ADVERTISEMENT

കുന്നത്തൂർ ∙ നൂറോളം പേർ ജീവനൊടുക്കിയ കുന്നത്തൂർ പാലത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന അധികാരികളുടെ പ്രഖ്യാപനം ജലരേഖയായി. കല്ലടയാറിനു കുറുകെ കുന്നത്തൂർ- കൊട്ടാരക്കര താലൂക്കുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാലത്തിന്റെ കൈവരികളുടെ ഉയരക്കുറവ് പരിഹരിക്കാനും നടപടികളില്ല.

തിരക്കേറിയ ഭരണിക്കാവ്- കൊട്ടാരക്കര പ്രധാന പാതയിലെ നീളമേറിയ പാലത്തിന്റെ ഇരുവശങ്ങളിലും ഇരുമ്പുവേലി സ്ഥാപിക്കാമെന്ന ഉറപ്പും പാഴായി. സന്ധ്യയോടെ ഇരുട്ടിലാകുന്ന പാലത്തിൽ വാഹനങ്ങളിൽ ചാക്കുകളിലാക്കി എത്തിക്കുന്ന അറവുമാലിന്യം കല്ലടയാറ്റിലേക്ക് തള്ളുന്നതും പതിവാണ്. തെരുവുവിളക്കുകൾ സ്ഥാപിച്ചെങ്കിലും കത്താറില്ല.

ആറിന്റെ രണ്ട് വശങ്ങളിലും പാലത്തിനു സമീപത്തായി ബസ് സ്റ്റോപ്പുണ്ട്. ബസിറങ്ങി നടന്നെത്തുന്നവർ പാലത്തിന്റെ മധ്യഭാഗത്ത് എത്തി കല്ലടയാറ്റിലേക്ക് ചാടുന്നതാണ് പതിവ്. പകൽ സമയത്താണ് മിക്കവരും ജീവനൊടുക്കിയത്. ഓരോ വർഷവും ശരാശരി പത്ത് പേർക്ക് ഇവിടെ ജീവൻ നഷ്ടമായിട്ടുണ്ട്.

പാലത്തിന്റെ ഉയരവും താഴെയുള്ള പാറകളും അഗാധ ഗർത്തവും മരണനിരക്ക് കൂടാൻ കാരണമായി. രണ്ടു മീറ്റർ ഉയരത്തിൽ എങ്കിലും പാലത്തിനു ഇരുവശവും ഇരുമ്പുവേലി സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ശാസ്താംകോട്ട, പുത്തൂർ പൊലീസ് സ്റ്റേഷനുകളുടെ അതിർത്തിയായ പ്രദേശമായതിനാൽ അധികൃതർ ശ്രദ്ധിക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. പാലത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനായി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചെങ്കിലും നടപ്പായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com