്ങളിലും മഴ ലഭിച്ചു.
സുള്ള്യയിൽ ചൂടിന് ആശ്വാസം
സുള്ള്യയിൽ കടുത്ത ചൂടിന് അൽപം ആശ്വാസം പകർന്ന് വേനൽ മഴ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത ചൂടാണ് സുള്ള്യയിൽ അനുഭവപ്പെടുന്നത്. കർണാടക സംസ്ഥാനത്തു തന്നെ ഉയർന്ന 41.4 സെൽഷ്യസ് ചൂടാണ് കഴിഞ്ഞ ദിവസം സുള്ള്യയിൽ രേഖപ്പെടുത്തിയത്. പുത്തൂർ, കടബ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ ഉൾപ്പെടെ ദക്ഷിണ കന്നഡ ജില്ലയുടെ വിവിധ ഭാഗങ്ങളിലും കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിലും വേനൽ മഴ പെയ്തു.