കൊടിയേറ്റിനു 4 ദിനം കൂടി മാത്രം; ഏറ്റുമാനൂർ ഉത്സവ തിരക്കിലേക്ക്

Mail This Article
ഏറ്റുമാനൂർ∙ ചരിത്ര പ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര കൊടിയേറ്റിനു 4 ദിനം കൂടി ബാക്കി നിൽക്കെ ഏറ്റുമാനൂർ നഗരം ഉത്സവ തിരക്കിലേക്ക്. ഉത്സവത്തിനു മുന്നോടിയായ കടകമ്പോളങ്ങൾ അലങ്കരിക്കാനുള്ള തിരക്കിലാണ് വ്യാപാരികൾ. പല കടകളിലും അലങ്കാര ദീപങ്ങൾ തെളിഞ്ഞു കഴിഞ്ഞു. നഗരസഭയുടെ നേതൃത്വത്തിൽ റോഡും നഗരവും വൃത്തിയാക്കുന്ന തിരക്കാണ്.
ക്ഷേത്രത്തിലെ ഉത്സവ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണെങ്ങും. ക്ഷേത്രത്തിനു ചുറ്റിലും ക്ഷേത്രത്തിലേക്കുള്ളതുമായ റോഡുകളുടെ അറ്റകുറ്റ പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ക്ഷേത്രത്തിന്റെ പെയ്ന്റിങ് അവസാന ഘട്ടത്തിലെത്തി. കല്യാണ മണ്ഡപത്തിൽ തറയോടുകൾ പാകുന്ന ജോലികൾ, പന്തലിന്റെ പണികൾ, മറ്റ് അലങ്കാര ജോലികൾ തുടങ്ങിയവയും അന്തിമ ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്.
ക്ഷേത്ര മൈതാനത്തെ സ്റ്റാളുകളുടെ ലേലം നടപടികൾ നേരത്തെ പൂർത്തിയായിരുന്നു. വിവിധ സ്റ്റാളുകൾ മൈതാനത്ത് ഒരുങ്ങിയിട്ടുണ്ട്.27ന് രാവിലെ 10.45നാണ് കൊടിയേറ്റ്. എട്ടിനു ആറാട്ടോടെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം കൊടിയിറങ്ങും. കൂറ്റൻ കാഴ്ച പന്തൽ, ഡിജിറ്റൽ ലൈറ്റിങ്, 62 ആനകൾ, തുടങ്ങിയ ഒട്ടേറെ പ്രത്യേകതകളാണ് ഇക്കുറി ഏറ്റുമാനൂർ ഉത്സവത്തിനുള്ളത്.
∙ ചുമർച്ചിത്രം: ആദ്യ ഘട്ടം പൂർത്തിയായി.
മഹാദേവക്ഷേത്രത്തിലെ പ്രശസ്തമായ ചുമർച്ചിത്രങ്ങളുടെ സംരക്ഷണവും പുരോഗമിക്കുകയാണ്. ആദ്യ ഘട്ടമെന്ന നിലയിൽ പടിഞ്ഞാറേ ഗോപുരത്തിനുള്ളിലെ ‘അനന്തശയനം’ ചിത്രത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ പൂർത്തിയായി. മന്ത്രി വി.എൻ.വാസവന്റെ ഇടപെടലിനെ തുടർന്നാണു നാശത്തിന്റെ വക്കിലെത്തിയ ചുമർച്ചിത്രങ്ങൾക്ക് പുനർജീവൻ ലഭിച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡും ആറന്മുള വാസ്തുവിദ്യാ ഗുരുകുലവും ചേർന്നാണ് സംരക്ഷണം നടത്തുന്നത്. ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിലെ ചുമർച്ചിത്രകലാ വിഭാഗത്തിന്റെ നേതൃത്വത്തിൽ, മ്യൂറൽ ആർട്ടിസ്റ്റുമാരായ കടമ്മനിട്ട ശ്രീക്കുട്ടൻ, അഭിലാഷ് കുമാർ, ജി.ജയകൃഷ്ണൻ എന്നിവരാണ് ചിത്രങ്ങൾക്ക് പുതു ജീവനേകുന്നത്. ഒന്നാംഘട്ടത്തിന്റെ പൂർത്തീകരണ ഉദ്ഘാടനം ഉത്സവത്തോടനുബന്ധിച്ച് നടക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ അരവിന്ദ് എസ്.ജി.നായർ അറിയിച്ചു.
∙ ഉയരുന്നു കൂറ്റൻ കാഴ്ച പന്തൽ
110 അടി നീളം കല്യാണ മണ്ഡപത്തിന്റെ ഉയരം 4 നിലകളിൽ 8 തട്ടുകളായി കൂറ്റൻ പന്തൽ! ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര മൈതാനത്ത് നിർമിക്കുന്ന കാഴ്ച പന്തലിന്റെ നിർമാണം പുരോഗമിക്കുന്നു. ഉത്രാളിക്കാവ് പൂരം, നെന്മാറ– വെല്ലങ്ങി വേല എന്നിവിടങ്ങളിൽ മാത്രം ചെയ്തു വരുന്ന കാഴ്ച പന്തലാണ് ഏറ്റുമാനൂരിലും ഉയരുന്നത്.
ക്ഷേത്ര മൈതാനത്തെ കല്യാണ മണ്ഡപത്തിലാണ് കാഴ്ച പന്തൽ നിർമിക്കുന്നത്. ക്ഷേത്ര മാതൃകയിൽ തന്നെയാണ് പന്തൽ നിർമാണം. വർണ വിസ്മയം വിരിയിക്കുന്ന അലങ്കാര ബൾബുകളും ചിത്രപ്പണികളുമാണ് കാഴ്ച പന്തലിന്റെ പ്രധാന ആകർഷണം. ഉത്രാളക്കാവിലും മറ്റും പന്തലൊരുക്കുന്ന ആരാധന പന്തൽ ആൻഡ് ഡക്കറേഷൻ ആണ് ഏറ്റുമാനൂരിലും പന്തൽ നിർമിക്കുന്നത്.