ആകാശപ്പാത: മുഖ്യമന്ത്രിക്ക് കത്തു നൽകിയെന്ന് തിരുവഞ്ചൂർ; യോഗം വിളിക്കുമെന്ന് മന്ത്രി ഗണേഷ്

Mail This Article
കോട്ടം∙ നഗരത്തിലെ ആകാശപ്പാതയുടെ നിർമാണം സംബന്ധിച്ചു യോഗം വിളിക്കാമെന്നു ഗതാഗതമന്ത്രി നിയമസഭയിൽ മറുപടി നൽകി. നിയമസഭയിൽ ഡിമാൻഡ് ഡിസ്കഷൻ വേളയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉന്നയിച്ച ആവശ്യത്തിനോടുള്ള പ്രതികരണമായാണു മന്ത്രി കെ.ബി.ഗണേഷ് കുമാർ ഇക്കാര്യം അറിയിച്ചത്. ആകാശപ്പാത പദ്ധതി 2022നു മുൻപ് പൂർത്തീകരിക്കണമെന്നു ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വിവിധ സമയങ്ങളിൽ വീണ്ടും സമയം നീട്ടിച്ചോദിച്ചപ്പോൾ 2023 മാർച്ച് 6 മുതലുള്ള അഞ്ചു മാസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കണമെന്നു ഹൈക്കോടതി വീണ്ടും നിർദേശിച്ചു. 2023 ഓഗസ്റ്റിൽ ഈ കാലാവധി അവസാനിച്ചു. ഇതും സർക്കാർ പാലിച്ചില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ആകാശപ്പാത പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകിയെന്നും തിരുവഞ്ചൂർ പറഞ്ഞു. മുഖ്യമന്ത്രിയെ നേരിൽക്കാണാനും അനുവാദം ചോദിച്ചിട്ടുണ്ട്.
2015 നവംബറിൽ നാറ്റ്പാക്കിന്റെ ട്രാഫിക് വികസന പ്ലാനിന്റെ അടിസ്ഥാനത്തിലാണു കോട്ടയം നഗരത്തിൽ ആകാശപ്പാത പദ്ധതിക്കു രൂപം നൽകിയത്. റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് കിറ്റ്കോയെയാണു പദ്ധതി നടത്തിപ്പിന് ഏൽപിച്ചത്. 5.18 കോടി രൂപയായിരുന്നു പദ്ധതി ചെലവ്. 2.16 കോടി രൂപയാണ് ഇതു വരെ ചെലവായത്. പദ്ധതി തുകയായ 5.18 കോടിക്കു പുറമേ 1.65 കോടി രൂപ കൂടി വേണ്ടി വരുമെന്നു കലക്ടർ 2022ൽ ആവശ്യപ്പെട്ടു. ഈ തുക എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിക്കാമെന്ന് മറുപടിയും നൽകി. എന്നിട്ടും പണി നടക്കുന്നില്ല. കോട്ടയം പട്ടണത്തിന്റെ ഹൃദയഭാഗത്ത് നിർമാണപ്രവർത്തനം മുടങ്ങിക്കിടക്കുന്നതിൽ വേദനയുണ്ടെന്നും ഇതിൽ ഇടപെടണമന്നും മുഖ്യമന്ത്രിക്കുള്ള കത്തിൽ ആവശ്യപ്പെട്ടു.