മരങ്ങളും മുളകളും: മീനച്ചിലാറിന്റെ കരയിൽ തണലും തണുപ്പുമായി ‘തണലോരം’

Mail This Article
മീനച്ചിലാറിന്റെ കരയിൽ തണലേറ്റിരിക്കാൻ ഒരിടം.... തണലോരം. മരങ്ങളും മുളകളും ചേർന്നു കാഴ്ചയുടെ കുളിർമ പകരുന്ന വിശാലമായ പ്രദേശം. അയർക്കുന്നം പഞ്ചായത്തിൽ നീറിക്കാടിനു സമീപമാണ് തണലോരം വിശ്രമ കേന്ദ്രം. മീനച്ചിലാർ–മീനന്തറയാർ– കൊടൂരാർ നദീസംയോജന പദ്ധതിയുടെ ഭാഗമായാണ് തണലോരം സ്ഥാപിച്ചത്. ഇവിടെ ടൂറിസം ഡവലപ്മെന്റ് സൊസൈറ്റിയും പ്രവർത്തിക്കുന്നു.
തണലുള്ള കാഴ്ചകൾ
മീനച്ചിലാറിന്റെ കരയിൽ വിശാലമായ മുളങ്കൂട്ടമാണു തണലോരത്തിന്റെ പ്രധാന കാഴ്ച. മരങ്ങൾ കൂടി നിറഞ്ഞ പ്രദേശത്ത് ഏതു നട്ടുച്ചയ്ക്കും നല്ല തണലും തണുപ്പുമുണ്ട്. സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് ഊഞ്ഞാലുകൾ കെട്ടിയിട്ടുണ്ട്. ഇരിക്കാൻ മുളബെഞ്ചുകളും സജ്ജം. മീനച്ചിലാറ്റിലേക്ക് ഇറങ്ങാൻ രണ്ട് കടവുകളുമുണ്ട്.
ഇതു വഴി
1. കോട്ടയത്ത് നിന്ന് മണർകാട്– ഏറ്റുമാനൂർ ബൈപാസ് വഴി പൂവത്തുംമൂട് പാലത്തിനു സമീപം എത്തുക. പാലത്തിനു സമീപം ഷാപ്പ് കവലയിൽ നിന്ന് തിരിഞ്ഞ് കാക്കത്തോട് – മുതലവാലേൽ റോഡിലേക്ക് കയറുക. ഈ വഴി കുറച്ച് മുന്നോട്ട് പോയാൽ തണലോരത്ത് എത്താം. 9 കിലോമീറ്റർ (കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന്)
2. ഏറ്റുമാനൂരിൽ നിന്നോ അയർക്കുന്നത്ത് നിന്നോ ഏറ്റുമാനൂർ–അയർക്കുന്നം റോഡ് വഴി വന്നാൽ ഗൂർഖണ്ഡസാരി കവലയിൽ എത്തി നീറിക്കാട് റൂട്ടിലേക്കു തിരിഞ്ഞ് മുതലവാലേൽ കവലയിൽ നിന്നും കാക്കത്തോട് – പൂവത്തുംമൂട് ഭാഗത്തേക്ക് പോകണം. അയർക്കുന്നത്ത് നിന്ന് 5 കിലോമീറ്റർ, ഏറ്റുമാനൂരിൽ നിന്ന് 6.4 കിലോമീറ്റർ.
∙ ഗൂഗിൾ മാപ്പിൽ തണലോരം എന്നു തിരഞ്ഞാൽ ലൊക്കേഷൻ ലഭിക്കും.
ശ്രദ്ധിക്കാൻ
∙ മാലിന്യങ്ങളും പ്ലാസ്റ്റിക്കും തള്ളാതെ പ്രദേശം വൃത്തിയായി സൂക്ഷിക്കുക.
∙ തണലോരത്തിന്റെ പ്രധാന കവാടത്തിന് സമീപത്തുള്ള മീനച്ചിലാർ കടവിന്റെ ഭാഗത്ത് നല്ല ആഴമുണ്ട്. ഇതിനു ശേഷമുള്ള കടവിൽ ചെളിയുമുണ്ട്. ആറ്റിൽ ഇറങ്ങാതിരിക്കുന്നത് അഭികാമ്യം.
∙ ആറ്റു തീരമായതിനാൽ മഴ, ഇടിമിന്നൽ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം.
∙ ചൂടു കൂടിയതിനാൽ തീ പടരുന്ന സാഹചര്യമുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.
∙ മുളങ്കാടുകളും ഊഞ്ഞാലുകളും നശിപ്പിക്കാതെ സൂക്ഷിക്കുക.
∙ സൊസൈറ്റി പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ നിർദേശങ്ങൾ പാലിക്കുക.
∙ മഴക്കാലത്ത് മീനച്ചിലാർ കര കവിയുന്ന സമയത്ത് പ്രദേശത്ത് വെള്ളം കയറും.