ADVERTISEMENT

ശാസ്താംകോട്ട ∙ സംരക്ഷിത പ്രദേശമായ ശാസ്താംകോട്ട തടാകതീരത്തെ കുന്നിടിച്ച് 1703 ലോഡ് മണ്ണ് കടത്താൻ സർക്കാർ നൽകിയ അനുമതി റദ്ദാക്കി. പുതുശേരിമുകളിലെ 20.90 ആർസ് സ്ഥലത്ത് ഖനനം നടത്താൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നൽകിയ അനുമതിയാണ് വിവാദമായതോടെ ഒടുവിൽ റദ്ദാക്കിയത്. വീട് നിർമിക്കാനെന്ന പേരിൽ‌ പടിഞ്ഞാറേകല്ലട പഞ്ചായത്ത് നൽകിയ പെർമിറ്റും സ്ഥലത്ത് നിന്നും 17031 മെട്രിക് ടൺ മണ്ണെടുത്ത് മാറ്റണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ ശുപാർശയും പരിഗണിച്ച് അനുമതി നൽകിയെന്നാണ് ജിയോളജി വകുപ്പിന്റെ വിശദീകരണം. 

 ഇതിനായി 6,81,248 രൂപ സ്വകാര്യ വ്യക്തി സർക്കാരിലേക്ക് റോയൽറ്റി അടച്ചിരുന്നു. 17 മുതൽ 31 വരെ രണ്ടാഴ്ചത്തേക്ക് മണ്ണ് കടത്താനായി 1703 പാസുകളും അനുവദിച്ചു. 280 മീറ്റർ സ്ക്വയർ മാത്രം വലുപ്പമുള്ള വീടിന്റെ നിർമാണത്തിന്റെ പേരിൽ അര ഏക്കറിൽ ഖനനം നടത്താൻ മാഫിയകൾക്കു സർക്കാർ വഴിതുറന്നു നൽകിയതിനെ പറ്റി മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. റാംസർ സൈറ്റിൽ ഉൾപ്പെട്ട ശാസ്താംകോട്ട തടാകത്തിൽ നിന്നാണ് ജില്ലയിലെ ലക്ഷക്കണക്കിനു കുടുംബങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്നത്. 

 മണ്ണിളക്കിയുള്ള കൃഷിക്ക് പോലും നിയന്ത്രണമുള്ള പരിസ്ഥിതിലോല മേഖലയിൽ ഖനനം നടത്താൻ ഒത്താശ ചെയ്ത രാഷ്ട്രീയ– ഉദ്യോഗസ്ഥ സംഘത്തിനെതിരെ ശാസ്താംകോട്ട തടാക സംരക്ഷണ സമിതിയും വിവിധ സംഘടനകളും പ്രക്ഷോഭവുമായി രംഗത്തെത്തി. പടിഞ്ഞാറേകല്ലട പഞ്ചായത്ത് ഓഫിസിനു മുന്നിൽ യുഡിഎഫ് ജനപ്രതിനിധികൾ ധർണ നടത്തി. ഇതേ തുടർന്ന്, വീട് നിർമാണത്തിനു നൽകിയ പെർമിറ്റ് പഞ്ചായത്ത് റദ്ദാക്കി. റവന്യു ഉദ്യോഗസ്ഥസംഘം സ്ഥലത്ത് പരിശോധന നടത്തി കലക്ടർക്ക് റിപ്പോർട്ട് നൽകി. ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെ തുടർന്നാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അനുമതി റദ്ദാക്കിയത്. മാഫിയകളെ സഹായിക്കാനായി അനുമതി തരപ്പെടുത്തി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യം ശക്തമാണ്.

English Summary:

Sasthamkotta Lake protection: The government has revoked permission for the removal of 1703 loads of earth near the environmentally sensitive Sasthamkotta Lake. This action follows controversy over the initial permit granted for excavation on land near Puthussery Mukkal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com