അസംപ്ഷൻ മുറ്റത്ത് തലമുറകളുടെ സംഗമം

Mail This Article
ചങ്ങനാശേരി ∙ അസംപ്ഷൻ ഓട്ടോണമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അസോസിയേഷൻ ഓഫ് അസംപ്ഷൻ അലമ്നൈയുടെ നേതൃത്വത്തിൽ നടത്തിയ പൂർവ വിദ്യാർഥി സംഗമത്തിൽ, 1950 മുതൽ കോളജിൽ പഠിച്ച വിവിധ തലമുറകൾ ഒത്തുചേർന്നു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അസംപ്ഷൻ പൂർവവിദ്യാർഥിനികളെയും ആദ്യ 25 ബാച്ചിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥിനികളെയും ചടങ്ങിൽ ആദരിച്ചു. പൂർവവിദ്യാർഥിനികളുടെ കലാപരിപാടികളും ആഘോഷത്തിനു മാറ്റു കൂട്ടി. കോളജിൽ പഠനം പൂർത്തിയാക്കിയ ഒരു കുടുംബത്തിലെ 3 തലമുറകൾ ഒരുമിച്ചെത്തിയതും കൗതുകമായി.
സംരംഭകരായ പൂർവവിദ്യാർഥികളുടെ പ്രദർശനശാലകളും സംഗമത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. മിനിസ്ട്രി ഓഫ് ഫിനാൻസ് ഡിപ്പാർട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് ഡയറക്ടർ ഡോ. റോസ് മേരി കെ.ഏബ്രഹാം മുഖ്യാതിഥിയായി. അസോസിയേഷൻ ഓഫ് അസംപ്ഷൻ അലമ്നൈ വൈസ് പ്രസിഡന്റ് സോളി സാജൻ അധ്യക്ഷത വഹിച്ചു.
കോളജ് മാനേജർ മോൺ. ഫാ. ആന്റണി എത്തക്കാട്ട്, പ്രിൻസിപ്പൽ ഫാ.ഡോ. തോമസ് ജോസഫ് പാറത്തറ, വൈസ് പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ്, അസോസിയേഷൻ സെക്രട്ടറി സ്മിത മാത്യൂസ്, മുൻ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. മേഴ്സി നെടുംപുറം, മുൻ എംഎൽഎ ഇ.എസ്.ബിജിമോൾ എന്നിവർ പ്രസംഗിച്ചു.