കർബല നടപ്പാലം അടച്ചിട്ട് 5 മാസം ;എന്ന് തുറക്കും

Mail This Article
കൊല്ലം ∙ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാർ ഉപയോഗിച്ചിരുന്ന റെയിൽവേ നടപ്പാലം അടച്ചിട്ട് മാസങ്ങൾ. റെയിൽവേ സ്റ്റേഷന് സമീപത്തുള്ള കർബല റെയിൽവേ നടപ്പാലമാണ് 5 മാസത്തോളമായി അടഞ്ഞു കിടക്കുന്നത്. റെയിൽവേ സുരക്ഷാ വിഭാഗം നടപ്പാലം സുരക്ഷിതമല്ലെന്നും അറ്റകുറ്റപ്പണികൾ നടത്തണമെന്നും പറഞ്ഞാണ് പാലം അടച്ചത്. എന്നാൽ അറ്റകുറ്റപ്പണികൾ ഇതുവരെ പൂർത്തിയാക്കാനോ എന്നു പൂർത്തിയാവുമെന്ന് പറയാനോ അധികൃതർക്ക് സാധിക്കുന്നില്ല. റെയിൽവേ സ്റ്റേഷൻ– ചെമ്മാൻമുക്ക് റോഡിനെയും കൊല്ലം–ചെങ്കോട്ട റോഡിനെയും ബന്ധിപ്പിച്ചു കർബല ജംക്‌ഷനിൽ നിന്നു തുടങ്ങി ആഞ്ഞിലിമൂട് അവസാനിക്കുന്ന നടപ്പാലമാണ് ഇത്.
എസ്എൻ കോളജ്, എസ്എൻ വനിതാ കോളജ്, ഫാത്തിമ മാതാ കോളജ് തുടങ്ങിയ പ്രദേശത്തെ ഒട്ടേറെ വിദ്യാർഥികൾ നിത്യവും യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന നടപ്പാലമാണിത്. നടപ്പാലം അടച്ചിട്ടിരിക്കുന്നതിനാൽ ചിന്നക്കട വഴിയോ കടപ്പാക്കട–ചെമ്മാൻമുക്ക് വഴിയോ യാത്ര ചെയ്യേണ്ട സാഹചര്യത്തിലാണ് വിദ്യാർഥികൾ. പാളത്തിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലിലൂടെ കയറിയിറങ്ങി ട്രാക്ക് മുറിച്ചു കടന്നാണ് ചിലർ പുറത്തെത്തുന്നത്. പാളങ്ങളിലൂടെയുള്ള കാൽനട യാത്ര വലിയ അപകട സാധ്യതയാണ് ഉയർത്തുന്നത്.