പുത്തൻ ചേലിൽ പുനലൂർ പാലം; തൂക്കുപാലത്തിലെ പ്രവേശനം രാത്രി 7 വരെ

Mail This Article
പുനലൂർ ∙ തൂക്കുപാലത്തിന് ചുറ്റും ടൂറിസ്റ്റ് സങ്കേതമാക്കി മാറ്റുന്നതിനു പുതിയ പദ്ധതിക്കായി ചർച്ച നടത്തുമെന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ. 28 ലക്ഷം മുടക്കി നവീകരണം പൂർത്തിയാക്കിയ തൂക്കുപാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസം വകുപ്പ് മന്ത്രിയും നഗരസഭയും പി.എസ്. സുപാൽ എംഎൽഎയും പുരാവസ്തു വകുപ്പും കൂടി ചർച് നടത്തും. ചരിത്ര സ്മാരകങ്ങളെക്കുറിച്ചു പുതിയ തലമുറയ്ക്കും ചരിത്ര വിദ്യാർഥികൾക്കും അറിവുകൾ കൈമാറാനുള്ള ഭാരിച്ച ഉത്തരവാദിത്തമാണ് പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നത്. അതിനു പുനലൂർ തൂക്കുപാലം മാതൃകയാകും. തൂക്കുപാലം സംരക്ഷിക്കുന്നതിനു നഗരസഭയും ഡിറ്റിപിസിയും പ്രധാന പങ്കു വഹിക്കും. കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനു ഡിടിപിസി മുൻകൈ എടുക്കണമെന്നും കൂട്ടിച്ചേർത്തു.
തൂക്കുപാലം അനുബന്ധ ടൂറിസം വികസനത്തിന് ഫണ്ട് കണ്ടെത്തും
തൂക്കുപാല അനുബന്ധ ടൂറിസം വികസനത്തിനു സമഗ്രമായ വികസന പദ്ധതി തയാറാക്കി നൽകിയാൽ കേന്ദ്ര പുരാവസ്തു വകുപ്പിൽ നിന്ന് ഫണ്ട് അനുവദിപ്പിക്കുമെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി. കല്ലടയാറിന്റെ ഇരുവശവുമുള്ള സ്ഥലങ്ങളെ കൂട്ടി യോജിപ്പിച്ച് ഒരു ടൂറിസം സമുച്ചയമാക്കി മാറ്റി സായാഹ്ന സൗഹൃദ സംഗമ വേദികൾ ഒരുക്കണം. കൊല്ലം ജില്ലയുടെ അടയാളങ്ങളിൽ ഒന്നാണ് പുനലൂർ തൂക്കുപാം. ചരിത്ര സ്മാരകങ്ങൾ നിലനിർത്തേണ്ടത് വളർന്നുവരുന്ന തലമുറയ്ക്ക് ചരിത്രപരമായി ദിശാബോധവും നൽകുന്നതിന് സഹായിക്കും.
പി.എസ്.സുപാൽ എംഎൽഎ അധ്യക്ഷത വഹിച്ചു. പുരാവസ്തു ഡയറക്ടർ ഇ.ദിനേശൻ, നഗരസഭ അധ്യക്ഷ ബി.സുജാത, ഉപാധ്യക്ഷൻ ഡി.ദിനേശൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.പുഷ്പലത, പി.എ. അനസ്, വസന്ത രഞ്ജൻ, കെ.കനകമ്മ, മുൻ അധ്യക്ഷ നിമ്മി ഏബ്രഹാം, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ വി.പി. ഉണ്ണിക്കൃഷ്ണൻ, എസ്.ബിജു. സി.വിജയകുമാർ, നിസാം കുറ്റിയിൽ ,കെ. ധർമരാജൻ,ഷൈൻ ബാബു, രാജേഷ് ചാലിയക്കര സലീം പുനലൂർ, ജോസ് കെ. തോമസ്. പുരാവസ്തു വകുപ്പ് ആർട്ടിസ്റ്റ് സൂപ്രണ്ട് രാജേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
തൂക്കുപാലത്തിലെ പ്രവേശനം രാത്രി 7 വരെ
തൂക്കുപാലത്തിലെ പ്രവേശന സമയം ഒരു മണിക്കൂർ ദീർഘിപ്പിക്കുമെന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. പി.എസ്. സുപാൽ എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടതനുസരിച്ചാണു തീരുമാനം. നേരത്തെ തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയായിരുന്നു തൂക്കുപാലത്തിൽ സന്ദർശകരെ അനുവദിച്ചിരുന്നത്. ഇനിമുതൽ വൈകിട്ട് 7 വരെ സന്ദർശകർക്ക് പ്രവേശനം ഉണ്ടാകും. ഒപ്പം തൂക്കുപാലത്തിന്റെ വൈദ്യുത ദീപാലങ്കാരത്തിലുള്ള ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ ഫോട്ടോകൾ ചിത്രീകരിക്കുന്നതിനും സെൽഫി എടുക്കുന്നതിനും ഇത് പ്രയോജനം ചെയ്യും.