ഐതിഹ്യ പെരുമയിൽ വെള്ളൂർ വാമനസ്വാമി ക്ഷേത്രം

Mail This Article
തലയോലപ്പറമ്പ് ∙ മഹാബലി കഥകളുടെ ചരിത്രം വിളിച്ചോതുന്ന വാമന അവതാരത്തിന്റെ ഐതിഹ്യ പെരുമയിൽ വെള്ളൂർ വാമനസ്വാമി ക്ഷേത്രം. ഇന്ത്യയിൽ തന്നെ വളരെ അപൂർവമാണ് വാമന ക്ഷേത്രങ്ങൾ. തിരുവോണ ഊട്ട്, ഭൂമി പൂജ എന്നിവയുടെ പേരിൽ ഇവിടം പ്രശസ്തമാണ്.
∙ നിർമിതി
ക്ഷേത്രം പെരുന്തച്ചൻ നിർമിച്ചതെന്നാണു വിശ്വാസം. ഗജ പൃഷ്ഠാകൃതിയിലാണ് നിർമിതി. സമ ചതുരത്തിലുള്ള മുൻഭാഗവും, വൃത്താകൃതിയിലെ പിൻഭാഗവും, നീളമുള്ള ദീർഘ ചതുരാകൃതിയിലെ വശങ്ങളുമാണ് പ്രത്യേകത. മൂവാറ്റുപുഴയാറിന്റെ തീരത്ത് സമുദ്രനിരപ്പിൽ നിന്ന് 100 അടിയോളം ഉയരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രണ്ട് തിടപ്പള്ളികൾ ക്ഷേത്രത്തിലുണ്ട്. പ്രഭാതത്തിലെ നിവേദ്യം തെക്കേ തിടപ്പള്ളിയിൽ നിന്നും, വൈകുന്നേരത്തെ നിവേദ്യം വടക്കേ തിടപ്പള്ളിയിൽ നിന്നുമാണ് സ്വീകരിക്കുക.
ശാസ്താവ്, മഹാവിഷ്ണു, ദുർഗ, ഗണപതി, ശിവൻ, നാഗ രാജാവ്, സർപ്പം, രക്ഷസ്, യക്ഷി എന്നിവരാണ് ഉപ ദേവതകൾ. ശാസ്താവിന്റെ നടയിൽ പ്രത്യേക കൊടിമരവുമുണ്ട്.
∙ തിരുവോണ ഊട്ട്
എല്ലാ മലയാള മാസത്തിലെ തിരുവോണത്തിനും ഇവിടെ തിരുവോണ ഊട്ട് നടത്താറുണ്ട്. ഊട്ടിനുള്ള സദ്യവട്ടങ്ങൾ ഭഗവാന്റെ തിടപ്പള്ളിയിൽ തയാറാക്കുന്നു. ആയിരക്കണക്കിന് ഭക്തർ തിരുവോണ ഊട്ടിൽ പങ്കെടുക്കും.
∙ കൂത്തമ്പലവും ചാക്യാർ കൂത്തും
ഉത്രാടനാളിൽ അവസാനിക്കുന്ന രീതിയിൽ നടത്തുന്ന ചാക്യാർ കൂത്ത് ഇവിടുത്തെ പ്രധാന വഴിപാടാണ്. പണ്ട് ഉത്രാടത്തിനു 28 ദിവസം മുൻപേ കൂത്ത് ആരംഭിച്ചിരുന്നു. ഇപ്പോൾ മൂലം, പൂരാടം, ഉത്രാടം എന്നീ 3 ദിനങ്ങളിലായി ചുരുങ്ങി. കൂത്തുമായി ബന്ധപ്പെട്ട് പുരാതനകാലം മുതൽക്കേയുള്ള മിഴാവ് ഇപ്പോഴും ക്ഷേത്രത്തിൽ സൂക്ഷിക്കുന്നു. ഈ മിഴാവ് എപ്പോഴും തുകൽ പൊതിഞ്ഞിരിക്കണം എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിനുള്ളിൽ തെക്കേ കൂത്തമ്പലത്തിലാണു കൂത്ത് നടത്തുന്നത്. മാർഗി നാരായണ ചാക്യാരാണു ഇവിടെ വർഷങ്ങളായി കൂത്ത് അവതരിപ്പിക്കുന്നത്.
∙ ആനയും വെടിക്കെട്ടും ഇല്ല
വടു രൂപത്തിലുള്ള വാമനമൂർത്തി ആയതിനാൽ ഇവിടെ ഉത്സവത്തിന് ആനയും വെടിക്കെട്ടും പതിവില്ല. ശീവേലി, വിളക്ക്, ആറാട്ട് എഴുന്നള്ളിപ്പുകൾക്ക് മേൽശാന്തി തിടമ്പ് ശിരസിലേറ്റും. ഗരുഡവാഹനം എഴുന്നള്ളിപ്പും നടത്താറുണ്ട്. പണ്ടുകാലത്ത് ക്ഷേത്രത്തിൽ ആന കയറി കല്ലായി മാറി എന്നും ഐതീഹ്യമുണ്ടെന്നു നാട്ടുകാർ പറയുന്നു. മകരമാസത്തിൽ ചോതി നാളിൽ കൊടിയേറി തിരുവോണത്തിനാണ് ആറാട്ട്.
ക്ഷേത്രത്തിലെത്താൻ
വെള്ളൂർ ബസ് സ്റ്റാൻഡിൽ നിന്നും 200 മീറ്റർ അകലെയാണ് ക്ഷേത്രം. തലയോലപ്പറമ്പ്, വൈക്കം എന്നിവിടങ്ങളിൽ നിന്ന് വെള്ളൂരിലേക്കു ബസ് ലഭിക്കും. ട്രെയിൻ മാർഗം ആണെങ്കിൽ പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ ഒരു കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.