കൈകാലുകൾ ബന്ധിച്ച് നീന്തി; അഭിമാനനേട്ടവുമായി അഭിനവ്

Mail This Article
വൈക്കം ∙ പത്തു വയസ്സുകാരൻ കയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തിക്കടന്നു.കോതമംഗലം താലൂക്കിൽ മാതിരപ്പിള്ളി പുതിയേടത്ത് വീട്ടിൽ ബിഎസ്എൻഎൽ ജീവനക്കാരനായ സുജിത്ത് കുമാറിന്റെയും എസ്ബിഐ ജീവനക്കാരി ദിവ്യയുടെയും മകൻ പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി അഭിനവ് സുജിത്ത് ഒരു മണിക്കൂർ 22 മിനിറ്റ് കൊണ്ടാണ് കയ്യും കാലും ബന്ധിച്ചു കായൽ നീന്തിക്കടന്നത്.
വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടുകയെന്ന ലക്ഷ്യത്തോടെയാണ് രാവിലെ 8.40ന് ആലപ്പുഴ ജില്ലയിലെ തവണക്കടവിൽനിന്നു വൈക്കം ബീച്ച് വരെ3.5കിലോമീറ്റർ നീന്തിയത്. ഇരുകൈകളും കാലുകളും ബന്ധിച്ച് നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളാണ് അഭിനവ്.കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിൽ ബിജു തങ്കപ്പനാണ് അഭിനവിനു പരിശീലനം നൽകിയത്.ചേർത്തല നഗരസഭാധ്യക്ഷ ഷേർലി ഭാർഗവൻ, ചേന്നം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.സുധീഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് നീന്തൽ ആരംഭിച്ചത്.
അഭിനവ് സുജിത്തിന്റെ സാഹസിക യാത്ര വിജയകരമായി പൂർത്തിയാക്കി കൈകാലുകളിലെ ബന്ധനം കോതമംഗലം നഗരസഭ ഉപാധ്യക്ഷ സിന്ധു ഗണേശനും കോതമംഗലം കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അനൂപ് ജോർജും ചേർന്ന് അഴിച്ചുമാറ്റി. വൈക്കത്ത് അനുമോദന സമ്മേളനത്തിൽ സിപിഐ വൈക്കം ടൗൺ ലോക്കൽ സെക്രട്ടറി സി.എൻ.പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. കായികാധ്യാപകൻ മനു, നീന്തൽ പരിശീലകൻ ബിജു തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.