ചന്ദ്ര ശോഭ പകർന്ന ആദരം; അഭിമാനത്തോടെ ടികെഎം

Mail This Article
കൊല്ലം∙ താരങ്ങൾക്കൊപ്പം ഉയർന്ന തങ്ങളുടെ പൂർവവിദ്യാർഥികളെ ആദരിച്ച് ടികെഎം എൻജിനീയറിങ് കോളജ്. ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് ഉൾപ്പെടെ ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഭാഗമായ 139 പൂർവ വിദ്യാർഥികളെയാണ് ഇന്നലെ ആദരിച്ചത്. ‘‘ഒരു എൻജിനീയർ എന്താകണം എന്ന പ്രതീക്ഷ വളർത്തിയത് ഞാൻ പഠിച്ച സ്ഥാപനമാണ്’’–ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നു വന്ന എന്നെ വളർത്തിയതും വലുതാക്കിയതും ഈ സ്ഥാപനമാണ്. അറിവു പകർന്നു തരുന്ന ഏതൊരാളെയും ഗുരുവായി കണ്ടു ബഹുമാനിക്കണമെന്നു പറഞ്ഞു തന്നത് ഇവിടുത്തെ പ്രിൻസിപ്പലായിരുന്നു–സോമനാഥ് പറഞ്ഞു.
നൂതന സാങ്കേതിക വിദ്യകൾ പരിശീലിപ്പിക്കാനും പുതിയ തലമുറയിലെ എൻജിനീയറിങ് വിദ്യാർഥികളെ ആ തലത്തിലേക്ക് കൈപിടിച്ച് ഉയർത്താനുമുള്ള ഉത്തരവാദിത്തം പൂർവ വിദ്യാർഥികൾക്കാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ശരിയായ ദിശയിലാണ് എന്നതിന്റെ തെളിവാണ് ടികെഎം കോളജിലെ 139 പേർ ഐഎസ്ആർഒയിൽ ജോലി ചെയ്യുന്നതെന്ന് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഐഎസ്ആർഒ ചെയർമാൻ സോമനാഥിനോടുള്ള ആദരസൂചകമായി എൻജിനീയറിങ് കോളജിലെ ഒരു ബ്ലോക്കിന് ‘സോമനാഥ് സെന്റർ’ എന്ന പേരു നൽകി.
ടികെഎം കോളജ് ട്രസ്റ്റ് പ്രസിഡന്റ് ഷഹൽ ഹസൻ മുസല്യാർ അധ്യക്ഷനായിരുന്നു. ട്രസ്റ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ.എസ്.അയൂബ്, ട്രസ്റ്റ് ട്രഷറർ ടി.കെ.ജലാലുദ്ദീൻ മുസല്യാർ, സിഎജി ഓഫിസ് പ്രിൻസിപ്പൽ ഡയറക്ടർ സുബു റഹ്മാൻ, കോളജ് പ്രിൻസിപ്പൽ ഡോ.ടി.എ.ഷാഹുൽ ഹമീദ്, വൈസ് പ്രിൻസിപ്പൽ ഡോ.ആർ. സജീബ് എന്നിവർ പ്രസംഗിച്ചു.